'രണ്ടെണ്ണം കയ്യീന്ന് ഇടാൻ അല്ലേ പറഞ്ഞത്, നാലെണ്ണം ഇട്ടിട്ടുണ്ട്'. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തിയ വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയിൽ സിനിമയിൽ കല്യാണം കലക്കാൻ കുഞ്ഞുണ്ണി കയ്യീന്നിട്ടതെല്ലാം വലിയ പൊട്ടിച്ചിരിയായി മാറി. സിനിമയിൽ മുൻപോട്ട് പോകാൻ കുഞ്ഞുണ്ണി വലിയ പ്രതീക്ഷ നൽകിയതിന്റെ ആഹ്ലാദത്തിലാണ് അഖിൽ കവലയൂർ. മിമിക്രിയിൽ തുടങ്ങി കോമഡി ഷോയിൽ തിളങ്ങി മുന്നേറുന്ന യാത്ര 20 വർഷം എത്തിയപ്പോഴാണ് ഗുരുവായൂരമ്പലനടയിലേക്ക് വിളി. പൃഥ്വിരാജിനും ബേസിലിനും ഒപ്പം അഭിനയിക്കാൻ. സിനിമയിലും ചിരി വണ്ടിയിൽ നടത്തുന്ന യാത്ര അഖിൽ കവലയൂർ പങ്കുവയ്ക്കുന്നു.
ഞെട്ടി... ശരിക്കും
വിപിൻ ദാസേട്ടനാണ് വിളിക്കുന്നത്. പൃഥ്വിരാജും ബേസിലും അഭിനയിക്കുന്ന സിനിമയിൽ ഞാൻ. പൃഥ്വിരാജിന്റെ കൂട്ടുകാരന്റെ വേഷം. കേട്ടപ്പോൾ അതിശയം തോന്നി. രണ്ട് പേരുടെ കൂടെ ആദ്യമായാണ് അഭിനയിക്കുന്നത്. ബേസിലിനെ മുൻപേ അറിയാം. രാജുവേട്ടനൊപ്പം (പൃഥ്വിരാജ്) പിടിച്ചു നിൽക്കാൻ പാടായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ രാജുവേട്ടൻ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചു. ബേസിൽ എപ്പോഴും തമാശകൾ പറയും. പരസ്പരം തമാശ പറയാൻ ഇടം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. രണ്ടു പേരും പ്രോത്സാഹനം നൽകി. നിഷ്കളങ്കനാണ്കുഞ്ഞുണ്ണി. ആളുകൾക്ക് ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം. സിനിമ കണ്ടപ്പോഴാണ് കുഞ്ഞുണ്ണിയുടെ ശക്തി ഞാൻ തിരിച്ചറിയുന്നത്.
തല കാണിച്ച് ഡയലോഗ്
പ്ലസ് ടു കഴിഞ്ഞ് അന്യർ സിനിമയിൽ ആണ് ആദ്യമായി തല കാണിക്കുന്നത്. ലാൽ ബഹദൂർ ശാസ്ത്രിയിലാണ് ആദ്യമായി ഡയലോഗ് കിട്ടുന്നത്. ക്രിസ്റ്റി, എസ്കേപ്പ്, തേര്, കനേഡിയൻ ഡയറി, അഭ്യൂഹം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഒരു തെക്കൻ തല്ല് കേസിൽ കുഞ്ഞൂഞ്ഞ് എന്ന കഥാപാത്രം അവതരിപ്പിച്ചപ്പോഴാണ് ആളുകൾ തിരിച്ചറിഞ്ഞത്, ഇപ്പോൾ കുഞ്ഞുണ്ണിയും. വലിയ നടന്മാരായ പൃഥ്വിരാജിനും ബേസിലിനും ഒപ്പം കട്ടക്ക് പിടിച്ചു നിന്നുവെന്ന് കേൾക്കുമ്പോൾ സന്തോഷവും ഇനി ഒരുപാട് അവസരം വരുമെന്ന വിശ്വാസവുമുണ്ട്.
കവലയൂർ കൂടെ കൂട്ടി
നാലാം ക്ലാസ് മുതൽ നാടകത്തിൽ അഭിനയിച്ചു. പത്താം ക്ലാസിൽ മികച്ച നടൻ. ഡിഗ്രി പഠനകാലത്ത് പ്രൊഫഷണൽ ട്രൂപ്പിൽ മിമിക്രി അവതരിപ്പിക്കുന്നുണ്ട്. ഇതിനുശേഷം കോമഡി സ്റ്റാർ പ്രോഗ്രാമിന്റെ ഭാഗമായി. പിന്നീട് ഗൾഫിൽ മൂന്നുവർഷം ജോലി ചെയ്തു. അതു ഉപേക്ഷിച്ച് വീണ്ടും ചാനൽ കോമഡി ഷോകൾ . ലോക്ഡൗൺ കാലത്ത് സ്ട്രീം ചെയ്ത പ്രീമിയർ പദ്മിനി വെബ് സീരിസിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. സ്റ്റേജ് ഷോകൾ ഇപ്പോഴും ചെയ്യുന്നുണ്ട്. അതു ഉപേക്ഷിക്കാതെ സിനിമയിൽ കൂടുതൽ വേഷങ്ങൾ ചെയ്ത് അറിയപ്പെടാനാണ് ആഗ്രഹം. വർക്കലയ്ക്കടുത്ത് കവലയൂരാണ് നാട്. മിമിക്രി അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ പേരിനൊപ്പം നാടും ചേർന്നു. ഭാര്യ ആര്യ. മക്കൾ അവന്തിക, അവനിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |