കൊച്ചി: സ്ഥലംമാറ്റത്തിലെ അന്തിമ തീരുമാനം നീളുന്നതും സാങ്കേതികപ്രശ്നങ്ങളും മൂലം എണ്ണായിരം ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ശമ്പള വിതരണം മുടങ്ങി.
ഫെബ്രുവരി 16ലെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലുമുള്ള ഹർജികളിൽ തീരുമാനം വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഹൈക്കോടതിയിലെ ഹർജി ഈ മാസം 11ലേയ്ക്ക് മാറ്റിയിരുന്നു.
ശമ്പളം വിതരണം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ്വെയറിൽ സ്ഥലംമാറ്റം ലഭിച്ച സ്കൂളിലേക്ക് മാറാൻ അദ്ധ്യാപകർക്ക് കഴിഞ്ഞിട്ടില്ല. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പഴയ സ്കൂളിൽ നിന്നുതന്നെയാണ് പ്രത്യേക സർക്കുലർ പ്രകാരം ശമ്പളം നൽകിയത്. മേയിലെ ശമ്പളം നൽകാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. ഇതുമൂലം സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ശമ്പളം ലഭ്യമാക്കാൻ പ്രിൻസിപ്പൽമാർ മടിക്കുകയാണ്.
സ്ഥലംമാറ്റം ലഭിച്ച് പുതിയ സ്കൂളുകളിൽ ചേർന്നവരെ അവ്യക്തത ചൂണ്ടിക്കാട്ടി പല പ്രിൻസിപ്പൽമാരും ഹാജർ ഒപ്പിടാൻ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ശമ്പളം നിഷേധിക്കപ്പെടുന്നത് അവസാനിപ്പിക്കാൻ അടിയന്തര തീരുമാനമെടുക്കണമെന്ന് കെ.എച്ച്.എസ്.ടി.എ പ്രസിഡന്റ് കെ. വെങ്കിടമൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് എന്നിവർ ആവശ്യപ്പെട്ടു. 11ന് പ്രതിഷേധം സംഘടിപ്പിക്കും.
ഹയർ സെക്കൻഡറി സ്ഥലംമാറ്റം:
തത്സ്ഥിതി 11വരെ
കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ജൂൺ 11ന് പരിഗണിക്കാൻ മാറ്റി. അതുവരെ തത്സ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവും നീട്ടി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നിയമ നടപടി സ്വീകരിക്കും
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങൾ വ്യാജമായി അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ ഡോ.എം. സത്യൻ അറിയിച്ചു.
നഴ്സിംഗ് പ്രവേശനം:
പ്രോസ്പെക്ടസ്
കൈമാറി
തിരുവനന്തപുരം: മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിനായി സ്വകാര്യ നഴ്സിംഗ് കോളേജുകൾ പ്രോസ്പെക്ടസ് തയ്യാറാക്കി അഡ്മിഷൻ സൂപ്പർവൈസറി ആൻഡ് ഫീ റഗുലേറ്ററി കമ്മിഷന് കൈമാറി. പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷനും ക്രിസ്റ്റ്യൻ മാനേജ്മെന്റ് അസോസിയേഷനുമാണ് പ്രോസ്പെക്ടസ് സമർപ്പിച്ചത്. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അസോസിയേഷനുകൾ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം ഇറക്കും. രണ്ട് അസോസിയേഷനുകളിലുമായി 82 കോളേജുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |