SignIn
Kerala Kaumudi Online
Thursday, 20 June 2024 1.42 PM IST

ബാർ കോഴയിൽ കേസെടുത്തില്ലെങ്കിൽ സഭയ്‌ക്ക് അകത്തും പുറത്തും നിരന്തര സമരമെന്ന് പ്രതിപക്ഷ നേതാവ്

vd-satheesan

തിരുവനന്തപുരം: ബാർ കോഴ സംബന്ധിച്ചുള്ള അടിയന്തിര പ്രമേയത്തിന് എക്‌സൈസ് മന്ത്രി നല്‍കിയ മറുപടി കേട്ടപ്പോൾ യു.ഡി.എഫ് കാലത്തെ മദ്യ നയം ചര്‍ച്ച ചെയ്യുന്നത് പോലെയാണ് തോന്നിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ നടത്തിയ അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു സതീശന്റെ പ്രതികരണം. മറുപടി പറയാന്‍ കഴിയാത്തതിനാല്‍ ആരോപണത്തിലേക്ക് പോലും മന്ത്രി കടന്നില്ല. ആരോപണം വന്നപ്പോള്‍ തന്റെ ഓഫീസ് ഡി.ജി.പിക്ക് പരാതി നല്‍കിയെന്ന് എത്ര അഭിമാനത്തോടെയാണ് മന്ത്രി പറയുന്നത്. ബാര്‍ മുതലാളിമാരുടെ യോഗത്തിലെ തീരുമാനങ്ങള്‍ എങ്ങനെ പുറത്ത് വന്നു എന്നാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ബാര്‍ ഉടകളുടെ നേതാവിന്റെ സന്ദേശമാണ് പുറത്തുവന്നത്. ഇത് തെളിവായി സ്വീകരിക്കാമെന്ന സുപ്രീം കോടതി ഉത്തരവുണ്ട്. അതുമല്ലെങ്കില്‍ എവിഡന്‍സ് ആക്ടിനെ കുറിച്ച് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യനയം വരുമെന്നും ഡ്രൈ ഡേ ഉള്‍പ്പെടെയുള്ളവ എടുത്തുകളയുമെന്നുമുള്ള ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാര്‍ ഉടമകള്‍ പണപ്പിരിവ് ആരംഭിച്ചു. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടിയാണ് പണം പിരിച്ചതെന്ന ന്യായം ബാര്‍ ഉടമകള്‍ പറഞ്ഞെങ്കിലും സംഘടനാകാര്യങ്ങളും പുതിയ അബ്ക്കാരി പോളിസിയുമാണ് യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നത്. അബ്ക്കാരി നയം അനുകൂലമാകണമെങ്കില്‍ പണം നല്‍കണമെന്നും പണപ്പിരിവ് ആരംഭിച്ചിട്ടും എല്ലാവരും പണം നല്‍കിയില്ലെന്നുമാണ് ബാര്‍ ഉടമകളുടെ നേതാവ് പറയുന്നത്. ബാര്‍ ഉടമയുടെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളുമെല്ലാം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. അഴിമതി നിരോധന നിയമത്തിന്റെ 8, 9, 12 വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കണം.

പണം നല്‍കിയെന്ന് ഒരു ബാര്‍ ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേസെടുത്തത്. ഇപ്പോഴും ബാര്‍ ഉടമ തന്നെയാണ് സര്‍ക്കാരിന് പണം നല്‍കണമെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫൈവ് സ്റ്റാര്‍ അല്ലാത്ത എല്ലാ ബാറുകളും പൂട്ടാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചു. ഇതിനു പിന്നാലെ ടൂറിസം, തൊഴില്‍ മേഖലയില്‍ നിന്നും ധാരാളം പരാതികള്‍ വന്നു. അന്ന് മന്ത്രിമാര്‍ക്ക് കിട്ടിയ പരാതികളാണ് ഇപ്പോള്‍ വലിയ രേഖയായി മന്ത്രി എം.ബി രാജേഷ് അവതരിപ്പിച്ചത്. ടൂറിസം വകുപ്പ് ഇടപെട്ടു എന്നതാണ് ഇവിടുത്തെ പരാതി. എക്‌സൈസ് പോളിസി റിന്യൂവല്‍ മീറ്റിങ് എന്ന പേരിലാണ് ടൂറിസം ഡയറക്ടര്‍ യോഗം വിളിച്ചത്. അബ്ക്കാരി പോളിസി റിന്യൂവല്‍ മീറ്റിങ് നടത്താന്‍ ടൂറിസം വകുപ്പിന് എന്ത് അധികാരമാണുള്ളത്? അങ്ങയുടെ വകുപ്പ് ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. ടൂറിസം വകുപ്പാണ് 21 ന് ചേര്‍ന്ന യോഗത്തില്‍ വേണ്ട രീതിയില്‍ ചെയ്തു കൊളളാമെന്ന് ബാര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് 23 ന് ബാര്‍ ഉടമകള്‍ യോഗം ചേര്‍ന്ന് പണപ്പിരിവ് നടത്തിയത്. നേരത്തെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ അബ്ക്കാരി ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. അബ്ക്കാരി പോളിസി റിവ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിക്കാന്‍ ടൂറിസം വകുപ്പിന് എന്ത് അധികാരമാണുള്ളതെന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഞാനാണ് മന്ത്രിയെന്ന നിലയില്‍ ഞാനാണ് മീറ്റിംഗ് നടത്തേണ്ടതെന്ന് എം.ബി രാജേഷ് പറഞ്ഞത് പ്രതിപക്ഷത്തോടല്ല ടൂറിസം മന്ത്രിയോടാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. നിങ്ങളുടെ വകുപ്പിലേക്കാണ് ടൂറിസം വകുപ്പ് കടന്നു കയറുന്നത്.

ടൂറിസം യോഗം വിളിച്ചിട്ടുണ്ടെന്ന് ടൂറിസം മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ അബ്ക്കാരി പോളിസി റിന്യൂവലില്‍ ടൂറിസം ഡയറക്ടര്‍ക്ക് യോഗം വിളിക്കാന്‍ എന്ത് അധികാരമാണ് ഉള്ളതെന്ന ചോദ്യം ആവര്‍ത്തിക്കുകയാണ്. ഇങ്ങനെ പോയാല്‍ ക്രമസമാധാന പ്രശ്‌നത്തിലും ടൂറിസം വകുപ്പ് യോഗം വിളിക്കുമല്ലോ. ഇനി മന്ത്രി അറിയാതെയാണ് യോഗം വിളിച്ചതെന്നു പറഞ്ഞാല്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ ടൂറിസം മന്ത്രി യോഗ്യനല്ല. മന്ത്രി അറിയാതെ ടൂറിസം ഡയറക്ടര്‍ അബ്ക്കാരി പോളിസി റിന്യൂവലിനെ കുറിച്ച് യോഗം നടത്തില്ല.

സംസ്ഥാനത്ത് മദ്യ വില്‍പന കുറഞ്ഞുവെന്ന് മന്ത്രി പറയുന്നതും തെറ്റാണ്. ബിവറേജസ് കോര്‍പറേഷനില്‍ നിന്നും വാങ്ങുന്ന മദ്യം കൂടാതെ ബാറുകളില്‍ സെക്കന്റ്‌സ് വില്‍പന നടക്കുന്നതു കൊണ്ടാണിത്. അതുമല്ലെങ്കില്‍ വ്യാപകമായി എം.ഡി.എം.എ ഉള്‍പ്പെടെയുള്ളവ വ്യാപിക്കുന്നുണ്ട്. കേരളം രാജ്യത്തെ ലഹരി തലസ്ഥാനമായി മാറിയിരിക്കുകയാണ്. അല്ലാതെ നിങ്ങളുടെ മദ്യ നയം കൊണ്ടല്ല മദ്യ ഉപഭോഗം കുറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം 130 ബാര്‍ ലൈസന്‍സുകള്‍ നല്‍കിയവരാണ് മദ്യം വ്യാപിക്കില്ലെന്ന് പറയുന്നത്. മദ്യമെന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാനുമുള്ള ശേഷിയുള്ളത് ഇടതുപക്ഷത്തിനാണെന്നും മദ്യവിരുദ്ധ സമിതികളുമായി ചേര്‍ന്ന് മദ്യ വ്യാരപനത്തെ എതിര്‍ക്കുമെന്നുമാണ് 2016-ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 900 ആയത്.

ബാറുകളില്‍ ഒരു പരിശോധനയും നടക്കുന്നില്ല. ടേണ്‍ ഓവര്‍ ടാക്‌സ് കൃത്യമായി പിരിക്കുന്നില്ല. രൂക്ഷമായ നികുതി വെട്ടിപ്പാണ് ഈ മേഖലയില്‍ നടക്കുന്നത്. മദ്യ നയം വന്നപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ വ്യത്യസ്തമായ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അല്ലാതെ നിങ്ങളുടെ പാര്‍ട്ടിയലേതു പോലെ ഒരാള്‍ പറയുന്നത് മാത്രമല്ല അഭിപ്രായം. ബാര്‍ കോഴ സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ പരാതിയില്‍ അഴിമതി നിരോധന നിയമപ്രാകാം കേസെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. അഴിമതിക്ക് പിന്നില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ബാര്‍ ഉടമകളുമുണ്ട്. എല്ലവരും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പണപ്പിരിവ് നടത്തിയത്. ഇക്കാര്യത്തില്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തണം. അതിനൊപ്പം ജുഡീഷ്യല്‍ അന്വേഷണവും വേണമെന്നതാണ് പ്രതിപക്ഷ നിലപാട്.

കാലം വന്ന് നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കുമെന്ന് മുഖ്യമന്ത്രിയോട് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ കാലം വന്ന് കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ചാകാത്ത പുഴുവുള്ള നരകത്തില്‍ വീഴുമെന്ന ഹീനമായ പദപ്രയോഗങ്ങളാണ് വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ കെ.എം മാണി സാറിനെതിരെ ഉപയോഗിച്ചത്. അത്തരം ഹീനമായ വാക്കുകളൊന്നും റോജി എം. ജോണ്‍ പറഞ്ഞിട്ടില്ല. അഴിമതിയും ഗൂഡാലോചനയും നടന്നിട്ടുണ്ടെന്നാണ് പറഞ്ഞത്. ഗോവര്‍ദ്ധനന്റെ യാത്രയില്‍ രാജാവ് കുരുക്കുമായി നടക്കുന്നെന്നാണ് എകസൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ഞങ്ങളല്ല, ജനങ്ങളാണ് ആ രാജാവിന്റെ റോളില്‍ എല്ലാവരുടെയും കഴുത്തില്‍ കുരുക്കിട്ടത്. അത് നന്നായി വീണിട്ടുണ്ട്. രാജാവ് നഗ്നനാണെന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചു പറയും. അതാണ് എം.ബി രാജേഷ് പറഞ്ഞ രാജാവും ഞങ്ങളുടെ രാജാവും തമ്മിലുള്ള വ്യത്യാസം. ഇത്രയും കനത്ത ആഘാതം തിരഞ്ഞെടുപ്പില്‍ കിട്ടിയിട്ടും ജനപിന്തുണയെ കുറിച്ചൊക്കെ ഇത്രയും സംസാരിക്കാനുള്ള മന്ത്രിയുടെ ചങ്കുറപ്പിന് മുന്നില്‍ നമസ്‌ക്കരിക്കുകയാണ്.

ബാര്‍ കോഴ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയിരിക്കുന്ന പരാതിയില്‍ അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയാറുണ്ടോ? അന്വേഷണം നടത്തിയേ മതിയാകൂ എന്നതാണ് ഞങ്ങളുടെ ആവശ്യം. ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി നല്‍കിയ പരാതിയില്‍, വിജിലന്‍സ് അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. കേസെടുത്തേ മതിയാകൂ. അതിന് വേണ്ടി നിയമസഭയിലും പുറത്തും നിരന്തരമായ സമരത്തിലേക്ക് പ്രതിപക്ഷം കടക്കും. കൊള്ള നടത്തിയവര്‍ ആരൊക്കെയെന്നത് പുറത്തു വന്നേ മതിയാകൂവെന്ന ശക്തമായ നിലപാടിലാണ് പ്രതിപക്ഷമെന്നും വി.ഡി സതീശൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN, BAR BRIBE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.