SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

'സിനിമയൊരു ട്രാപ്പാണ്, അന്ന് സംഭവിച്ചത് ഇന്നും കണ്ണീരായി അവശേഷിക്കുന്നു'; വെളിപ്പെടുത്തലുമായി മമ്മൂട്ടിയുടെ നായിക

Increase Font Size Decrease Font Size Print Page
actress

സിനിമയിൽ നിന്നും ഉണ്ടായ മോശം അനുഭവം ഇപ്പോഴും ജീവിതത്തിൽ കണ്ണീരായി അവശേഷിക്കുന്ന ഭാഗമാണെന്ന് നടി രമ്യ. 2000ൽ തീയേറ്ററുകളിലെത്തിയ 'ദാദാസാഹിബ്' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു രമ്യ. ദാദാസാഹിബിലെ തന്റെ കഥാപാത്രത്തിന്റെ പേര് ആതിരയെന്നായിരുന്നുവെന്നും ഇപ്പോഴും അങ്ങനെയാണ് അറിയപ്പെടുന്നതെന്നും താരം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രമ്യ സിനിമയിൽ നിന്നും പിൻവാങ്ങേണ്ട സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

മൂന്ന് വർഷം മാത്രമാണ് സിനിമയിലുണ്ടായിരുന്നതെന്നും വിവാഹത്തിന് മുൻപ് തന്നെ സിനിമ ഉപേക്ഷിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. 'ദാദാസാഹിബിൽ നായികയായി അപ്രതീക്ഷിതമായാണ് എത്തുന്നത്. സിനിമ എന്താണെന്നറിയാതെ സിനിമയിലേക്ക് വന്ന വ്യക്തിയാണ് ഞാൻ. സെറ്റിൽ എല്ലാവരും നന്നായാണ് പെരുമാറിയിരുന്നത്. ചിലർ തമാശയ്ക്ക് കളിയാക്കാറുണ്ടായിരുന്നു. മമ്മൂക്കയും മണിച്ചേട്ടനും കളിയാക്കാരുണ്ടായിരുന്നു. ഇടയ്ക്ക് കരിമീൻ വേണോയെന്ന് ചോദിച്ച് മമ്മൂക്ക കളിയാക്കിയിരുന്നു. കുറച്ച് സിനിമകളിൽ മാത്രമാണ് ഞാൻ അഭിനയിച്ചത്.

വിവാഹ ശേഷം സിനിമയിലേക്ക് തിരച്ചുവരാൻ തോന്നിയില്ല. കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ജീവിതത്തിൽ എനിക്ക് അത്ര ധൈര്യം തോന്നിയില്ല. കുറച്ച് ദുരവസ്ഥകൾ ഉണ്ടായിട്ടുണ്ട്. അത് ജീവിതത്തെ മുഴുവൻ താളം തെ​റ്റിച്ചിരുന്നു. ആ അവസ്ഥയിൽ നിന്ന് എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണമെന്നുണ്ടായിരുന്നു. പെട്ടെന്ന് അഭിനയം നിർത്തുകയായിരുന്നു. ആ സമയത്ത് സിനിമയിലുളളവരോട് നിർത്തുവാണെന്ന് മാത്രമേ പറഞ്ഞുളളൂ. ഫോൺ നമ്പർ വരെ ഉപേക്ഷിച്ചിരുന്നു.

സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും എന്റെ ജീവിതത്തിൽ കണ്ണീരായി കിടക്കുന്ന ഭാഗമാണത്. സിനിമയിലേക്ക് പോകണ്ടായിരുന്നുവെന്നുപോലും തോന്നിയിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ പഠനം തുടരുമായിരുന്നു. അതിൽ നിന്ന് പുറത്തുവരാൻ കുറച്ച് വർഷങ്ങളെടുത്തു.

സിനിമയിൽ കാണുന്ന രീതിയില്ല മിക്കപ്പോഴും. സിനിമയിലുളള ഒട്ടുമിക്കവരും നല്ലവരാണ്. എന്നാൽ മോശമായി നമ്മളോട് സംസാരിക്കുന്നവരും ഉണ്ട്. സിനിമയൊരു ട്രാപ്പാണ്. ഒരു സമയത്ത് ആത്മഹത്യ ചെയ്യാൻ വരെ തോന്നിയിട്ടുണ്ട്. അഭിനയം നിർത്തിയെന്ന് പറഞ്ഞിട്ട് പോലും സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതൊക്കെ മാറാൻ ഒരുപാട് സമയമെടുത്ത ഒരു അവസ്ഥയുണ്ടായിരുന്നു'- രമ്യ പറഞ്ഞു.

ഭർത്താവുദ്യോഗം, കരുമാടി കുട്ടൻ, കാക്കി നക്ഷത്രം, അണുകുടുംബം ഡോട്ട് കോം എന്നിവയാണ് താരം അഭിനയിച്ച മറ്റുചിത്രങ്ങൾ.

TAGS: ACTRESS, INTERVIEW, MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY