SignIn
Kerala Kaumudi Online
Wednesday, 19 June 2024 9.38 AM IST

വിളമ്പുന്നത് വിഷം, പരിശോധിക്കാൻ ആരുണ്ട്?

kuzhimanthi

നമ്മുടെ നാട്ടിലും നഗരങ്ങളിലുമുളള ഭക്ഷണശാലകൾ വിളമ്പുന്ന ഭക്ഷണങ്ങൾ സുരക്ഷിതമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പല ഭക്ഷണശാലകളിലും വിളമ്പുന്നത് അപകടകരമായ ഭക്ഷണമാണെന്നാണ് കഴിഞ്ഞ ദിവസം ‌തൃശൂർ പെരിഞ്ഞനത്ത് വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിലൂടെ വ്യക്തമാക്കുന്നത്. നഗരത്തിലെ പ്രമുഖ ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇതോടെ സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും തുടക്കമായി. അതിനു മുമ്പൊന്നും പരിശോധനകളോ നടപടികളോ ഇല്ലായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. പെരിഞ്ഞനം കുറ്റിലക്കടവ് ഹസ്ബുവിന്റെ ഭാര്യ ഉസൈബ (56) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണകാരണം മുട്ട ചേർത്ത മയോണൈസ് ആണെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രാഥമികനിഗമനം. കുഴിമന്തിക്കൊപ്പം മയോണൈസ് നൽകിയിരുന്നു. നേരത്തേയുണ്ടാക്കിയ മയോണൈസ് തീർന്നപ്പോൾ മുട്ട ചേർത്ത് ഉണ്ടാക്കിയതാണ്.

ഉസൈബയുടെ വീട്ടിലേക്കും കുഴിമന്തി പാഴ്സൽ വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥതകൾ ഗുരുതരമായപ്പോൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഉസൈബയും സഹോദരിയും അവരുടെ 12 , 7 വയസുള്ള മക്കളുമാണ് കുഴിമന്തി കഴിച്ചത്. ഉബെെസയെ കൂടാതെ സഹോദരിയും മക്കളും ചികിത്സതേടിയിരുന്നു.


ഹോട്ടലിന് ലൈസൻസ് ഇല്ലെന്നാണ് പഞ്ചായത്ത് അറിയിച്ചത്. കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇപ്പോഴത്തെ ഉടമകളിലൊരാളുടെ പേരിൽ ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും നൽകിയിരുന്നില്ല. കുഴിമന്തി കഴിച്ച നൂറോളം പേർ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടി. പാഴ്സൽ വാങ്ങി കൊണ്ടുപോയി കഴിച്ചവർക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ഭൂരിഭാഗവും.

മയാേണെെസിന്റെ

സാമ്പിൾ കിട്ടിയില്ല

പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച നൂറോളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നത്. അതിൽ അമ്പതോളം പേർ ചികിത്സയിൽ തുടർന്നു. ആരോഗ്യവകുപ്പും പഞ്ചായത്തും ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും പൊലീസും ചേർന്ന് പരിശോധനകൾക്ക് ശേഷം ഹോട്ടൽ അടപ്പിച്ചു. പെരിഞ്ഞനത്തുണ്ടായ വിഷബാധയിൽ ചികിത്സയിലുള്ളവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനാഫലം ഇതേ വരെ ലഭിച്ചിട്ടില്ല. ഇതിൽ നിന്ന് കൃത്യമായ വിവരം കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. മയോണെെസിന്റെ സാമ്പിൾ തേടി അധികൃതർ എത്തിയപ്പോൾ, എല്ലാം വിറ്റു തീർന്നെന്നാണ് ഹോട്ടലുടമ പറഞ്ഞത്. അതിനാൽ സാമ്പിൾ എടുക്കാനോ പരിശോധിക്കാനോ സാധിച്ചിട്ടില്ല. മോശം ഭക്ഷണം വിളമ്പിയതിന് ആറുമാസം മുമ്പ് ഇതേ ഹോട്ടൽ അടപ്പിച്ചിരുന്നു.

വില്ലനാകുന്ന

മയോണെെസ്

കുഴിമന്തിക്കൊപ്പം എളുപ്പത്തിൽ തയാറാക്കാൻ നിയമം ലംഘിച്ച് പച്ചമുട്ട കൊണ്ട് മയോണൈസ് ഉണ്ടാക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പരിശോധന നടക്കുമെന്ന് മുൻകൂട്ടി അറിയുമ്പോൾ ഉടനെ തന്നെ എല്ലാം നശിപ്പിക്കുന്നതിനാൽ സാമ്പിളും ലഭിച്ചില്ല. കഴിഞ്ഞ ജനുവരിയിലാണ് സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ മാത്രം ഉപയോഗിക്കാൻ അനുവാദം നൽകിയത്. പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ആരോഗ്യ മന്ത്രിയും ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലായിരുന്നു തീരുമാനം. രണ്ട് മണിക്കൂറിലേറെ സമയം മയോണൈസ് വച്ചിരുന്നാൽ അപകടകരമാകുന്നതിനാൽ തീരുമാനത്തോട് എല്ലാവരും യോജിച്ചു.

മയോണെെസ് തന്നെയായിരുന്നു അന്നും വില്ലനായതെന്നാണ് പറയുന്നത്. മുട്ട ചേർത്തുള്ള മയോണൈസിന്റെ ഉൽപാദനവും വിൽപനയും 2023 ജനുവരിയിൽ നിരോധിച്ചിട്ടും വീണ്ടും അതേ രീതിയിൽ മയോണെെസ് ഉണ്ടാക്കുന്നതിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഹോട്ടലിന്റെ ലൈസൻസിന്റെ കാലാവധി ഒരു മാസം മുമ്പാണ് കഴിഞ്ഞിരുന്നുവെന്നും പറയുന്നു.

പച്ചമുട്ടയും വേവിക്കാത്ത ഇറച്ചിയും ചൂടാക്കാത്ത പാലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അവയിലടങ്ങിയ സാൽമൊണെല്ല ബാക്ടീരിയ മനുഷ്യന്റെ ദഹന പ്രക്രിയയെ ഗുരുതരമായി ബാധിക്കും. അണുബാധ പ്രധാനമായും ബാധിക്കുന്നത് വൃക്ക, ശ്വാസകോശം, ഹൃദയം, തലച്ചോറ്, രക്തം തുടങ്ങിയവയിലാണ്. പനി, വയറിളക്കം, വിറയൽ, ചുമ, വിയർക്കൽ, തുമ്മൽ തുടങ്ങിയവയാണ് അണുബാധയുടെ ലക്ഷണങ്ങൾ.

നടപ്പാക്കാത്ത നിബന്ധനകളേറെ,

സംസ്ഥാനത്ത് മുമ്പുണ്ടായ ഭക്ഷ്യവിഷബാധകളെ തുടർന്ന്, ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. അതിൽ പലതും ഇതുവരെ നടപ്പായില്ല. നടപ്പാക്കാനുള്ള നടപടികളും കർശനമായില്ല. ഭക്ഷണം പാഴ്‌സൽ കൊടുക്കുമ്പോൾ നൽകുന്ന സമയവും എത്ര നേരത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. പക്ഷേ, നടപടി പേരിന് പോലും നടപ്പിലായില്ല. എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസൻസോ എടുക്കണം, ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം, എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം, ജീവനക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടണം ഇങ്ങനെ തുടരുന്ന നിബന്ധനകൾ പലതും കടലാസിൽ മാത്രം ഒതുങ്ങി. സുരക്ഷാ പരിശോധകൾക്കുള്ള അംഗബലം ഭക്ഷ്യസുരക്ഷാവകുപ്പിനുണ്ടോ എന്നതും മറ്റൊരു ചോദ്യമാണ്. നിബന്ധനകളൊന്നും ഹോട്ടലുകളും പാലിക്കാത്തതോടെ ഭക്ഷ്യദുരന്തങ്ങൾ ഇന്നും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

പരിശോധന കർശനമാക്കണം

മുൻകാലങ്ങളേക്കാൾ കൂടുതൽ ആളുകൾ ഭക്ഷണം കഴിക്കാനായി ഇന്ന് ഭക്ഷണശാലകളെയാണ് ആശ്രയിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ആകർഷണം തന്നെ ഭക്ഷണവിഭവങ്ങളായി മാറുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷണശാലകളിലെ പരിശാേധനകൾ ചട്ടപ്പടി നടന്നാൽ പോരാ. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിനെ കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ട്. വീഴ്ചകൾ സംഭവിക്കുന്ന സ്ഥാപനത്തിനെതിരെ നിസാര പിഴ ചുമത്തി വീണ്ടും പിഴവ് ആവർത്തിപ്പിക്കാൻ അനുവദിക്കാതെ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതുൾപ്പടെയുള്ള കർശന നടപടിയെടുക്കണം. പണം മുടക്കി ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് മായമില്ലാത്ത വൃത്തിയും വെടിപ്പുമുള്ള ആഹാരം നൽകാൻ സ്ഥാപനങ്ങളും തയാറാവേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD ISSUE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.