SignIn
Kerala Kaumudi Online
Sunday, 07 July 2024 8.23 AM IST

മലയാളി ചേർത്തുപിടിച്ചു; റഹീം തിരികെ ജീവിതത്തിലേക്ക്

rahim

മരണത്തിന് വിട്ടുകൊടുക്കാതെ മലയാളികൾ കെെപിടിച്ചുയർത്തിയ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീം തിരികെ ജീവിതത്തിലേക്ക്. 18 വർഷമായി സൗദി ജയിലിൽ മരണം കാത്തുകിടക്കുന്ന അബ്ദുൽ റഹീമിനെ മോചിതനാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലായതോടെ നാടും വീടും റഹീമിന്റെ വരവിനായി ഒരേപോലെ കാത്തിരിക്കുകയാണ്. തന്റെ മകനെ കൺനിറയെ കാണാനും കെട്ടിപ്പിടിച്ച് മുത്തം നൽകാനും മാതാവ് ഫാത്തിമയുടെയും കാത്തിരിപ്പിനും വിരാമമാവുകയാണ്. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പ് വച്ചതോടെയാണ് റഹീമിന്റെ മോചനം യാഥാർത്ഥ്യത്തിലേക്ക് അടുത്തത്. കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റലോ കോടതിയലോ സമർപ്പിക്കുന്നതിലൂടെ രേഖാമൂലമുള്ള ഇടപാടുകൾ അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത പടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി അറിയിച്ചു

റഹീമിന്റെ മോചനത്തിനുള്ള ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് സൗദി ഗവർണറേറ്റിന് കൈമാറിയതിന് പിന്നാലെയാണ് അനസിന്റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പിട്ടത്. ദയാധനം സ്വീകരിച്ച് അബ്ദുൽ റഹിമിന് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അനുരഞ്ജന കരാർ. ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് നൽകിയത്. തുടർന്നാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവെച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം അബ്ദുൽ റഹീമിനെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് റഹീം നിയമസഹായ സമിതിയും. ഈ രേഖകൾ കോടതിയിൽ സമർപ്പിക്കും. തുടർന്ന് കോടതി നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.

24-ാം വയസിൽ

സൗദിയിലേക്ക്

ഉമ്മയെ നന്നായി നോക്കണം, വീട് വയ്ക്കണം തുടങ്ങി നൂറായിരം കിനാവുമായാണ് 24ാം വയസിൽ അബ്ദുൾ റഹീം സൗദിയിലേക്ക് പറന്നത്. ആറ് മക്കളിൽ ഇളയവനാണ് റഹീം. കടം വാങ്ങിയും സ്വർണ്ണം പണയം വച്ചുമാണ് ഫാത്തിമ റഹീമിന് സൗദിയിലേക്ക് പോകാനുള്ള പണം കണ്ടെത്തിയത്. പക്ഷേ, വിധിയുടെ കരങ്ങൾ അബ്ദുൾ റഹീമിന് വിധിച്ചത് മറ്റൊന്നായിരുന്നു. സൗദിയിൽ വച്ച് 15 വയസുള്ള അനസ് അൽശഹ്രി മരിച്ച കേസിൽ സൗദി കോടതി വധശിക്ഷ വിധിച്ചതോടെയാണ് റഹീമിന്റെ ജീവിതം ഇരുട്ടിലായത്. ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹീമിന്റെ പ്രധാന ജോലി സ്പോൺസർ ഫായിസ് അബ്ദുള്ളയുടെ ചലനശേഷിയില്ലാത്ത മകൻ അനസിനെ പരിചരിക്കുക എന്നതായിരുന്നു. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു.

തലവരമാറ്റിയ

സംഭവം

2006 ഡിസംബറിൽ അനസുമായി ഹൈപ്പർ മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവുണ്ടായത്. കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു. തുടർന്ന്കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ സമയങ്ങളിലെല്ലാം റഹീമിന്റെ മാതാപിതാക്കൾ സൗദി കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല. റഹീം ജയിലിലായതോടെ മാതാവ് ഫാത്തിമ ആകെ തളർന്നിരുന്നു. ഇതിനിടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മരിച്ചതോടെ മകനെ തിരിച്ചെത്തിക്കാനുള്ള പോരാട്ടത്തിൽ അവർ തനിച്ചായി. നിരന്തരമുള്ള പോരാട്ടങ്ങൾക്കൊടുവിൽ ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയിൽ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. അതും ഏപ്രിൽ 16നകം തുക നൽകണമെന്നും നിർദ്ദേശിച്ചു. തുടർന്ന് റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ ഉൾപ്പെട്ട നിയമസഹായ സമിതി രൂപവത്​കരിച്ചു. സൗദി ഭരണാധികാരിക്ക് ദയാ ഹർജിയും നൽകി.

ഒത്തുചേർന്ന്

മനുഷ്യത്വം

റഹീമിനെ മോചിപ്പിക്കാൻ നാടൊരുമിച്ച കാഴ്ചയാണ് പിന്നീട് കണ്ടത്. സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. പറഞ്ഞ തീയതി അവസാനിക്കാനിരിക്കെ മൂന്നാഴ്ച കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ ക്യാമ്പയിൻ നടത്തി 34.45 കോടി രൂപ മലയാളികൾ സമാഹരിച്ചെടുത്തു. നാട്ടുകാർ അബ്ദുറഹീം നിയമസഹായ ട്രസ്റ്റ് രൂപീകരിക്കുകയും സാമ്പത്തിക സമാഹരണത്തിനായി ആപ് നിർമ്മിക്കുകയും ചെയ്തു. ഓരോ സെക്കൻഡിലും അക്കൗണ്ടിലെത്തുന്ന തുക ആർക്കും കാണാ​വുന്ന തരത്തിലും സംഭാവനയായി നൽകുന്ന ഒരു രൂപക്കുപോലും രസീത് ലഭിക്കുന്ന തരത്തിലുമായിരുന്നു ​ആപ്പിന്റെ ക്രമീകരണം. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുളളവ വഴിയും പ്രചാരണം തുടങ്ങി. ബോബി ചെമ്മണ്ണൂർ (ബോചെ) റഹീം സഹായ ഫണ്ടിനായി തെരുവിലിറങ്ങി ക്യാമ്പയിൻ തുടങ്ങിയതും മുതൽക്കൂട്ടായി. വിവിധ സംഘടനകൾ സമാഹരിച്ച തുകയും ബോബി ചെമ്മണ്ണൂർ വാഗ്ദ്ധാനം ചെയ്ത ഒരുകോടി രൂപയും കൂടി ഉൾപ്പെടുത്തിയതോടെ ആകെ 34,45,46,568 രൂപയായി. ഇതോടെ പിരിവ് നിർത്തുകയും ചെയ്തു. റഹീമിന്റെ വീട്ടിലും പണം എത്തിയിരുന്നു. തന്റെ മോചനത്തിനായി നാടൊരുമിച്ചെന്ന വാർത്തയറിഞ്ഞതോടെ റഹീമും പ്രതീക്ഷയിലാണ്. നന്മ വറ്റാത്ത മലയാളിയുടെ കാരുണ്യത്തിന്റെഇത്തരം മാതൃകകൾ ഇനിയും ഉണ്ടാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.