SignIn
Kerala Kaumudi Online
Thursday, 20 June 2024 8.30 PM IST

പാഠം പഠിപ്പിക്കുന്ന മൂന്നാം ഊഴം

modi

ഇന്ത്യൻ ജനതയുടെ മനസ് പ്രവചനാതീതമാണെന്ന് തെളിയിച്ച ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയിരിക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദവും എക്‌സിറ്റ് പോളുകളുടെ സൂചനകളും അട്ടിമറിച്ച തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവുമൊടുവിൽ ലഭ്യമായ വിവരമനുസരിച്ച് 298 സീറ്റുകളിൽ മുന്നേറുന്ന, ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം മോദിക്ക് മൂന്നാം ഊഴം ഉറപ്പാക്കുന്നുണ്ടെങ്കിലും 226 സീറ്റുകളിൽ മുന്നേറുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാസഖ്യം പ്രതീക്ഷിച്ചതിനപ്പുറമുള്ള വെല്ലുവിളി ഉയർത്തി പിന്നിൽ നിൽക്കുകയാണ്. മാത്രമല്ല കോൺഗ്രസ് മുക്തഭാരതം എന്ന ഏകാധിപത്യശൈലി പ്രതിഫലിപ്പിക്കുന്ന മുദ്രാവാക്യം ഇന്ത്യൻ ജനത തള്ളിക്കളഞ്ഞു എന്നുകൂടി ഈ ഇലക്ഷൻ പരസ്യമായി പ്രഖ്യാപിക്കുന്നു. രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനും ജയിക്കാനും ആത്മവിശ്വാസം ആവശ്യമാണ്. എന്നാൽ അമിത ആത്മവിശ്വാസം ആപത്താണെന്ന് ബി.ജെ.പിയെ ബോദ്ധ്യപ്പെടുത്താൻ ഉത്തർപ്രദേശിലെ ഫലം തന്നെ അധികമാണ്. അയോദ്ധ്യയിൽ രാമക്ഷേത്രം തുറന്നതിലൂടെ ഉത്തരേന്ത്യ മുഴുവൻ തൂത്തുവാരാൻ കഴിയുമെന്ന കണക്കുകൂട്ടൽ ഒട്ടും ഏശിയില്ലെന്ന് വേണം യു.പിക്ക് പുറമേ ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലങ്ങൾ നൽകുന്ന സൂചന. 2019ൽ 62 സീറ്റുകൾ യു.പിയിൽ നേടിയ ബി.ജെ.പി 34 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ അന്ന് 5 സീറ്റുകൾ മാത്രം നേടിയ സമാജ് വാദി പാർട്ടി 36 സീറ്റുകളിൽ മുന്നിടുന്നു. കോൺഗ്രസ് പോലും 6 സീറ്റുകളിൽ മുന്നിലാണ്. എവിടെയാണ് ബി.ജെ.പിക്ക് പിഴച്ചത്?

രാഹുൽ ഗാന്ധി എന്ന യുവ നേതാവിനെ വില കുറച്ച് വിലയിരുത്തിയതാണ് ആദ്യം സംഭവിച്ച പിഴവ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന ജോഡോ യാത്ര രാഹുൽ രണ്ട് തവണ നടത്തിയപ്പോഴും ഇയാൾ തെക്ക് വടക്ക് നടക്കുന്നതല്ലാതെ ഒന്നും നേടാൻ പോകുന്നില്ലെന്ന് ബി.ജെ.പിയുടെ ഭൂരിപക്ഷം നേതാക്കളും പരിഹസിക്കുകയാണ് ചെയ്തത്. ആദ്യത്തെ ജോഡോ യാത്ര കഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്ന് കോൺഗ്രസ് കർണാടക പിടിച്ചെടുത്തപ്പോഴും അതിൽ ഒരു അപായ മുന്നറിയിപ്പ് ബി.ജെ.പി നേതൃത്വം കണ്ടില്ല. രണ്ടാമത് പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ഒരു സഖ്യത്തിന് രൂപം നൽകാൻ കോൺഗ്രസിന് കഴിയില്ലെന്ന് ബി.ജെ.പി കരുതിയിരുന്നു. അവർ തമ്മിലടിച്ച് പിരിഞ്ഞോളും എന്ന് കരുതിയത് നേരെ മറിച്ചാണ് സംഭവിച്ചത്. പ്രതിപക്ഷ കക്ഷികൾ ഭിന്നിച്ച് മത്സരിച്ചതിനാലാണ് കഴിഞ്ഞതവണ ബി.ജെ.പിക്ക് യു.പി തൂത്തുവാരാൻ കഴിഞ്ഞത്. ബി.ജെ.പി പത്തുവർഷമായി ഭരിക്കുമ്പോൾ വിലക്കയറ്റം കുറയുമെന്ന് ജനങ്ങൾ വിശ്വസിച്ചു. വിലക്കയറ്റം കുറഞ്ഞില്ലെന്ന് മാത്രമല്ല തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തു. യു.പി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം കുടുംബങ്ങളിൽ നിന്നും ഒരാൾക്കെങ്കിലും പട്ടാളത്തിൽ ജോലി ഉണ്ടായിരിക്കും. അഗ്‌നി വീർ പദ്ധതി അവരുടെ മക്കളുടെ സ്ഥിര ജോലി എന്ന പ്രതീക്ഷ തകർക്കുമെന്ന പ്രചാരണം കേന്ദ്ര സർക്കാരിനെതിരെ തിരിയാൻ ജനങ്ങളെ പ്രേരിപ്പിച്ച ഘട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. അതേസമയം സമീപകാല രാഷ്ട്രീയത്തിൽ ഇന്ത്യയിൽ ഒരു കക്ഷിയും പത്തുവർഷം ഭരിച്ചിട്ട് വീണ്ടും അധികാരത്തിലേക്ക് വന്നിട്ടില്ല. ആ അർത്ഥത്തിൽ നോക്കുമ്പോൾ നിറം കുറച്ച് മങ്ങിയെങ്കിലും മോദിയുടെ വീണ്ടും വരവ് ആ നേതാവിൽ നിന്ന് ഇന്ത്യൻ ജനത ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട് എന്നതിന്റെ ചൂണ്ടുപലക കൂടിയാണ്. മതബിംബങ്ങളിലൂടെയും തീവ്ര വർഗീയ പ്രചാരണങ്ങളിലൂടെയും ആർക്കും ഇനി ഒരു അധികാരവും സംരക്ഷിക്കാനാകില്ല. വികസനത്തിനൊപ്പം ജനങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാരം കുറയ്ക്കുന്ന നടപടികളാണ് ജനങ്ങൾ ഭരിക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും യാത്രയുടെയും ഇന്ധനത്തിന്റെയും മറ്റും നിരക്ക് അടിക്കടി കൂടിക്കൊണ്ടിരുന്നാൽ സഹികെട്ട് പ്രത്യയശാസ്ത്രങ്ങൾക്കും ഇസങ്ങൾക്കും അപ്പുറം ജനം പ്രതികരിക്കും എന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് കൂടിയാണ് കഴിഞ്ഞുപോയിരിക്കുന്നത്.

അതുപോലെ തന്നെ അന്വേഷണ ഏജൻസികൾ പ്രതിപക്ഷത്തുള്ളവരെ മാത്രം വേട്ടയാടുന്ന തരത്തിലുള്ള ശൈലിയും ആർക്കും ന്യായീകരിക്കാനാവുന്നതല്ല. ഇലക്ഷൻ വേളയിലല്ല പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടതും അവരുടെ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കേണ്ടതും. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണെന്ന തിരിച്ചറിവ് ശക്തമായി പ്രതിഫലിപ്പിക്കുന്നതാണ് ഇത്തവണത്തെ ജനങ്ങളുടെ വോട്ടിംഗ് പാറ്റേൺ. ജനങ്ങളാണ് പരമാധികാരികൾ എന്ന് ഭരിക്കുന്നവരെ ഓർമ്മിപ്പിക്കുന്നതാണ് ഈ ജനവിധി. ജനങ്ങളുടെ ദൈവമായല്ല, അവരുടെ ദാസരായി വേണം നേതാക്കൾ ഭരണചക്രം തിരിക്കേണ്ടത്.

കേരളത്തിൽ ഒരിക്കലും താമര വിരിയില്ല എന്ന് എൽ.ഡി.എഫും യു.ഡി.എഫും ആവർത്തിച്ച് പറയുന്നതിനിടയിൽ ഇവിടെ തൃശൂരിൽ താമര വിരിഞ്ഞതാണ് സംസ്ഥാനത്തെ ലോക്‌‌സഭാ ഇലക്ഷന്റെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം തന്നെ ശക്തമായ ഭരണ വിരുദ്ധ വികാരവും സംസ്ഥാനത്ത് തെക്ക് വടക്ക് അലയടിച്ചു എന്നതും ഒരു വസ്തുതയാണ്. വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വമ്പിച്ച ഭൂരിപക്ഷം തന്നെയാണ് അതിന്റെ തെളിവ്. നേരിയ മാർജിനിലാണ് ബി.ജെ.പിക്ക് ആറ്റിങ്ങലും തിരുവനന്തപുരവും നഷ്ടമായത്. ഇത് സൂചിപ്പിക്കുന്നത് എൽ.ഡി.എഫിൽ നിന്നും യു.ഡി. എഫിൽ നിന്നും വോട്ടുകൾ ചോർന്ന് ബി.ജെ.പിക്ക് കിട്ടി എന്നതുതന്നെയാണ്. യു.ഡി.എഫിന് 18 സീറ്റുകൾ ലഭിച്ചത് വലിയ വിജയം തന്നെയാണ്. ആലത്തൂരിൽ രാധാകൃഷ്ണൻ എന്ന സ്ഥാനാർത്ഥിയുടെ എളിമയും സത്യസന്ധതയും എൽ.ഡി.എഫിന്റെ വിജയത്തിന് സഹായിച്ച ഘടകങ്ങളാണ്. എന്തുകൊണ്ടും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെ മോദിക്കും കേരളത്തിലെ പിണറായിക്കും ഒട്ടേറെ ജനഹിതമായ തിരുത്തലുകൾക്ക് അവസരം നൽകുന്നതാണ്. ആര് കാണിച്ചാലും അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും സ്ഥിരം ശൈലി ജനങ്ങൾ അധിക കാലം സഹിക്കില്ല.

പുതു തലമുറയുടെ ഉദയത്തോടെയും സ്ത്രീകളുടെ ശാക്തീകരണത്തിലൂടെയും വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന നാടാണ് കേരളവും ഇന്ത്യയും. അപ്പോൾ നേതാക്കൾക്കും അതിനനുസരിച്ചുള്ള കാഴ്ചപ്പാടും മാറ്റവും കാലത്തിന്റെ ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.