പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ വനിതാ സിംഗിൾസിലെ ആദ്യ റൗണ്ടിൽ വിജയം നേടി ലോക നാലാം റാങ്കുകാരി കസാഖിസ്ഥാന്റെ എലേന റൈബാക്കിന. ബെൽജിയത്തിന്റെ ഗ്രീറ്റ് മിന്നനെ 6-2,6-3 എന്ന സ്കോറിനാണ് റൈബാക്കിന തോൽപ്പിച്ചത്. ഒരു മണിക്കൂർ 13 മിനിട്ടാണ് മത്സരം നീണ്ടത്. ഇന്നലെ നടന്ന മറ്റൊരു ഒന്നാം റൗണ്ട് പോരാട്ടത്തിൽ ലോക എട്ടാം റാങ്കുകാരിയായ ചൈനയുടെ ക്വിൻ വെൻ ഷിംഗ് 6-2,6-1ന് ഫ്രഞ്ച് വെറ്ററൻ താരം ആലിസ് കോർനെറ്റിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.
കഴിഞ്ഞ ദിവസം നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ നിലവിലെ വനിതാ ചാമ്പ്യൻ ഇഗ ഷ്വാംടെക്ക് കിരീടം നിലനിറുത്താനുള്ള യാത്രയ്ക്ക് വിജയത്തോടെ തുടക്കമിട്ടു.ഒന്നാം റാങ്കുകാരിയായ ഇഗ ക്വാളിഫയറായ ഫ്രാൻസിന്റെ ലിയോലിയ ജീൻജീനെ 6-1,6-2നാണ് തോൽപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ക്വാർട്ടർ ഫൈനലിസ്റ്റായ ടുണീഷ്യൻ താരം ഒൻസ് ജബേയുർ ആദ്യ റൗണ്ടിൽ അമേരിക്കയുടെ സാഷ്യ വിക്കേറിയെ 6-3,6-2ന് കീഴടക്കി.
പുരുഷ വിഭാഗത്തിൽ ലോക രണ്ടാം റാങ്കുകാരൻ ഇറ്റലിയുടെ യാന്നിക്ക് സിന്നർ,ഒൻപതാം റാങ്കുകാരൻ ഗ്രീസിന്റെ സിസ്റ്റിപ്പാസ്,ഫ്രാൻസിന്റെ ഗെയ്ൽ മോൺഫിൽസ് എന്നിവർ ആദ്യ റൗണ്ടിൽ വിജയം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |