SignIn
Kerala Kaumudi Online
Thursday, 20 June 2024 8.49 PM IST

തൃശൂരിൽ നിറഞ്ഞാടിയത് സുരേഷ് ഗോപി ചരിതം മാത്രം, ശക്തന്റെ മണ്ണ് 'ഇങ്ങെടുത്തത്' മുക്കാൽ ലക്ഷം വോട്ടിന്

suresh-gopi

തൃശൂർ: സ്ഥിരമായി ഒരാൾക്ക് വോട്ടുചെയ്ത ജയിപ്പിക്കുന്ന പാരമ്പര്യം തൃശൂരുകാർക്കില്ല. രാഷ്ട്രീയ ചാണക്യനും കേരളത്തിന്റെ സ്വന്തം ലീഡറായിരുന്ന കെ കരുണാകരൻ പോലും തൃശൂരുകാരുടെ ഈ ശീലത്തിന് ഇരയായിട്ടുണ്ട്. എവിടെയും എപ്പോഴും കയറിച്ചെല്ലാൻ അധികാരമുണ്ടായിരുന്ന ജനകീയനായിരുന്ന വിവി രാഘവൻ ആയിരുന്നു അന്ന് കെ കരുണാകരനെ മലർത്തിയടിച്ചത്.എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വിജയിപ്പിച്ചിരുന്ന തൃശൂർ ഇക്കുറി ഇരുവരെയും വിട്ട് എൻഡിഎ സ്ഥാനാർത്ഥിയെ സ്വീകരിച്ചു എന്നുമാത്രം. 74686 വോട്ടുകൾക്കാണ് സുരേഷ് ഗോപിയുടെ വിജയം. കോൺഗ്രസിന്റെ ചരിത്രത്തിലെ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട ഒരു പരാജയമായിരുന്നു കരുണാകരന്റേത്. അതുപോലെ വമ്പൻമാരായ എൽഡിഎഫിലെ വിഎസ് സുനിൽക്കുമാറിന്റെയും യുഡിഎഫിലെ കെ മുരളീധരന്റെയും പരാജയം എൽഡിഎഫിലും യുഡിഎഫിലും വലിയ മാറ്റങ്ങൾക്ക് ഇടയാക്കിയേക്കും.

ആർക്കും മുൻതൂക്കമില്ലാതെ

പ്രചാരണത്തിന്റെ തുടക്കത്തിൽ ആർക്കും വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നില്ല. അടിയൊഴുക്കുകൾ ഉണ്ടാകുമെന്ന് മാദ്ധ്യമങ്ങളും മുന്നണികളും പ്രതീക്ഷിച്ചപ്പോഴും തൃശൂരുകാർ ഒരുമുന്നറിയിപ്പും നൽകിയില്ല. പക്ഷേ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ അവർ അത് വ്യക്തമാക്കി. തുടക്കത്തിൽ അല്ലാതെ ഒരിക്കൽപ്പാേലും സുനിൽകുമാർ ലീഡ് ചെയ്തില്ല. കെ മുരളീധരനാകട്ടെ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലായി. വിജയം ഉണ്ടാകുമെന്ന് ബിജെപി കേന്ദ്രങ്ങൾ ഉറച്ച് വിശ്വസിച്ചിരുന്നുവെങ്കിലും ഇത്ര വലിയൊരു വിജയം ഉണ്ടാകുമെന്ന് അവർ പോലും വിചാരിച്ചുകാണില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമുതൽ ഇത്തവണത്തെ വിജയത്തിനായി സുരേഷ് ഗോപി അക്ഷീണം പ്രയത്നിക്കുണ്ടായിരുന്നു. ശരിക്കും ജോലിതുടങ്ങിയിട്ട് രണ്ടുവർഷത്തിലേറെയായി. തിരുവനന്തപുരത്താണ് താമസം എങ്കിലും എപ്പോഴും വിളിപ്പുറത്തുണ്ടെന്ന് തൃശൂരുകാരെ വിശ്വസിപ്പിക്കാൻ അദ്ദേഹത്തിനായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വെറും പതിനേഴുദിവസം മാത്രമാണ് പ്രചാരണത്തിന് സുരേഷ് ഗോപിക്ക് അവസരം കിട്ടിയതെങ്കിലും വോട്ട് വിഹിതം ഗണ്യമായി ഉയർത്തി ഇരുമുന്നണികളെയും ഞെട്ടിപ്പിക്കാൻ അദ്ദേഹത്തിനായി. ആ ഞെട്ടിപ്പ് ഇത്തവണയും തുടർന്നു.

suresh-gopi

പകരം വയ്ക്കാനില്ലാത്ത ജനകീയൻ എന്ന നിലയിലാണ് സിപിഐ സുനിൽകുമാറിനെ മണ്ഡലത്തിൽ അവതരിപ്പിച്ചത്. ആരെയും പേരെടുത്ത് വിളിക്കാനുള്ള അടുപ്പം സുനിൽക്കുമാറിനുണ്ടായിരുന്നു. കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായിരുന്നു സുനിൽകുമാറിന്റെ ബന്ധം. മണ്ഡല രൂപീകരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ പത്തുതവണയാണ് സിപിഐ വിജയിച്ചത്. ഏഴുതവണമാത്രമാണ് യുഡിഎഫിനെ വിജയം അനുകൂലിച്ചത്. ഈ ചരിത്രം സിപിഐയ്ക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു.

വ്യക്തിബന്ധങ്ങൾക്ക് ഒട്ടും കുറവില്ലാത്ത വ്യക്തിയായിരുന്നു കെ മുരളീധരനും. വടകരയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന കെ മുരളീധരൻ സഹോദരി പത്മജയുടെ പാർട്ടി മാറ്റത്തോടെയാണ് വടകര വിട്ട് തൃശൂരിലേക്ക് പോകേണ്ടിവന്നത്. അതോടെയാണ് തൃശൂരിൽ ശരിക്കും ത്രികോണ മത്സരമായത്. ടിഎൻ പ്രതാപനോട് അത്ര താത്പര്യമില്ലാതിരുന്ന കോൺഗ്രസുകാർ പോലും മുരളീധരനുവേണ്ടി രംഗത്തിറങ്ങി. പക്ഷേ ഒരുവേള യുഡിഎഫുകാർ പാലം വലിച്ചോ എന്ന മുരളീധരനുതന്നെ സംശയം തോന്നിയിരുന്നു എന്നും കോൺഗ്രസുകാർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. വോട്ടെണ്ണലിൽ ചിത്രത്തിലേ ഇല്ലാത്ത മുരളീധരൻ മൂന്നാം സ്ഥാനത്തായിപ്പാേയത് ഇതുകൊണ്ടാണോ എന്ന് പരിശോധിച്ചശേഷമേ വ്യക്തമാകൂ. കോൺഗ്രസിന്റെ വോട്ടുകളിൽ കുറവുണ്ടാകുന്നുവെങ്കിൽ അത് യുഡിഎഫിൽ പൊട്ടിത്തെറി ഉണ്ടാക്കിയേക്കും.

പൊട്ടിത്തെറിക്കുമോ ഇടതുമുന്നണി

കെ മുരളീധരന് വോട്ടുകുറഞ്ഞാൽ യുഡിഎഫിൽ പൊട്ടിത്തെറിക്ക് സാദ്ധ്യത ഉണ്ടെന്നതുപോലെ സുനിൽകുമാറിന് വോട്ടുകുറഞ്ഞാൽ എൽഡിഎഫിലും പൊട്ടിത്തെറി ഉണ്ടായേക്കും. എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ വെളിപ്പെടുത്തൽ തന്നെയായിരിക്കും അതിന് കാരണം. തൃശൂരിൽ സുരേഷ് ഗോപിക്ക് ജയം ഉറപ്പാക്കാൻ നീക്കുപോക്കുകൾക്ക് വേണ്ടിയാണ് ബിജെപിയിലെ പ്രകാശ് ജാവദേക്കർ സമീപിച്ചതെന്നാണ് ഇപി ജയരാജൻ തിരഞ്ഞെടുപ്പ് ദിവസം വെളിപ്പെടുത്തിയത്. കരുവന്നൂർ തട്ടിപ്പ് ജില്ലയിൽ സിപിഎമ്മിന് ചില്ലറ കേടുപാടുകളല്ല ഉണ്ടാക്കിയത്. പാർട്ടിക്കാർ തന്നെ പാർട്ടിക്കെതിരായി. അത് തൃശൂർ മണ്ഡലത്തിൽ തങ്ങൾക്ക് പ്രശ്നമുണ്ടാക്കുമോ എന്ന് സിപിഐക്ക് ഭയമുണ്ടായിരുന്നു. അതിനിടയിലാണ് നീക്കുപോക്ക് വിവാദം ഉയർന്നുവന്നത്.സുനിൽകുമാറിന് കഴിഞ്ഞതവണത്തെക്കാൾ വോട്ടുകുറഞ്ഞാൽ അത് സിപിഎം വോട്ടുമറിച്ചുവെന്ന ആരോപണം ശക്തമാക്കും. അത് പൊട്ടിത്തെറിക്കും.

കേരളം ബാലികേറാമലയല്ല

ഇന്നലെവരെ കേരളം ബിജെപിക്ക് ബാലികേറാമലയായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. തൃശൂരിൽ വൻ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചു എന്നുമാത്രമല്ല തിരുവനന്തപുരം , ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ഉൾപ്പടെ ശക്തമായ മത്സരം സൃഷ്ടിക്കാനും ബിജെപിക്കായി.

ശരിക്കും രാഷ്ട്രീയക്കാരെല്ലാം മാതൃകയാക്കേണ്ടതാണ് സുരേഷ് ഗോപിയുടെ പ്രവർത്തനം. വിജയിച്ചേ അടങ്ങൂ എന്ന വാശിയിൽ പരാജയത്തിൽ നിന്ന് പ്രവർത്തിച്ചുതുടങ്ങി. ഒടുവിൽ വൻ വിജയം സ്വന്തമാക്കുകയും ചെയ്തു. ഗർഭിണിയുടെ വയർ തടവിയും പ്രചാരണത്തിനിടെ വീടുകളിൽ നിന്ന് ഊണുകഴിച്ചും അദ്ദേഹം ഉണ്ടാക്കിയെടുത്ത ജനകീയ അടിത്തറ വളരെ വേഗം വളർന്ന് പന്തലിക്കുകയായിരുന്നു. ശക്തൻ തമ്പുരാൻ മാർക്കറ്റിന് കേന്ദ്രത്തിൽ നിന്ന് ഒരുകോട‌ി വാങ്ങിനൽകുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചു. ഇനി കേന്ദ്രം നൽകിയില്ലെങ്കിൽ താൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം നൽകുമെന്നുകൂടി പറഞ്ഞതോടെ ജനം വിശ്വസിച്ചു. പറഞ്ഞതുപോലെ പണം കേന്ദ്രം നൽകിയതോടെ ആ വിശ്വാസം ഒന്നുകൂടി ഇരട്ടിച്ചു. പറഞ്ഞാൽ പറഞ്ഞതുചെയ്യുന്നവനായി സുരേഷ് ഗോപി മാറി. മാത്രമല്ല പ്രധാനമന്ത്രി മോദിയോട് തനിക്ക് സംസ്ഥാന ബിജെപി നേതാക്കൾക്ക് ഉള്ളതിനെക്കാൾ അടുപ്പമുണ്ടെന്ന് സ്ഥാപിക്കാനും അദ്ദേഹത്തിനായി. മകളുടെ കല്യാണത്തതിന് ഗുരുവായൂർ അമ്പലത്തിൽ മോദി എത്തിയതും ആദ്യവസാനം കാരണവരെപ്പാേലെ നിന്നതും മോദിക്ക് സുരേഷ് ഗോപിയോടുള്ള അടുപ്പം വ്യക്തമാക്കുന്നതായി.

suresh-gopi

കളത്തിറങ്ങി പ്രധാനമന്ത്രിയും

തൃശൂർ പിടിച്ചേ അടങ്ങൂ എന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വാശിയായിരുന്നു. ഇതിനായി പ്രധാനമന്ത്രിയെ തന്നെ അവർ കളത്തിലിറക്കി. ഒരുമാസത്തിനിടെ മോദി രണ്ടുതവണ തൃശൂരിൽ എത്തിയതോടെ മണ്ഡലം ദേശീയ തലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായി. ഒപ്പം ശക്തിപകർന്ന് അമിത്ഷായും കൂടിയതോടെ തൃശൂർ എടുക്കാൻ ബിജെപിക്കായി. തൃശൂരിനൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരണ്ടി എന്നും വോട്ട് പെട്ടിയിലാക്കാൻ ബിജെപിക്കായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI, TRISSUR, LOKSABHA, ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.