SignIn
Kerala Kaumudi Online
Monday, 17 June 2024 6.24 AM IST

കൂട്ടത്തല്ല് അല്ല ഉദാത്തമായ സ്നേഹ പ്രകടനം

ksu

അഹിംസയിൽ ഊന്നിയ സത്യഗ്രഹം എന്ന വ്യത്യസ്തവും രക്തരഹിതവുമായ സമരമാർഗം ലോകത്തിന് കാട്ടിക്കൊടുത്ത ലോകാരാദ്ധ്യനായ വ്യക്തിയാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. സ്വയം നൂൽനൂർത്തുണ്ടാക്കുന്ന വസ്ത്രം ധരിക്കാനും വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാനും പ്രേരിപ്പിച്ച്, രാജ്യത്തിന് സ്വപ്നം മാത്രമായിരുന്ന സ്വാതന്ത്ര്യം ലഭ്യമാക്കാൻ അഹോരാത്രം പ്രയത്നിച്ച മഹാൻ. ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് ഹർത്താൽ എന്ന മറ്റൊരു സമരസിദ്ധാന്തം രൂപീകരിച്ച് അവിടുത്തെ ജനതയുടെ ആദരവ് പിടിച്ചുപറ്റിയ മാതൃകാപുരുഷൻ. ബഹുമതികൾ എത്ര ചാർത്തിയാലും അധികമാവില്ല മഹാത്മാവിന്. അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തവും ക്ഷമയും നിരാഹാരസമര പാതയുമെല്ലാം അതേപടി പകർത്തി, അദ്ദഹത്തിന്റെ നേരവകാശി പട്ടത്തിൽ സ്വയം അവരോധിതരായവരാണ് കോൺഗ്രസുകാർ.

കളരിയഭ്യാസിയും പല അങ്കത്തട്ടുകളിലും അഴിഞ്ഞാടിയിട്ടുള്ള അടവ്ചുവട് വിദഗ്ദ്ധനുമായ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനായാലും ചെന്നിത്തല ഗാന്ധിയായാലും പണ്ഡിറ്റ്ജിയുടെ വാഴ്ത്തിപ്പാട്ടുകാരനായ എം.എം.ഹസനായാലും എപ്പോഴൊക്കെ സംസാരിക്കുന്നോ അപ്പോഴൊക്കെ പത്ത് വാചകങ്ങൾ പറഞ്ഞാൽ ഒരു തവണ മഹാത്മജിയെ അനുസ്മരിക്കും. ഗാന്ധിയൻ മാതൃക സമർത്ഥമായി പിന്തുടരുന്നവരുടെ പട്ടിക എടുത്താൽ എ.കെ.ആന്റണിയിൽ തുടങ്ങി മുല്ലപ്പള്ളി ഗാന്ധി, സുധീരൻ ഗാന്ധി, കെ.മുരളീധരൻ ഗാന്ധി, തരൂർ ഗാന്ധി, തിരുവഞ്ചൂർഗാന്ധി എന്നിവരിലൂടെ മലയാള ഭാഷാപണ്ഡിതനായ രാജ്മോഹൻ ഉണ്ണിത്താൻ ഗാന്ധിവരെ നീളും. ഇത്രയും മഹത്തുക്കളായ നേതാക്കളുള്ളപ്പോൾ കെ.എസ്.യു എന്ന പ്രസ്ഥാനത്തിന് മാതൃകയാക്കാൻ മറ്റാരെയെങ്കിലും അന്വേഷിക്കണോ. ഇക്കാര്യം മനസിലാവാത്തത് കെ.എസ്.യു നേതാക്കൾക്ക് മാത്രമാണ്. പക്ഷെ അവരെ കുറ്റം പറയാനാവില്ല, അവർ അപ്ഡേറ്റഡായി. ആഗോളാടിസ്ഥാനത്തിൽ വലിയ മാറ്റങ്ങളുണ്ടായി. അത് എല്ലാറ്രിലും പ്രതിഫലിക്കുമെന്ന സത്യം വിസ്മരിക്കാനാവില്ല. നെയ്യാർ ഡാമിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച തെക്കൻ മേഖലാ പഠനശിബിരത്തിന്റെ വിശേഷങ്ങളാണ് പറഞ്ഞുവരുന്നത്. അവിടെ നടന്ന ചില്ലറ കലാപരിപാടികളെക്കുറിച്ചും.

പരിപ്പുവടയും കട്ടൻചായയും കഴിച്ച് ,കുഴിഞ്ഞകണ്ണുകൾ തള്ളിച്ച് ,ഒട്ടിയവയറിൽ കൈത്താളമിട്ടിരുന്നു കമ്മിറ്റി കൂടിയിരുന്ന കമ്യൂണിസ്റ്രു പാർട്ടിയാണോ ഇപ്പോഴുള്ളത്. കരമീൻ പപ്പാസില്ലെങ്കിൽ പലർക്കും ചോറിറിങ്ങില്ല. ദുബായ് വരെയെങ്കിലും ഒന്നു പോയില്ലെങ്കിൽ ലോകാവസ്ഥയെക്കുറിച്ച് അവർക്ക് പ്രാക്ടിക്കൽ നോളജ് ഇല്ലാതാവും. നാടൻപാട്ടും തനതുകലാരൂപങ്ങളുമെല്ലാം സി.പി.എം പലപ്പോഴായി ഏറ്റെടുത്തു തുടങ്ങിയതു പോലും ഈ മാറ്റത്തിന്റെ തെളിവാണ്. കേരളമുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് , അഞ്ഞൂറോളം വനിതകൾ വട്ടമിട്ടു നിന്നു നടത്തിയ പാർട്ടി തിരുവാതിരയാണ് ഈ മാറ്റത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തൽ. സി.പി.എമ്മിനും എസ്.എഫ്.ഐക്കും ഒപ്പമെത്താനുള്ള കെൽപ്പ് തൽക്കാലമില്ലെങ്കിലും കെ.എസ്.യുവിനും വേണ്ടെ കാലാനുസൃതമായ ഒരു മാറ്റവും പത്രാസുമൊക്കെ.

പഠനശിബിരിത്തിലെ

കലാ(പ) പരിപാടികൾ

പഠനശിബിരിത്തിന്റെ രണ്ടാം നാൾ രാത്രിയിലാണ് കലാ(പ)പരിപാടികൾ നിശ്ചയിച്ചിരുന്നത്. പരിപാടികൾ തുടങ്ങും മുമ്പ് ചില്ലറ പാനീയശുശ്രൂഷയുമുണ്ടായിരുന്നു. സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള നേതാക്കൾ ഈ ശുശ്രൂഷയിൽ ആത്മാർത്ഥമായി പങ്കെടുത്തു. അതിന് ശേഷം നാടൻ പാട്ട് . ഡി.ജെ പാർട്ടിയെന്നൊക്കെ പ്രചരിപ്പിച്ചത് ചില കുബുദ്ധികളാണ്. ഏതായാലും പാട്ടിന്റെ താളം കൊഴുത്തതോടെ എല്ലാവരും നല്ല വേഗത്തിലായി. പ്രവർത്തകർ പരസ്പരം ആശ്ളേഷിച്ചു.തോളിൽ തട്ടിയും ചുമലിൽ ചുംബിച്ചും സന്തോഷം പങ്കിട്ടു. ശുശ്രൂഷയുടെ വീര്യം സിരകളിൽ ഗ്രൂപ്പ് ശക്തിയായി തുടിച്ചതോടെ തോളിൽ തട്ട് നാഭിക്ക് തൊഴിയായി രൂപമാറ്റമുണ്ടായി. ഉച്ചിയിലെ ചുംബനം താഡനമായി മാറി. ഗോപസ്ത്രീകളുടെ തുകിലും വാരിക്കൊണ്ട് അരയാലിൻകൊമ്പിൽ കയറിയ കൃഷ്ണനെപ്പോലെ ചിലർ സഹപ്രവർത്തകരുടെ ഉടുമുണ്ടുമുരിഞ്ഞ് അടുത്ത മുറിയിൽ (മരത്തിൽ കയറാൻ പറ്റാത്ത അവസ്ഥയിലായതിനാൽ) ഒളിച്ചു. കൈയ്യിൽ കിട്ടിയ കമ്പിയും കല്ലും വടിയും വല്ലഭന്റെ കൈയ്യിലെ പുല്ലുപോലെ കണക്കാക്കി ഗ്രൂപ്പ് തിരിഞ്ഞ് പ്രയോഗിച്ചു. ഈ സ്നേഹപാരവശ്യത്തിനിടെ കെ.എസ്.യു പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത്, നെടുമങ്ങാട് മണ്ഡലം ഭാരവാഹി അഭിജിത്ത് എന്നിവർക്ക് ചെറിയ തോതിൽ ക്ഷതമേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയെന്നും ഇല്ലെന്നും രണ്ടു പക്ഷമുണ്ട്.ആരും പരാതി കൊടുക്കാഞ്ഞതിനാൽ നെയ്യാർഡാം പൊലീസ് കെസെടുക്കാൻ മിനക്കെട്ടുമില്ല.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാല ചില്ലുകൾ പ്രവർത്തകർ അടിച്ചു തകർത്തു, സ്വാഭാവികം.ബഹളത്തെ തുടർന്ന് കെ.പി.സി.സി നേതൃത്വം ഇടപെട്ട് ക്യാമ്പ് നിർത്തി വച്ചു, സ്വാഭാവികം. ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ പിറ്റേന്നു രാവിലെ പുനരാരംഭിച്ചു, സ്വാഭാവികം.സംഘടനാ കാര്യങ്ങൾ കൈമാറാനുള്ള വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അവകാശത്തെ ചൊല്ലി നിലനിന്ന തർക്കമാണ് കലാപരിപാടികൾക്കിടയിൽ കരടായി കടന്നുവന്നത്.

കായിക പരിശീലനവും

വായുകോപവും

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകളം മധു, എം.എം.നസീർ, രാജീവ് ഗാന്ധി പഠനകേന്ദ്രത്തിന്റെ ചുമതലയുള്ള ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി എന്നീ ഭയങ്കരന്മാരെ കെ.പി.സി.സി അദ്ധ്യക്ഷൻ നിയോഗിച്ചു. ഡമ്മിപരിശോധന അടക്കം ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ തെളിവെടുപ്പു നടത്തിയ സമിതി റിപ്പോർട്ടും കൊടുത്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വിശദീകരണവുമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. അടുത്തടുത്തിരുന്ന് ലോഹ്യം പറയുകയും വ്യക്തിവിശേഷങ്ങൾ കൈമാറുകയും ചെയ്തതല്ലാതെ ഒരുവിധ ഏറ്റുമുട്ടലും നടന്നില്ലെന്ന് അദ്ദേഹം ആണയിട്ടു പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാല ചില്ലുകൾ തകർന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴും , അത് ക്യാമ്പിൽ നൽകാറുള്ള കായിക പരിശീലനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദമാക്കി. രണ്ടു പേർ ആശുപത്രിയിലായതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന മറുപടി വന്നത്., ക്യാമ്പിൽ ആഹാരത്തിനൊപ്പം വിളമ്പിയ കപ്പ ചിലർക്ക് പിടിച്ചില്ല, വായുകോപമുണ്ടായി, അങ്ങനെ ആശുപത്രിയിൽ പോയതെന്നായിരുന്നു മറുപടി.

ഏതായാലും ഭയങ്കര നേതാക്കൾ നൽകിയ അന്വേഷണ റിപ്പോർട്ട് , മോഹൻലാൽ കാവാലത്തിന്റെ കർണ്ണഭാരം സംസ്കൃത നാടകം കാണാതെ പഠിച്ച അതേ ഗൗരവത്തിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി നടപടികളെല്ലാം കോൺഗ്രസിലെയും കെ.എസ്.യുവിലെയും പതിവ് ചിട്ടവട്ടങ്ങൾ പ്രകാരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്തത്. തുടർന്നുള്ള ജില്ലകളിലും ഇത്തരത്തിൽ വിഭവസമൃദ്ധമായ തരത്തിൽ ശിബിരങ്ങൾ സംഘടിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ഇതുകൂടി കേൾക്കണേ

കെ.എസ്.യു പഠനശിബിരം സംഘടിപ്പിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ശ്രദ്ധയ്ക്ക്, ശിബിരം നടക്കുമ്പോൾ വീട്ടിലും പരിസരത്തുമുള്ള ജനൽചില്ലുകൾ കട്ടിതുണി ഉപയോഗിച്ച് പൊതിയേണ്ടതാണ്. വീട്ടുപരിസരത്തുള്ള മമ്മട്ടി, തൂമ്പാ, വെട്ടുകത്തി, പശുവിനെ കെട്ടുന്ന പത്തൽ, അരകല്ലിന്റെ കുഴവി തുടങ്ങിയ സാമഗ്രികൾ കണ്ണെത്താത്ത ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റി സൂക്ഷിക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.