ന്യൂഡൽഹി : മൂന്നാംവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇറ്റലിയിലേക്ക് ആയിരിക്കും. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ യാത്ര.
പൊതു തിരഞ്ഞെടുപ്പ് ഫലത്തിനും മുൻപ് തന്നെ ജി 7 ഉച്ചകോടിയിലേക്കുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണം മോദി സ്വീകരിച്ചിരുന്നു. ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, മെലോണിയുമായി കൂടിക്കാഴ്ച നടത്തും. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, യു.കെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടന്നേക്കും. വിവിധ മേഖലകളിലെ പരസ്പര സഹകരണം ഉൾപ്പെടെ ചർച്ചയാകും. ജൂൺ 15,16 തീയതികളിൽ സ്വിറ്റ്സർലാൻഡിലെ ബർഗൻസ്റ്റോക്കിൽ നടക്കുന്ന 'യുക്രെയ്നിൻ സമാധാന ഉച്ചകോടി'യിലേക്കും മോദിക്ക് ക്ഷണമുണ്ട്. എന്നാൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
അതേസമയം നരേന്ദ്രമോദിയുടെ എൻ.ഡി.എ സർക്കാർ നാളെ വൈകിട്ട് 7.15ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, 'വികസിത് ഭാരത്' അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ പങ്കെടുക്കും.
ചടങ്ങിന്റെ ഭാഗമായി ഡൽഹിയിൽ മൂന്നുനിര സുരക്ഷ ഒരുക്കി. ടി.ഡി.പിക്കും ജെ.ഡി.യുവിനും ഒരു ക്യാബിനറ്റ് മന്ത്രിയും രണ്ട് സഹമന്ത്രിമാരും ഇരു സംസ്ഥാനങ്ങൾക്കും കൂടുതൽ സഹായ പാക്കേജുകളുമാണ് വാഗ്ദാനം. എൽ.ജെ.പി, ശിവസേന, എൻ.സി.പി. ജെ.ഡി.എസ്, അപ്നാദൾ എന്നിവർക്ക് ഒരു ക്യാബിനറ്റ് മന്ത്രി അല്ലെങ്കിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയെ ലഭിച്ചേക്കും. ജനസേനയ്ക്ക് സഹമന്ത്രിയും.ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയ്ക്കും മികച്ച പരിഗണന ലഭിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |