SignIn
Kerala Kaumudi Online
Thursday, 18 July 2024 6.17 AM IST

ബയോ ഹാക്കിംഗിന് അതിമാനുഷനെ സൃഷ്ടിക്കാനാകുമോ? വരവായി,​ 'മുതിർന്ന പയ്യന്മാർ!"

d

പ്രായമേറിവരുമ്പോഴും ജീവിതം യൗവനയുക്തമായി നിലനിറുത്താനുള്ള ത്വര മനുഷ്യർക്കിടയിൽ വർദ്ധിച്ചുവരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന് അനുസരണമായി, 'വയസാവുക" എന്ന സ്വാഭാവിക പരിണാമത്തിന് തടയിടാനുതകുന്ന കണ്ടുപിടുത്തങ്ങൾക്കും അവയുടെ പ്രയോഗങ്ങൾക്കും ആക്കവും ആവശ്യവും കൂടി വരുന്ന സമയമാണിത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായുള്ള ഉദ്യമങ്ങളിലെ പുതിയ അവതാരമാണ് ബയോ ഹാക്കിഗ് എന്ന ജാലവിദ്യ! ആയുസും ആരോഗ്യവും കൂട്ടുമെന്ന് വാഗ്ദാനം ചെയ്യുന്ന ഈ സങ്കേതം കുറച്ചുമുമ്പുവരെ വികസിത രാജ്യങ്ങളിലും അതിസമ്പന്നർക്കിടയിലും ഒതുങ്ങിനിന്നിരുന്നു. എന്നാലിപ്പോൾ അത് ഇന്ത്യ അടക്കമുള്ള പ്രദേശങ്ങളിലേക്കും മദ്ധ്യവർഗങ്ങൾക്കിടയിലും പടരാൻ തുടങ്ങിയിരിക്കുന്നു.

ബയോ ഹാക്കിംഗിന് കൈവരുന്ന വലിയ പ്രചാരത്തിനുള്ള ഒരു പ്രധാന കാരണം,​ പല രാജ്യങ്ങളിലെയും ജനസംഖ്യയിൽ വയസായവരുടെ അനുപാതം ഉയർന്നു വരുന്നതാണ്. പ്രായമേറുമ്പോൾ 'മുതിർന്ന പൗരന്മാർ" എന്നതിനുപരി 'മുതിർന്ന പയ്യന്മാരാ"യി ജീവിക്കാനുള്ള അഭിലാഷം ബയോ ഹാക്കിംഗ് പോലുള്ള തട്ടകത്തിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതായി കരുതാം. അതുപോലെതന്നെ,​ മാർക്ക് സക്കർബർഗ് (ഫെയ്സ്ബുക്ക്), ജെഫ് ബെസോസ് (ആമസോൺ), സാം ആൾട്ട്മാൻ (ഓപ്പൺ എ ഐ), പീറ്റർ നീൽ (പേ പാൽ) തുടങ്ങിയ പതിനഞ്ചോളം ടെക് ഭീമന്മാർ ഈ സംവിധാനത്തിന്റെ കടുത്ത ഉപാസകരും ഈ മേഖലയിൽ വൻ നിക്ഷേപത്തിന്റെ ഗവേഷണ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിവരുന്നവരുമാണ്.

ഹാക്കിംഗ് എന്ന

അവതാരം

2011-ൽ, ഈ സങ്കേതം ആദ്യമായി അവതരിപ്പിച്ചത് സംരംഭകനും എഴുത്തുകാരനുമായ ഡേവ് ആസ്‌പ്രേയാണ്. കമ്പ്യൂട്ടർ സയൻസ് വിദഗ്ദ്ധൻ കൂടിയായ അദ്ദേഹത്തിന്റെ സിലിക്കൺവാലി ജീവിതത്തിൽ ഗുരുതരമായ അമിതഭാരം, ഓർമ്മയെ മായ്ച്ചു കളയുന്ന മസ്തിഷ്‌ക മൂടുപടം, വിട്ടുമാറാത്ത ക്ഷീണം തുടങ്ങിയ വ്യാകുലതകൾ അലട്ടിയിരുന്നു. ഈ പശ്ചാത്തലത്തിൽ നിന്നാണ് ആസ്‌പ്രേ തന്റെ ബയോ ഹാക്കിംഗ് യാത്ര ആരംഭിക്കുന്നത്. കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലെ 'ഹാക്കിംഗ്" എന്ന കടന്നുകയറ്റ പ്രക്രിയയുടെ മാതൃകയിൽ, സ്വന്തം ശരീരത്തിന്റെ ബയോളജിയിൽ ചൂഴ്ന്നു കയറിക്കൊണ്ട് അതിൽ അഭിലഷണീയമായ പരിവർത്തനങ്ങൾ വരുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യവും പ്രവർത്തനവും.

പിന്നീടങ്ങോട്ട് മറ്റു വിദഗ്ദ്ധരുടെയും സംരംഭകരുടെയും ഗവേഷകരുടെയും ശ്രമഫലമായി ബയോ ഹാക്കിംഗിൽ കൂടുതൽ ഘടകങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇന്നിപ്പോൾ വിവിധ വിജ്ഞാന ശാഖകളിൽ നിന്ന് (ജീവശാസ്ത്രം, ജനറ്റിക്സ്, ന്യൂറോ സയൻസ്, പോഷകാഹാര ശാസ്ത്രം , യോഗവിദ്യ, ധ്യാനശാസ്ത്രം തുടങ്ങിയവ)​ തെരഞ്ഞെടുത്ത വിദ്യകളാൽ ഒരാളുടെ ശരീര വ്യവസ്ഥയെയും നാഡീവ്യൂഹത്തെയും മെച്ചപ്പെട്ട മാറ്റങ്ങൾക്ക് വിധേയമാക്കുന്നു. ഇതിലൂടെ വ്യക്തിയുടെ ആയുസും ആരോഗ്യവും കാര്യനിർവഹണ ശേഷിയും സൗഖ്യവും ഉയർത്തപ്പെടുന്നു. ഓരോ വ്യക്തിയുടെയും ശരീരശാസ്ത്രം കൃത്യമായി തിട്ടപ്പെടുത്തിയതിനു ശേഷമാണ് അയാൾക്കായുള്ള പുനരുദ്ധാരണ മാർഗങ്ങൾ നിശ്ചയിക്കുന്നത്. മാനസികവും കായികവുമായ ആരോഗ്യം പ്രദാനം ചെയ്യുമെന്ന് മുമ്പേതന്നെ കണ്ടെത്തിയിരുന്ന ഇടവിട്ടുള്ള ഉപവാസം, ധ്യാനം, യോഗ, കീറ്റോ ഡയറ്റ് എന്നിവയ്ക്കു പുറമേ ഫലദായകത്വമേറിയ പ്രത്യേക പോഷക പൂരകങ്ങൾ, ചെറുപ്പക്കാരുടെ രക്തത്തിന്റെ ട്രാൻസ്‌ഫ്യൂഷൻ, റെഡ് ലൈറ്റ് തെറാപ്പി, ക്രയോ തെറാപ്പി, സൈറോ തെറാപ്പി എന്നിങ്ങനെയുള്ള പുതു മാർഗങ്ങളും ബയോ ഹാക്കിംഗിൽ വിന്യസിക്കപ്പെട്ടുവരുന്നു.

ആശങ്കകളും

ചെറുതല്ല

ദീർഘായുസ് അടക്കമുള്ള മേന്മകൾ വാഗ്ദാനം ചെയ്യുന്ന ബയോ ഹാക്കിംഗിനെക്കുറിച്ച് ചില ആശങ്കകളും ഉയർന്നു കേൾക്കുന്നുണ്ട്. ഈ ഉപായത്തിലെ യോഗ, ധ്യാനം, ഉപവാസം എന്നിങ്ങനെയുള്ള മാർഗങ്ങളുടെ ഫലദായകത്വം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും,​ മറ്റു ചില നൂതന മാർഗങ്ങളുടെ ഗുണദോഷങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനായുള്ള പരീക്ഷണ ഗവേഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയകളാണ്. അതുപോലെ,​ ബയോ ഹാക്കിംഗിനെ വാഴ്‌ത്തിപ്പാടുകയും, ഇതിനെക്കുറിച്ച് ഗവേഷണം നടത്തുകയും, അത് സ്വയം പ്രയോഗിക്കുകയും ചെയ്യുന്നവരിൽ ചിലർ ലക്ഷ്യമിടുന്ന 140- 160 വർഷത്തെ ജീവിതദൈർഘ്യം എന്നത് അപകടകരമായ ഒരു അതിർത്തിയാണെന്ന ആക്ഷേപവുമുണ്ട്.

120 വയസിനപ്പുറം പോയാൽ തിരിച്ചറിവിന്റെ തലത്തിലുള്ള വൈകല്യങ്ങൾ, അൾഷിമേസ് തുടങ്ങിയ വ്യാധികൾ ഗുരുതരമാകാൻ തുടങ്ങുന്നത് ചെറുക്കാനുള്ള കെൽപ്പ് ഇന്നത്തെ നിലയിൽ, ബയോ ഹാക്കിംഗിന് ഇല്ലെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതിനൊക്കെ പുറമേയാണ് 'കാലനില്ലാത്തകാല"ത്തെക്കുറിച്ച് കുഞ്ചൻ നമ്പ്യാർ പണ്ടേ ഉയർത്തിയ വിഹ്വലതകൾ. ചുരുക്കത്തിൽ, ഇന്നത്തെ അവസ്ഥയിൽ ബയോഹാക്കിംഗ് എന്നത് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു യജ്ഞമാണ് (a work in progress); അവസാന വാക്കിന് ഇനിയും കാത്തിരിക്കേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.