SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.00 PM IST

പരിചയപ്പെടാനെന്ന പേരിൽ ക്ളാസിൽ നിന്ന് വിളിച്ചിറക്കി വിദ്യാർത്ഥിയെ കത്രികകൊണ്ട് കുത്തി

Increase Font Size Decrease Font Size Print Page
sabarinath

വയനാട്: റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. വയനാട് മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ ശബരിനാഥിനാണ് (15) മർദ്ദനമേറ്റത്. അമ്പലവയൽ സ്വദേശിയാണ്.

ശബരിനാഥിനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലുമാണ് കുത്തേറ്റത്. ചെവിക്കും സാരമായ പരിക്കുപറ്റി. ശബരിനാഥിനെ പരിചയപ്പെടാനെന്ന പേരിൽ ക്ളാസിൽ നിന്ന് വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ചികിത്സയ്‌ക്കെത്തിയ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്യിക്കാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്. വിദ്യാർത്ഥിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

അതേസമയം, കൊല്ലത്ത് പതിമൂന്ന് വയസുകാരനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി ആയണിവേൽക്കുളങ്ങര കോഴിക്കോട് ചാലിൽ തെക്കതിൽ ജലാലുദ്ദീൻകുഞ്ഞാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. മർദ്ദനമേറ്റ കുട്ടിയുടെ സംരക്ഷണ ചുമതല ജലാലുദ്ദീൻകുഞ്ഞിനാണ്. ഇയാൾ പറഞ്ഞ കാര്യങ്ങൾ കുട്ടി അനുസരിച്ചില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്.

കേബിൾ വയറിന് തോളിലും പുറത്തും അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. കുട്ടി കരഞ്ഞപ്പോൾ വായിൽ തേർത്ത് തിരുകിയ ശേഷം ചങ്ങലകൊണ്ട് കൈ ജനൽകമ്പിയിൽ കെട്ടുകയും കേബിൾ വയർ കൊണ്ട് മരാകമായി അടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷിജു, ഷാജിമോൻ, റഹീം, എ.എസ്.ഐ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS: CASE DIARY, SABARINATH, CLASS TEN STUDENT, WAYANAD, ATTACKED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY