SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.15 AM IST

വീണ്ടും ഗണപതിവട്ടം സുരേന്ദ്രൻജി വക...

k-surendran

വയനാട്ടിൽ തോറ്റെങ്കിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ജി സന്തോഷത്തിലാണ്. തോൽക്കുമ്പോൾ സന്തോഷമോ?​ കേട്ടിട്ട് നെറ്റി ചുളിക്കേണ്ട. ചില പ്രത്യേക അവസരത്തിൽ മാത്രം കിട്ടുന്ന സന്തോഷമാണത്,​ ഈ ജീവാനന്ദം എന്നൊക്കെ പറയുന്നതുപോലെ. കാരണം മറ്റൊന്നുമല്ല,​ നമ്മുടെ സുൽത്താൻ ബത്തേരി ഇല്ലേ....വയനാട്ടിലെ ബത്തേരി. ജയിച്ചാൽ അതിന്റെ പേര് ഗണപതിവട്ടം എന്നാക്കാമെന്ന സ്വപ്നത്തിന് പിറകെ ആയിരുന്നല്ലോ സുരേന്ദ്രൻജി. പക്ഷേ പണി ചെറുതായൊന്ന് പാളി. പേരുമാറ്റുമെന്ന് പറഞ്ഞ‍ിട്ടും ജയിച്ചില്ല. താൻ പറഞ്ഞത് പലർക്കും കലങ്ങിയില്ലെന്നാണ് ജി പറയുന്നത്. എന്നാൽ ജിയുടെ ആഗ്രഹം സഫലമാകാനുള്ള ചാൻസ് ഇനിയുമുണ്ട്. നമ്മുടെ ജയിച്ച സ്ഥാനാർത്ഥിയുണ്ടല്ലോ,​ മ്മടെ കോൺഗ്രസിന്റെ രാഗ....രാഹുൽ ഗാന്ധി അദ്ദേഹം ഉടൻ തന്നെ വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയും. മൂപ്പര് അങ്ങ് വടക്കുള്ള റായ്ബറേലിയിൽ വിജയിച്ചല്ലോ. അതും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് (ഇവിടെയും ഭൂരിപക്ഷം ലക്ഷമാണ്)​. രാഗ സീറ്റ് ഒഴിയണേ എന്ന് പ്രാർത്ഥിച്ച് ഗണപതിക്ക് എത്ര തേങ്ങയാണെന്നോ സുരേന്ദ്രൻജി ഉടച്ചത്. അതിന് ഫലമുണ്ടായല്ലോ. എന്റെ വിഘ്നേശ്വരനെ ഇനി നീ തന്നെ ശരണം. ഉപതിരഞ്ഞെടുപ്പിൽ ഒന്ന് പ്രസാദിച്ചാൽ ബത്തേരിക്ക് അങ്ങയുടെ പേരിടുമെന്നത് എന്റെ വാക്കാണ്. രാഹുൽ ഒഴിഞ്ഞാൽ അത് നടക്കുമെന്നാണ് ജിയുടെ പക്ഷം. കാരണം അത്രയ്ക്ക് അനുകൂലമല്ലേ ഭാജ്പയുടെ കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി.

ആദ്യ പരിഗണന

ഗണപതിവട്ടത്തിന്

എങ്കിലും ഈ ഗണപതിവട്ടം എന്താണെന്ന് അറിയണ്ടേ. പ്രാചീനകാലത്തെ സുൽത്താൻ ബത്തേരിയുടെ പേരായിരുന്നത്രേ ഈ ഗണപതിവട്ടം. അത് തിരിച്ചുനൽകണമെന്ന് പറഞ്ഞ സുരേന്ദ്രനെ എല്ലാവരും കൂടി വളഞ്ഞിട്ടല്ലേ ആക്രമിച്ചത്. നിന്നോടൊക്കെ ഗണപതി ചോദിക്കും. സുരേന്ദ്രൻജി ഗണപതിവട്ടത്തെ കുറിച്ച് പറഞ്ഞത് കൂടി ഇതിനൊപ്പം അറിയണം. ഇല്ലേൽ ചരിത്രം പൂർത്തിയാകില്ല. ജിയുടെ വാക്കുകൾ: ''വൈദേശികാധിപത്യത്തിനെതിരെ പോരാട്ടം നടന്ന ചരിത്രമുള്ള ഇടമാണ് വയനാട്. പഴശ്ശിരാജയും പോരാളികളും ടിപ്പുവിനെതിരെ പടനയിച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ യഥാർത്ഥ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്‌ ശേഷമാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നത്. സുൽത്താൻ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിച്ച്, ഹിന്ദുക്കളെ മതംമാറ്റി മുസ്ലിമാക്കിയ വ്യക്തിയാണ് ടിപ്പു സുൽത്താൻ. മോദിയുടെ സഹായത്തോടെ ഈ സ്ഥലത്തിന്റെ പേര് ഗണപതിവട്ടമെന്നാക്കി പുനർനാമകരണം ചെയ്യും. എം.പിയായാൽ തന്റെ ആദ്യ പരിഗണന അതിനായിരിക്കും''

ചരിത്രം ‌

ജി ക്ക് ഒപ്പം

ഗണപതിവട്ടം എന്ന പേരിന് 600 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ചരിത്രം പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് വയനാട്ടിൽ തലശ്ശേരി സബ്‌കളക്‌ടറായിരുന്ന ടി.എച്ച് ബാലന്റെ കാലത്താണ് സെറ്റിൽമെന്റ്സ് ഉണ്ടായത്. അതിന്റെ ഭാഗമായി പത്ത് ഡിവിഷനുകൾ രൂപംകൊണ്ടു. മുന്നാട്, മുത്തൂർനാട്, ഇളംകൂർനാട്, കുറുമ്പാല, വയനാട്, ഗണപതിവട്ടം തുടങ്ങിയ പത്ത് ഡിവിഷനുകൾ. പ്രസിദ്ധമായ ഒരു ഗണപതി ക്ഷേത്രം നിലനിന്നിരുന്നതിനാലാണ് ഗണപതിവട്ടം എന്ന പേരുതന്നെ ആ സ്ഥലത്തിന് ലഭിച്ചത്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടകാലത്ത് ഗണപതിവട്ടം ക്ഷേത്രപരിസരത്ത് സുൽത്താന്റെ പട്ടാളം തമ്പടിക്കുകയും സേനാതാവളമാക്കുകയും ചെയ്തു. സുൽത്താൻസ് ബാറ്ററി (സുൽത്താന്റെ ബാറ്ററി) എന്നാണ് ബ്രിട്ടീഷുകാർ ഇതിനെ വിളിച്ചത്. അത് ലോപിച്ച് സുൽത്താൻ ബത്തേരി എന്നായി. 1934ൽ കിടങ്ങനാട് എന്ന പേരിൽ ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഇത് പിന്നീട് നൂൽപ്പുഴ, നെന്മേനി എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. അപ്പോഴും ഗണപതിവട്ടം എന്നായിരുന്നു പേര്. 1968ലാണ് സുൽബത്തേരി പഞ്ചായത്ത് രൂപം കൊണ്ടത്. കിടങ്ങനാട്, നൂൽപ്പുഴ, നെന്മേനി എന്നിവ ചേർന്നാണ് സുൽത്താൻ ബത്തേരി ഔദ്യോഗികമായി രൂപം കൊണ്ടത്. സുരേന്ദ്രൻ രാഷ്‌ട്രീയ നേട്ടത്തിനായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും ഗണപതിവട്ടം വിവാദം പുതിയ കാര്യമല്ല. ഹൈദരാലിയുടെ പടയോട്ടത്തിന് ശേഷമാണ് ഗണപതിവട്ടം സുൽത്താൻ ബത്തേരിയായത്. അതുകൊണ്ടുതന്നെ പരമാവധി 300 കൊല്ലം പഴക്കമേയുള്ളൂ സുൽത്താൻ ബത്തേരി എന്ന പേരിന്. എന്നാൽ ഗണപതിവട്ടം എന്ന പേരിന് നൂറ്റാണ്ടുകളാണ് പഴക്കം.

ട്രോളുകളിലും തളരാതെ

അതവിടെ നിൽക്കട്ടെ. ഈ സുരേന്ദ്രൻ ജീ പണ്ടും വിവാദത്തിൽ പെട്ടിട്ടുണ്ട്. നല്ല ഒന്നാന്തരം ബീഫ് കഴിച്ചിട്ട് ഉള്ളിക്കറി ആണെന്ന് പറഞ്ഞായിരുന്നു അന്ന് ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമായത്. കേരളത്തിൽ ഉള്ളിക്ക് പ്രചാരം കൂടുതൽ കിട്ടിയതും സുരേന്ദ്രൻജി പൊറോട്ടയും ബീഫും കഴിക്കുന്നെന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ നിന്നായിരുന്നു. ദോഷം പറയരുതല്ലോ, ബീഫ് കഴിക്കുന്ന ബി.ജെ.പി നേതാവ് എന്ന രീതിയിൽ സുരേന്ദ്രന്റെ ഫോട്ടോ അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ വരെയെത്തി. എന്നാൽ, താൻ കഴിച്ചത് ഉള്ളിക്കറിയാണെന്നും ബീഫ് അല്ലെന്നുമായിരുന്നു ജിയുടെ വിശദീകരണം. പക്ഷേ ആരുകേൾക്കാൻ. അല്ലേലും സുരേന്ദ്രൻ ജിയെ എടുത്തിട്ടങ്ങ് അലക്കി വെളുപ്പിക്കുകയെന്നത് എല്ലാവർക്കും ഒരു രസമാണല്ലോ. പോരാത്തതിന് അമൽ നീരദിന്റെ ഭീഷ്‌മപർവം എന്ന സിനിമയിലുമെത്തി ബീഫും ഉള്ളിക്കറിയും. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച പീറ്ററും സൗബിൻ ഷാഹിർ അവതരിപ്പിച്ച അജാസും രാജൻ മാധവൻ നായരെ (സുദേവ് നായർ)​ കാണാൻ പോകുന്ന സമയത്ത് ബീഫ് കഴിക്കുമോ എന്ന ചോദ്യത്തിന് ഇല്ല ഒൺലി ഉള്ളിക്കറിയെന്ന് ദിലീഷ് പോത്തൻ സിനിമയിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയ അതും അലക്കി. കാര്യം എന്തൊക്കെയായാലും സുരേന്ദ്രൻ ജി തളരില്ല. എത്ര തിരഞ്ഞെടുപ്പുകൾ വന്നുപോയാലും ജി അങ്ങനെ വിജൃംഭിച്ച് നിൽക്കും. ബത്തേരി ഗണപതിവട്ടമാകുന്ന ഒരു പ്രഭാതം പൊട്ടിവിടരുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അല്ലെങ്കിലും വട്ടങ്ങൾ എന്നും അദ്ദേഹത്തിനൊരു വീക്ക്‌നെസ് ആയിരുന്നല്ലോ. അല്ലേൽ എത്രവട്ടം വട്ടം കിട്ടിയിട്ടും ജി പിന്മാറുന്നില്ലല്ലോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.