ദിവസവും മൂന്നു നേരം കാര്യമായി ഭക്ഷണം തട്ടിവിടുന്നതു പോരാഞ്ഞ്, ഇടനേരങ്ങൾ കണ്ടെത്തി 'തീറ്റയും കൊറി"യുമായി 'സ്നാക്സ് ടൈം"ആഘോഷിക്കുന്നവരാണ് മിക്കവരും. എങ്കിൽ കേട്ടോളൂ- എത്യോപ്യൻ യുവതിയായ മുലുവോർക് അംബൗ എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതു പോയിട്ട്, പച്ചവെള്ളം കുടിച്ചിട്ടു പോലും പതിനാറു വർഷമായി! ഇപ്പോൾ വയസ് 26. പത്താംവയസിൽ രുചിച്ച പയർ സ്റ്റൂ ആണ് മുലുവോർകിന്റെ ലാസ്റ്റ് ഫുഡ് ഐറ്റം.
അതിനു ശേഷം, കഴിഞ്ഞ പതിനാറു വർഷമായി എന്തുകൊണ്ട് ഭക്ഷണം കഴിക്കാതിരുന്നു എന്ന നിഷ്കളങ്കമായ ചോദ്യത്തിനു നേർക്ക് മുലുവോർക് തമാശയായി ഒന്നു ചിരിക്കും- പിന്നീട് ഇതേവരെ വിശന്നിട്ടു വേണ്ടേ? (ഭക്ഷണം കഴിക്കാൻ വിശപ്പു തോന്നേണ്ടതുണ്ടോ എന്നായിരിക്കും നമ്മുടെ ചോദ്യം!) സ്കൂളിൽ പഠിക്കുന്ന സമയത്തു പോലും, ഭക്ഷണം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുമ്പോൾ 'എപ്പഴേ കഴിച്ചു" എന്ന് കളവു പറയുന്നതായിരുന്നത്രേ മുലുവോർകിന്റെ ശീലം.
മുലുവോർകിന്റെ അവകാശവാദം കള്ളമല്ലെന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലും ദുബായിലും മാത്രമല്ല, ഇന്ത്യയിലും പലതരം ശാരീരിക പരിശോധനകൾക്കു വിധേയയായി. ഒരുകാര്യത്തിൽ ആർക്കു തർക്കമില്ല- ഈ ശരീരം ഭക്ഷണം കണ്ടിട്ട് വർഷങ്ങളായി. അങ്ങനെയെങ്കിൽ ശാരീരിക അവശതകളോ രോഗങ്ങളോ പോഷകങ്ങളുടെ കുറവു കാരണമുള്ള വൈകല്യങ്ങളോ.... ഇതുവരെ ഇല്ലേയില്ല. ഈ അദ്ഭുതകരമായ നിരാഹാര ജന്മത്തിന്റെ രഹസ്യമോ? അതും പിടിയില്ല! വിവാഹിതയാണ് മുലുവോർക്; ഒരു കുഞ്ഞിന്റെ അമ്മയും. പ്രസവശേഷം കുഞ്ഞിനെ മുലയൂട്ടാൻ നോക്കുമ്പോൾ മുലപ്പാൽ ഇല്ലായിരുന്നു എന്നതു മാത്രമാണ് ഇതുവരെ നേരിട്ട ഏക സങ്കടമെന്നും മുലുവോർക് പറയുന്നു.
ഇത്രയൊക്കെ ആകുമ്പോൾ സ്വാഭാവികമായ ഒരു സംശയം: ടോയ്ലറ്റിൽ പോകണ്ടേ? എന്തിന്! ഇന്നുവരെ വേണ്ടിവന്നിട്ടില്ല. ഭക്ഷണം കഴിക്കില്ലെങ്കിലും വീട്ടിൽ മറ്റുള്ളവർക്കായി മുലുവോർക് ആഹാരം പാചകം ചെയ്യും. എത്യോപ്യൻ യൂ ട്യൂബർ ആയ ഡ്രൂ ബിൻസ്കി പങ്കുവച്ച വീഡിയോയിലൂടെയാണ് മുലുവോർകിന്റെ കഥ ലോകമറിഞ്ഞത്. ഇതെല്ലാം െെദവത്തിന്റെ പ്രവൃത്തിയാണെന്നാണ് മുലുവോർകിന്റെ വിശ്വാസം. ഗിന്നസ് വേൾഡ് റെക്കാഡ് അനുസരിച്ച്, ഭക്ഷണവും വെള്ളവുമില്ലാതെ ഒരാൾ അതിജീവിച്ചത് 18 ദിവസമാണ്. ഓസ്ട്രിയയിൽ നിന്നുള്ള ആൻഡ്രിയസ് മിഹവെക്സ് ആണ് ആ റെക്കാഡിന് ഉടമ. 18 ദിവസത്തിനിടെ 24 കിലോയോളം ശരീരഭാരം കുറഞ്ഞ ആൻഡ്രിയസ് പിന്നീട് മരണമടഞ്ഞു. അപ്പോൾ മുലുവോർക്കോ? ദൈവത്തിനറിയാം!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |