മലപ്പുറം: പെൻഷനടക്കം സാധാരണക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് കഴിയാതെ വന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ 'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ നല്ലതുപോലെ തോറ്റു. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ല. തോൽവിയുടെ കാരണം കണ്ടെത്തി തിരുത്തി മുന്നോട്ടുപോവും. 62 ലക്ഷം ആളുകൾക്ക് കൊടുക്കേണ്ട പെൻഷൻ കൊടുത്ത് തീർക്കാനായിട്ടില്ല. അദ്ധ്യാപകർക്കുള്ള ഡി.എ പൂർണ്ണമായും കൊടുത്തിട്ടില്ല. ദുർബല ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും കൊടുക്കാനായില്ല. കൈത്തറിത്തൊഴിലാളികൾ, നെയ്ത്തു തൊഴിലാളികൾ, കശുവണ്ടിത്തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് കൃത്യമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ സാമ്പത്തിക പരാധീനത കാരണം നൽകാനായില്ല. കേന്ദ്രസർക്കാർ ഉപരോധം പോലെ സംസ്ഥാന സർക്കാരിനെ കൈകാര്യം ചെയ്യുകയാണ്.
സംഘടനാപരമായ പ്രശ്നങ്ങളും വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നു കരുതിയ പ്രവണതകൾ അരിച്ചരിച്ച് നമ്മുടെ കേഡർമാരിലും പ്രകടമായി.
അതിന്റെ ചോർച്ച സംഭവിച്ചു. ബി.ജെ.പിക്ക് 10 വർഷം കൊണ്ട് ഇരട്ടിയോളം ശക്തിവന്നത് അപകടകരമായ കാര്യമാണ്. 2019മായി താരതമ്യം ചെയ്യുമ്പോൾ തൃശൂരിൽ കോൺഗ്രസിന് 86,000 വോട്ടിന്റെ കുറവുണ്ടായി. എൽ.ഡി.എഫിന് 16,000 വോട്ട് കൂടി. കിട്ടുമെന്ന വിചാരിച്ച 1,000 വോട്ടുകൾ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ രാഷ്ട്രീയം ഇ.എം.എസിന് ശേഷം സെമിനാർ ഇന്നു രാവിലെ 9.30ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
വലിയ നിരാശ: പ്രകാശ് കാരാട്ട്
തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുമുന്നണിയുടെ പ്രകടനത്തിൽ വലിയ നിരാശയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പുതുലോക ക്രമവും ശീതയുദ്ധവും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കനത്ത നഷ്ടമാണ് പാർട്ടിയ്ക്കുണ്ടായത്. വിശദമായ പരിശോധന നടത്തി പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോവും. ഹിന്ദുത്വ അജൻഡ മാത്രം ലക്ഷ്യമാക്കുന്ന നരേന്ദ്രമോദിക്ക് അധിക കാലം ഭരണത്തിൽ തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |