ന്യൂഡൽഹി: 2019ലെ പൊതുതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഒട്ടേറെ സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. എന്തിനേറെ പറയുന്നു, അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് വരെ പാർട്ടിക്ക് നഷ്ടമായി. അടുത്തിടെ കേന്ദ്ര സർക്കാർ സൈന്യത്തിലേക്കുള്ള റിക്രൂട്ടിംഗിനായി ആരംഭിച്ച അഗ്നിപഥ് പദ്ധതി ഉത്തരേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയെന്നാണ് പറയപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പ് എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവും അഗ്നിപഥ് പദ്ധതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യൻ സൈന്യം അഗ്നിപഥ് പദ്ധതി അവലോകനം ചെയ്യുകയും മെച്ചപ്പെടുത്തുന്നതിന് നിരവധി ശുപാർശകൾ നൽകുകയും ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. നിലവിൽ നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീർമാരെ റെഗുലർ സർവീസിലേക്ക് നിയമിക്കുകയാണ് ചെയ്യുന്നത്. 25 ശതമാനം പേരെയാണ് ഇപ്പോൾ ഈ രീതിയിൽ റെഗുലർ സർവീസിലേക്ക് മാറ്റുന്നത്. ഇത് 60 മുതൽ 70 ശതമാനം വരെ വർദ്ധിപ്പിക്കാനുള്ള ശുപാർശയും സൈന്യം നൽകിയെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ
അഗ്നിപഥ് പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച് സായുധ സേനയും പ്രതിരോധ മന്ത്രാലയവും വിലയിരുത്തുകയാണെന്ന് പ്രതിരോധ, സുരക്ഷാ വൃത്തങ്ങൾ സൂചന നൽകുന്നു. നാല് വർഷത്തിൽ നിന്നും അഗ്നിവീറിന്റെ കാലാവഥി ഏഴ് മുതൽ എട്ട് വർഷത്തേക്ക് വർദ്ധിപ്പിക്കാനുള്ള ശുപാർശയുമുണ്ട്. കൂടാതെ അഗ്നിവീറാകാനുള്ള പ്രായം 23 വയസായി വർദ്ധിപ്പിക്കാനുള്ള നീക്കവും നടന്നേക്കും. പരിശീലന വേളയിൽ സംഭവിക്കുന്ന അംഗവൈകല്യത്തിന് എക്സ് ഗ്രേഷ്യ നൽകണമെന്നും എക്സിറ്റ് മാനേജ്‌മെന്റ് ഒരു പ്രൊഫഷണൽ ഏജൻസി കൈകാര്യം ചെയ്യണമെന്നും നിർദേശിച്ചു. കൂടാതെ യുദ്ധത്തിനിടെ മരണപ്പെടുകയാണെങ്കിൽ അവരുടെ കുടുംബത്തിന് അർഹമായ അലവൻസ് നൽകണമെന്ന ശുപാർശയും ഉയർന്നിട്ടുണ്ട്.
അഗ്നിപഥ് അവതരിപ്പിച്ചതിന് പിന്നിൽ
പെൻഷൻ കുറയ്ക്കുന്നതിനും കൂടുതൽ യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുമാണ് അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. എന്നാൽ ഇങ്ങനെ സൈന്യത്തിൽ എത്തുന്നവർക്ക് പരിശീലനവും വൈദഗ്ധ്യവും കുറവായിരിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. അതേസമയം, അഗ്നിപഥ് സ്‌കീമിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിർത്തിയാൽ, ഇന്ത്യൻ സൈന്യത്തിന് ഓഫീസർ റാങ്കിന് താഴെയുള്ള ആളുകളുടെ ഗണ്യമായ കുറവുണ്ടാകുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ കുറവ് നികത്താൻ ഒരു പതിറ്റാണ്ടിലേറെ സമയം വേണ്ടിവരും. അതുകൊണ്ട്, സൈനികരെ വേഗത്തിൽ റിക്രൂട്ട് ചെയ്യുന്നതിനും സമഗ്രമായ പരിശീലനം നൽകുന്നതിനും അഗ്നിപഥ് പദ്ധതി മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്.
സൈനികർക്കുള്ള അനുഭവ സമ്പത്തുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. പഴയ റിക്രൂട്ട്‌മെന്റ് സ്‌കീമിന് കീഴിൽ റിക്രൂട്ട് ചെയ്യുന്ന ഉദ്യോഗസ്ഥർ സാധാരണയായി 35 വയസിൽ വിരമിക്കുന്നു. സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിച്ചവർ 52ാം വയസിലാണ് വിരമിക്കുക. സൈന്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനത്തിൽ അവർ വലിയ പരിചയ സമ്പത്തുള്ളവരായിരിക്കും. പ്രവർത്തനക്ഷമത നിലനിർത്തുന്നതിനും പുതിയ റിക്രൂട്ട്‌മെന്റുകൾക്കിടയിലുള്ള അനുഭവത്തിന്റെയും വൈദഗ്ധ്യത്തിന്റെയും അഭാവം പരിഹരിക്കുന്നതിനും അഗ്നിവീറുകൾക്ക് മികച്ച പരിശീലനം നൽകാനാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |