SignIn
Kerala Kaumudi Online
Friday, 27 September 2024 4.53 AM IST

സഹായിക്കാനെന്ന പേരിൽ 'നന്മമരങ്ങളും' കളത്തിലിറങ്ങി, ആവശ്യമുള്ളതിന്റെ ഇരട്ടി സമാഹരിക്കും; ചോദ്യം ചെയ്താൽ രക്ഷിക്കാൻ അവരെത്തും

Increase Font Size Decrease Font Size Print Page
money

തൃശൂർ: വൃക്കരോഗികളെ സഹായിക്കാനെന്ന വ്യാജേന പണപ്പിരിവ് നടത്തുന്ന ചില സംഘടനകളും വ്യക്തികളും ആവശ്യമുള്ളതിലും എത്രയോ ഇരട്ടി തുക അധികം സമാഹരിക്കുന്നു. ധനസമാഹരണത്തിനെന്ന വ്യാജേന കവലകളിൽ ചില കലാപരിപാടികൾ നടത്തുന്നവരുമുണ്ട്. സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിക്കുന്ന 'നന്മമരങ്ങൾ' വേറെയും.

മുല്ലശ്ശേരി ഉൾപ്പെടെയുള്ള തീരദേശ പഞ്ചായത്തുകളിലും മറ്റും ജില്ലയ്ക്ക് പുറത്തുള്ള ചില നന്മമരങ്ങളെത്തി ധനസമാഹരണം നടത്തിയിട്ടുണ്ടത്രെ. ജനകീയ കമ്മിറ്റിയുണ്ടാക്കി പിരിവ് നടത്താറുണ്ടെങ്കിലും കണക്കുകൾ സുതാര്യമായിരിക്കാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. രോഗിയുടെ ഫോട്ടോയും മറ്റ് വ്യക്തിവിരങ്ങളും ശേഖരിച്ചായിരിക്കും പിരിവ്.

ആവശ്യമുള്ളതിലും കൂടുതൽ പിരിച്ചെന്ന് രോഗിക്കോ ബന്ധുക്കൾക്കോ മനസിലായാലും ചോദ്യം ചെയ്യാനാകില്ല. അവയവമാഫിയ ഇവരുടെ രക്ഷയ്‌ക്കെത്തും. മാത്രമല്ല, സമാഹരിച്ച വ്യക്തിവിവരങ്ങൾ ദുരുപയാേഗം ചെയ്യുമെന്ന ഭയവും ഇരകൾക്കുണ്ടാകും. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് മറ്റ് രക്ഷാമാർഗങ്ങളുണ്ടാകില്ല.

വൃക്ക മാറ്റിവയ്ക്കാൻ മൂന്ന് ലക്ഷമേ ചെലവുണ്ടാകൂ എന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. മരുന്നുകളും തുടർ ചികിത്സയുമൊക്കെ പുറമെയാണെങ്കിലും ശസ്ത്രക്രിയക്കു മാത്രം 15 മുതൽ 20 ലക്ഷം വരെ വാങ്ങുന്ന ആശുപത്രികളുണ്ട്. പ്രധാനമായും സംഘടനകൾ വഴിയെത്തുന്നവരോടാണ് ആശുപത്രികൾ കഴുത്തറുപ്പൻ നയം സ്വീകരിക്കാറ്. രോഗിയുടെ പേരിൽ സംഘടനകൾ പരമാവധി പിരിച്ചിട്ടുണ്ടാകുമെന്ന് ആശുപത്രി അധികൃതർക്കറിയാം. ഇത് മുതലെടുക്കാനാകും അവരുടെ ശ്രമം.


വൃക്കരോഗികൾ പെരുകുന്നു

സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം പെരുകുന്നത് അവയവക്കച്ചവട മാഫിയക്ക് ചാകരയാകുന്നു. പ്രമേഹവും രക്തസമ്മർദ്ദവും ഉൾപ്പെടെ ജീവിതശൈലീ രോഗങ്ങൾ കൂടുന്നതിനൊപ്പം വൃക്കരോഗവും വർദ്ധിക്കുകയാണ്. ലക്ഷത്തിൽ 5,000 മുതൽ 10,000 പേർ വരെ വൃക്കരോഗികളാകാമെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ അവയവക്കച്ചവടത്തിൽ വൃക്കയ്ക്കാണ് ഡിമാന്റ് കൂടുതൽ. പ്രമേഹം ചികിത്സിക്കാൻ വൈകുന്നതും വൃക്കരോഗം ഗുരുതരമാക്കുന്നു.

മറക്കരുത് മൃതസഞ്ജീവനിയെ

അവയവമാറ്റത്തിന് സർക്കാർ സംവിധാനമായ മൃതസഞ്ജീവനിയുണ്ടെങ്കിലും ആവശ്യമുള്ളവർ ഇതിൽ രജിസ്റ്റർ ചെയ്യാതെ സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണ്. രജിസ്റ്റർ ചെയ്താലും കാത്തിരിക്കണമെന്നതാണ് രോഗികളെ അലട്ടുന്ന പ്രശ്‌നം. ക്ഷമയില്ലാത്തവർ കച്ചവടക്കാരുടെ കൈകളിലെത്തുന്നു. അവയവമാറ്റത്തിന് ലൈസൻസുള്ള ആശുപത്രികൾ വഴി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്‌കമരണം സംഭവിച്ചാൽ മൃതസഞ്ജീവനിയിൽ അറിയിക്കും. അവരുടെ കുടംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവർത്തനസജ്ജമായ അവയവമെടുത്ത് ലിസ്റ്റിലുള്ളവർക്ക് മുൻഗണനപ്രകാരം നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് മൃതസഞ്ജീവനി ടീം.

അവയവദാന സന്നദ്ധതയുള്ളവരുടെയും നിർദ്ദിഷ്ട സ്വീകർത്താക്കളുടെയും രജിസ്ട്രി (കേരള നെറ്റ്‌വർക്ക് ഫൊർ ഓർഗൺ ഷെയറിംഗ്) ഇതിന്റെ ഭാഗമായുണ്ട്. അവയവം മാറ്റിവയ്‌ക്കേണ്ടവരുടെ വിവരങ്ങളും മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറുള്ളവരുടെ വിവരങ്ങളും ഇതിലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, ORGANTRAFFICKING, NANMAMARAM, PATIENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.