SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.17 AM IST

സുനിൽ ഛെത്രി എന്ന സൂര്യൻ

sunil-chetri

ലോക ഫുട്ബാളിൽ ഇന്ത്യയുടെ സ്ഥാനം ഏറെ പിറകിലായിരിക്കാമെങ്കിലും അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ അഞ്ചുപേരുടെ പട്ടികയെടുത്താൽ അതിൽ നാലാമൻ ഒരു ഇന്ത്യക്കാരനാണ്; കഴിഞ്ഞ ദിവസം കളിക്കളത്തോട് വിടചൊല്ലിയ സുനിൽ ഛെത്രി. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും മുന്നിട്ടുനിൽക്കുന്ന ഗോളടിയിൽ ഒരു ഇന്ത്യക്കാരൻ ഇടംപിടിക്കുകയെന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കി മടങ്ങുന്ന ഛെത്രി അപൂർവങ്ങളിൽ അപൂർവമായി മാത്രം ഇന്ത്യൻ ഫുട്ബാളിനു ലഭിക്കുന്ന പ്രതിഭകളിൽ ഒരാളാണ്. 151 മത്സരങ്ങളിൽ നിന്ന് 94 ഗോളുകളാണ് സുനിൽ ഇന്ത്യയ്ക്കായി നേടിയത്. നൂറുമത്സരങ്ങൾ തികച്ച മറ്റൊരു ഇന്ത്യൻ താരമേയുള്ളൂ- ബെയ്ചുംഗ് ബൂട്ടിയ. 107 മത്സരങ്ങളിൽ നിന്ന് ബൂട്ടിയയ്ക്ക് നേടാൻ കഴിഞ്ഞത് 42 ഗോളുകൾ മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള ഐ.എം വിജയനാകട്ടെ,​ 88 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും. കണക്കുകളുടെ വലിപ്പത്തിനുമപ്പുറമാണ് നീണ്ട 19 കൊല്ലക്കാലം ഛെത്രി ഇന്ത്യൻ ഫുട്ബാളിനു സമ്മാനിച്ചത്.

13 വർഷത്തോളം ഇന്ത്യയെ നയിച്ച ഛെത്രി കരിയറിൽ നാല് സാഫ് ചാമ്പ്യൻഷിപ്പുകളിലും മൂന്ന് നെഹ്‌റു കപ്പുകളിലും രണ്ട് ഇന്റർ കോണ്ടിനെന്റൽ കപ്പുകളിലും ഓരോ ത്രിരാഷ്ട്ര കപ്പിലും എ.എഫ്.സി ചലഞ്ച് കപ്പിലും മുത്തമിട്ടു. 2005ൽ അരങ്ങേറ്റ മത്സരം കളിച്ച ഛെത്രി 49 ടീമുകൾക്കെതിരെ ഗോളുകൾ നേടിയിട്ടുണ്ട്. നേപ്പാളിനെതിരെയാണ് ഛെത്രി കൂടുതൽ തവണ വല കുലുക്കിയത്. കൂടുതൽ അന്താരാഷ്ട്ര ഹാട്രിക്കുകൾ നേടിയ ഇന്ത്യക്കാരനും ഛെത്രിയാണ്; നാലു തവണ. 2023 സാഫ് കപ്പിൽ പാകിസ്ഥാനെതിരെയായിരുന്നു അവസാന ഹാട്രിക്ക് നേട്ടം. മൂന്ന് വൻകരകളിൽ ബൂട്ടുകെട്ടിയ ഛെത്രി 89 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ശേഷമാണ് കുപ്പായമഴിച്ചുവച്ചത്.ഛെത്രിയുടെ പലഗോളുകളും വ്യക്തിഗത മികവിൽനിന്ന് ഉരുത്തിരിഞ്ഞതായിരുന്നു. കൃത്യതയാർന്ന ഫിനിഷിംഗും ഹെഡിംഗിലെ ടൈമിംഗും ഈ പ്രായത്തിലും നിലനിറുത്തുന്ന ഫിറ്റ്നസുമാണ് ഛെത്രിയുടെ സ്കോറിംഗ് റേറ്റ് ഉയർന്നുനിൽക്കാൻ കാരണം.

എതിർ ഡിഫൻസിനു മുന്നിൽ നിഷ്കളങ്കനായി നിൽക്കുകയും കിട്ടുന്ന അവസരത്തിൽ മിന്നലുപോലെ മുന്നോട്ടുപായുകയും ചെയ്യുന്ന ഈ ചെറിയ മനുഷ്യനെ തടുക്കാൻ പലപ്പോഴും ഡിഫൻഡർമാർ പാടുപെടാറുണ്ട്.

തന്റെ ആദ്യ മത്സരത്തിലും അമ്പതാം മത്സരത്തിലും നൂറാം മത്സരത്തിലും 150-ാം മത്സരത്തിലുമൊക്കെ ഗോളടിച്ചാഘോഷിച്ചിരുന്ന ഛെത്രി അവസാന മത്സരത്തിൽ ഗോളടിച്ച് ടീമിനെ വിജയത്തിലെത്തിക്കാനാകാത്ത സങ്കടത്തോടെയാണ് പടിയിറങ്ങിയത്. കുവൈറ്റിനോട് ഗോൾരഹിത സമനിലയിൽ പിരിയേണ്ടിവന്നതോടെ,​ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിലെത്താമെന്ന ഇന്ത്യയു‌ടെ പ്രതീക്ഷകളും തുലാസിലായി. പ്രതിരോധത്തിലെ പാളിച്ചകളും പാസിംഗിലെ പിഴവുകളും ഒഴിവാക്കാനാകുമായിരുന്നെങ്കിൽ ഛെത്രിക്ക് എന്നെന്നും ഓർമ്മിക്കാനാവുന്ന ഒരു വിജയത്തോടെ യാത്രഅയപ്പ് നൽകാൻ സഹതാരങ്ങൾക്ക് കഴിയുമായിരുന്നു.

ചുനി ഗോസ്വാമിയും ജർണയിൽ സിംഗും പി.കെ ബാനർജിയുമൊക്കെ വിയർപ്പൊഴുക്കി ഇന്ത്യൻ ഫുട്ബാളിനെ വാർത്തെടുത്ത മണ്ണാണ് കൊൽക്കത്ത.ആ സുവർണകാലത്തിനു ശേഷം തരിശായിരുന്ന ഇന്ത്യൻ ഫുട്ബാളിലേക്ക് വിജയനെയും ബൂട്ടിയയേയും ഛെത്രിയേയും പോലുള്ള പുതുനാമ്പുകൾ വന്നു. ഏറെനാൾ കളിച്ച സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ തന്റെ വിരമിക്കൽ കണ്ണീർത്തുള്ളികൾ വീഴ്ത്തി ഛെത്രി മടങ്ങുകയാണ്; നാളെയുടെ പ്രഭാതത്തിൽ പുതിയൊരു സൂര്യോദയം പ്രതീക്ഷിച്ച്. ഏതു സൂര്യനും മാഞ്ഞുപോയേ മതിയാകൂ. ഇന്ത്യൻ ഫുട്ബാളിൽ ഇനിയും താരോദയങ്ങളുണ്ടാകും. പക്ഷേ സുനിൽ ഛെത്രിയുടെ സിംഹാസനം ഏറെനാൾ അനാഥമായിരിക്കും.രണ്ട് സീസണുകൾകൂടി ക്ളബ് ഫുട്ബാളിൽ തുടരുന്ന ഛെത്രിയുടെ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.