SignIn
Kerala Kaumudi Online
Friday, 27 September 2024 4.52 AM IST

കഥയുടെ ഉടൽ ഒഴിഞ്ഞിട്ട് 15 വർഷം,​ സ്നേഹത്തിന്റെ മണം

Increase Font Size Decrease Font Size Print Page

madhavikkutty

സങ്കീർണതകളുടെ മുൾപ്പടർപ്പുകളിൽ വിശ്വലാവണ്യത്തിന്റെ തൂവൽപ്പക്ഷികളെപോലെ വിചിത്രമായ കൂടുകളൊരുക്കി സാഹിത്യവസന്തങ്ങളെ വിസ്‌മയിപ്പിച്ച കഥാകാരിയായിരുന്നു മാധവിക്കുട്ടി. കഥയെഴുത്തിന്റെ പാഠപുസ്‌തകം. മാധവിക്കുട്ടിയുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളുമൊക്കെ വളരെയധികം ബഹുമാനം അർഹിക്കുന്നതും അദ്‌ഭുതപ്പെടുത്തുന്നതുമാണ്. എഴുത്തിലൂടെയും സംഭാഷണങ്ങളിലൂടെയും വായനക്കാരുടെ ഹൃദയം നേടിയ മാധവിക്കുട്ടി ഉള്ളിന്റെയുള്ളിൽ ഈ സമൂഹത്തെ തരിപോലും കൂസാത്തവളായിരുന്നു. ആ എഴുത്തിന്റെ ശക്തിയും ചിന്തയുടെ അടിയൊഴുക്കും ഈ കൂസലില്ലായ്‌മ തന്നെയായിരുന്നു.

ഒരിക്കലും എഴുത്തിൽ മാത്രം ഒതുങ്ങിയിരിക്കാൻ അവർ കൂട്ടാക്കിയില്ല. അതുകൊണ്ടുതന്നെ പല ദിക്കുകളിലേക്കും തിരിഞ്ഞുനിന്ന് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. വിശ്വാസങ്ങളെയോ നിയമങ്ങളെയോ യാഥാസ്ഥിതികർ കെട്ടിപ്പൊക്കിയുണ്ടാക്കിയ സദാചാര മതിലുകളെയോ മാധവിക്കുട്ടി വിലമതിച്ചില്ല. മനുഷ്യവംശത്തെപ്പോലും ആദരിച്ചില്ല. സമുദായം തയ്‌പ്പിച്ച കുപ്പായം അവർക്ക് പാകമായില്ല. സമുദായം നിർദ്ദേശിച്ച വഴികളിലൂടെ അവർ നടന്നില്ല. അവരുടെ വഴികളെ സമുദായവും അംഗീകരിച്ചില്ല.

നിരുപാധിക

സ്നേഹം

നിരുപാധികമായ സ്‌നേഹമാണ് മാധവിക്കുട്ടിയുടെ സാഹിത്യസങ്കല്‌പത്തിന്റെ കാതൽ. നഷ്ടപ്രണയങ്ങളിലെ നിഴൽച്ചിത്രങ്ങളെയും,​ പ്രണയത്തിന്റെയും പിരിയലുകളുടെയും യൗവനം തുടിക്കുന്ന വരികളെയും അവർ വാക്കുകളിൽ എഴുതിച്ചേർത്തു. പുരുഷനെ വെറുത്തും,​ സ്‌നേഹിച്ചും സ്‌നേഹിക്കപ്പെട്ടും പലവഴികളിലൂടെ അവർ എല്ലായിടങ്ങളിലും സ്‌നേഹമെന്ന ഒറ്റയടിപ്പാതയിലേക്ക് പാദങ്ങളൂന്നി,​ സ്‌നേഹഭിക്ഷുവായി. ദ്വന്ദ്വവ്യക്തിത്വങ്ങൾ എന്നും എപ്പോഴും മാധവിക്കുട്ടിയെ ഭരിച്ചുകൊണ്ടിരുന്നു. ഒരാൾ കാറ്റിനൊപ്പം പറക്കാൻ ചിറകു വിടർത്തുമ്പോൾ മറ്റൊരാൾ കാൽവിരലിൽ പിടിച്ചുവലിച്ച് വീണ്ടും ഭൂമിയിലേക്കു വീഴ്‌ത്തുന്നു. ഈ വൈരുദ്ധ്യങ്ങൾ അവരുടെ കഥകളിലും കവിതകളിലും ജീവിതത്തിലുമെല്ലാം പ്രതിഫലിച്ചുകൊണ്ടിരുന്നു.

സ്‌നേഹത്തെ അന്വേഷിക്കുന്ന മനുഷ്യന്റെ ഒടുങ്ങാത്ത കാൽവയ്പുകൾകൊണ്ട് സ്‌നേഹത്തിന്റെയും എതിർപ്പിന്റെയും ശക്തമായ തരംഗങ്ങൾക്ക് മറുതരംഗങ്ങൾ സൃഷ്ടിച്ച ഈ എഴുത്തുകാരി മനുഷ്യഹൃദയങ്ങളിൽ കടലായി ഇരമ്പങ്ങളുണർത്തി. ശിഥിലമാകുന്ന ദാമ്പത്യത്തിനു വെളിയിലേക്ക് സ്നേഹാന്വേഷകരായി നിരന്തരം അലയുന്ന കഥാനായികമാരുടെ പ്രണയമാണ് മാധവിക്കുട്ടിയുടെ മുഖ്യപ്രമേയം. സ്നേഹശൂന്യമായ ജീവിതച്ചൂടിൽ നിലാവിലേക്ക് ഇറങ്ങിയവർ, അകത്തളത്തിലെ നെടുവീർപ്പുകൾ, പ്രതാപികളായ അമ്മായിമാർ.... അവരെക്കുറിച്ചൊക്കെ മാധവിക്കുട്ടി എഴുതി, സർഗാത്മകതയെ ആത്മാവിന്റെ ഈണങ്ങളോട് അടുപ്പിച്ചുനിറുത്തി.

ഉടലാർന്ന

സ്വപ്നങ്ങൾ

വിചിത്രമായ ഒരു മനോനില കുട്ടിക്കാലം മുതലേ അവരിൽ തലപൊക്കിയിരുന്നു. അതിനാൽ സ്‌കൂളിൽ 'വിചിത്രജീവി" എന്ന വിളിപ്പേരുണ്ടായ കാര്യവും,​ ഗർഭിണിയായിരുന്നപ്പോൾ നാലപ്പാട്ടുവച്ച് ബ്രാണ്ടി കുടിക്കാൻ വാശിപിടിച്ചതും കുടിച്ചതും,​ ബോംബെയിൽ കഴിയുന്ന കാലത്ത് വിവസ്‌ത്രയായി മുറിയിൽ നടക്കുന്നതുകണ്ട് പരിചാരിക ആശ്ചര്യപ്പെട്ടതുമൊക്കെ 'എന്റെ കഥ"യിലുണ്ട്. വിചിത്രമായ അത്തരമൊരു മനോനില അവരുടെ എഴുത്തിലും പ്രതിഫലിച്ചു. കൊച്ചുകൊച്ചു വിമർശനങ്ങൾക്കു മുന്നിൽപ്പോലും അവർ വേദനിച്ചു.

'എന്റെ കഥ"യുടെ പ്രസിദ്ധീകരണം മാധവിക്കുട്ടിയുടെ കലാസപര്യയിൽ വഴിത്തിരിവു കുറിച്ച സംഭവമായിരുന്നു. അത് ഉണർത്തിവിട്ട വിവാദം സദാ നിഴൽപോലെ അവരുടെ കൂടെത്തന്നെ സഞ്ചരിച്ചു. 'എന്റെ കഥ"യുടെ ആദ്യഭാഗത്തു പതിഞ്ഞ പക്ഷിയുടെ കരച്ചിൽ ലോകത്തിന്റെ പല കോണുകളിലും പ്രതിദ്ധ്വനിച്ചു. എഴുത്തുകാരിയുടെ കുട്ടിക്കാലത്തെ ഓർമ്മകൾ ഉറങ്ങിക്കിടന്ന വടക്കൻ മലബാറിലെ ഗ്രാമീണാന്തരീക്ഷത്തിന്റെ മിഴിവാർന്ന ചിത്രങ്ങളും മഹാനഗരത്തിന്റെ ജീവിതവും അവർ പല കഥകളിലായി കെട്ടഴിച്ചുവിട്ടു. പുന്നയൂർക്കുളവും നാലപ്പാട് വീടും നീർമാതളവും പാമ്പിൻകാവുമെല്ലാം അക്ഷരങ്ങളെ സ്നേഹിക്കുന്ന മലയാളികളുടെ മനസിന്റെ ഭാഗമായിക്കഴിഞ്ഞ ശേഷമാണ്,​ അവർ കമല സുരയ്യയിലേക്ക് കൂടുമാറിയത്.

ആ വേഷപ്പകർച്ചയ്ക്കുള്ളിലും,​ ഈ ലോകത്തെ വിസ്‌മയത്തോടെ നോക്കിക്കാണുന്ന അതേ ആമി തന്നെയാണ് ഉണ്ടായിരുന്നത്. മാധവിക്കുട്ടി എന്ന മലയാളി എഴുത്തുകാരിയും കമലാദാസ് എന്ന വിശ്വപ്രസിദ്ധ ഇംഗ്ളീഷ് കവയിത്രിയും,​ ഒടുവിൽ നീളൻ കൈയുള്ള കുപ്പായവും തലയിൽ തട്ടവുമിട്ട് ഒരു രാജ്ഞിയെപ്പോലെയായിരുന്ന കമല സുരയ്യയും ഒരേ സ്‌നേഹത്തിന്റെ നാനാവതരങ്ങളായിരുന്നു. ഇന്ത്യൻ സ്‌ത്രീയുടെ മാനസിക - സാമൂഹികാവസ്ഥ തന്റെ രചനകളിലൂടെ സധൈര്യം അടയാളപ്പെടുത്തുകയാണ് മാധവിക്കുട്ടി ചെയ്തത്. അവർ പറഞ്ഞ, കാണിച്ച കൂസലില്ലായ്‌മകളും കുസൃതികളുമൊക്കെ മലയാള സാഹിത്യത്തിന്റെ ആർജ്ജവത്തിനു കൂടി കാരണമായി. വാസ്‌തവത്തിൽ ലോകസാഹിത്യത്തിന്റെ ഭൂപടത്തിൽ മലയാളഭാഷയ്ക്ക് അടയാളമിട്ടുകൊടുത്തത് മാധവിക്കുട്ടിയായിരുന്നു.

പ്രണയത്തിന്റെ

നിഗൂഢതകൾ

ഭാര്യാഭർതൃബന്ധത്തിൽ നിന്നും വീടിന്റെ ഇരുളിമയിൽ നിന്നും ആൺപെൺ ബന്ധത്തിന്റെ നീഗൂഢതയിൽ നിന്നും അവരുടെ കഥാപാത്രങ്ങൾ വേറിട്ട പശ്‌ചാത്തലം തേടിയിറങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ കഥകൾ പുന്നയൂർക്കുളത്തും നാലപ്പാട്ടും മാത്രമല്ല,​ കൊൽക്കത്തയിലും ഡൽഹിയിലും പൂനെയിലും മുംബെയിലും സംഭവിക്കുന്നു. സ്‌നേഹിന്റെ തുറസുകളിലൂടെ എല്ലാവരും ഒന്നിച്ചു നടക്കണം. അവരുടെയുള്ളിൽ ഉള്ളവനും ഇല്ലാത്തവനും ഉണ്ടായിരുന്നില്ല. ജാതിയും മതവും അതിന്റെ ആചാരങ്ങളുമുണ്ടായിരുന്നില്ല. കലാപങ്ങളോ യുദ്ധങ്ങളോ വിഭജനവാദങ്ങളോ ഉണ്ടായിരുന്നില്ല. ഏതും മണ്ണിൽനിന്നും മനസ്സിൽനിന്നും മുളച്ചുപൊന്തണം. അങ്ങനെ മുളച്ചുപൊന്തുന്ന വിഹ്വലതകളും ഭീതികളും ധർമ്മസങ്കടങ്ങളും ധർമ്മരോഷങ്ങളും മാധവിക്കുട്ടിയുടെ ജീവിതാദർശത്തെ കാലികവും പ്രസക്തവും ദീപ്‌തവുമാക്കുന്നു.

ലോകം, ഭാഷ, നിയമം, ധനം ഇവയുടെയെല്ലാം അധിപനായ പുരുഷനെ സ്‌നേഹത്തിന്റെ മാന്ത്രികശക്തികൊണ്ട് ഇണയായി പുനഃസൃഷ്ടിക്കുന്ന ദൗത്യവും അവർ നിർവഹിച്ചുപോന്നു. ആധിപത്യത്തിന്റെ അസമത്വത്തിൽ നിന്ന് സ്‌നേഹത്തിന്റെ സമത്വത്തിലേക്ക് പുരുഷനെ എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. അങ്ങനെ തികച്ചും പുരുഷന്റെ ഉള്ളിലെ സ്‌നേഹശക്തി തിരിച്ചറിയാൻ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്‌ത്രങ്ങൾ നിറഞ്ഞ രചനകൾ മാധവിക്കുട്ടി മുന്നോട്ടുവയ്ക്കുന്നു. ജീവിതംതന്നെ സാഹിത്യമാക്കിയ എഴുത്തുകാർ മലയാളത്തിൽ വിരളമാണ്. വി‌‌രലിലെണ്ണാവുന്ന ഇത്തരം എഴുത്തുകാരുടെ കഥകളിലും കവിതകളിലും അവർതന്നെ മുഖ്യകഥാപാത്രങ്ങളായി മാറുന്നതുകാണാം. ആത്‌മകഥയുടെ മട്ടിലോ,​ കഥയെന്ന ഭാവത്തിലോ അവരെത്തന്നെ കഷണം കഷണമായി വായനക്കാരുടെ മുന്നിൽ നിരത്തിവയ്‌ക്കുന്നു.

മലയാളത്തിൽ അതുവരെ കേട്ടിട്ടില്ലാത്ത ശബ്‌ദവും സ്പർശവുമായി തന്റെ മാംസവും രക്തവും ലോകത്തിനു വിളമ്പിയ ഈ എഴുത്തുകാരിയെ ലോകം സ്‌തുതിച്ചു. മുതിർന്നവരുടെ ലോകത്തിലെ പതിഞ്ഞ കുരുന്നുഹൃദയങ്ങളെക്കുറിച്ചുള്ള കഥകൾ. വാർദ്ധക്യത്തിന്റെ ഏകാന്തത നിഴൽ പരത്തി നിൽക്കുന്ന കഥകൾ. ദാമ്പത്യം എന്ന സ്ഥാപനത്തിന്റെ വിലക്കുകളിൽനിന്ന് കുതറിമാറാൻ ശ്രമിക്കുന്ന സ്‌ത്രീഹൃദയത്തിന്റെ കിരുകിരുപ്പുകളൊക്കെ പിടിച്ചെടുത്ത കഥകൾ- ഭാവപരമായിത്തന്നെ അവർ രചിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.