SignIn
Kerala Kaumudi Online
Tuesday, 23 July 2024 8.11 PM IST

മുഖ്യമന്ത്രി അത് ചെയ്യുമ്പോൾ മറ്റുമന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മാറിനിൽക്കാൻ കഴിയുമോ? ലോക കേരളസഭയിൽ കണ്ടത്

pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കമാവും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ്‌സഭ നടക്കുക. വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും ആരംഭിക്കുക. 103 രാജ്യങ്ങളിൽ നിന്നും 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള കേരളീയ പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. നാളെ സമാപിക്കും.

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ അവ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിയത്.

ലോക കേരളസഭയുടെ തുടക്കം മുതൽ അതിനോട് സഹകരിക്കുകയും ആദ്യത്തെ രണ്ടു സമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്ത ഒരാളെന്ന നിലക്ക് ചില അഭിപ്രായങ്ങൾ പങ്കുവയ‌്ക്കുകയാണ് മുരളി തുമ്മാരുകുടി. മുഖ്യമന്ത്പി പിണറായി വിജയൻ ലോക കേരള സഭയ‌്ക്ക് നൽകുന്ന പ്രാധാന്യത്തെ കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്.

മുരളി തുമ്മാരുകുടിയുടെ വാക്കുകൾ-

''ലോകകേരളം സഭ കൂടുന്പോൾ

ലോക കേരളസഭയുടെ നാലാം സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങാനിരുന്നതാണ്. കുവൈറ്റിലുണ്ടായ നിർഭാഗ്യകരമായ സംഭവത്തിന്റെ സാഹചര്യത്തിൽ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു എന്നാണ് വായിച്ചത്.

അത് നന്നായി. കുവൈറ്റിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ആഗ്രഹിക്കുന്നു. ഇനി ഇത്തരത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള ശ്രമം അവിടെയും നാട്ടിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നാളെയും മറ്റന്നാളും പ്രതിനിധി സമ്മേളനം ഉണ്ടാകും. മറ്റന്നാൾ ഒരു ജി 20 മീറ്റിംഗിനായി ബ്രസീലിലേക്ക് പോകേണ്ട സാഹചര്യത്തിൽ ഇത്തവണ ഞാൻ ലോക കേരളസഭ സമ്മേളനത്തിന് ഉണ്ടാകില്ല. എന്നാലും ലോക കേരളസഭ ഒരു ആശയം ആയിരുന്ന സമയം മുതൽ അതിനോട് സഹകരിക്കുകയും ആദ്യത്തെ രണ്ടു സമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്ത ഒരാളെന്ന നിലക്ക് ചില അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാം.

ലോകത്തെവിടെയും പരന്നു കിടക്കുന്ന ഒരു മലയാളി സമൂഹത്തെ കേരളവുമായി ബന്ധിപ്പിച്ചു നിർത്തുകയും അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുകയും അതേസമയം തന്നെ അവരുടെ അറിവുകൾ, കഴിവുകൾ, ബന്ധങ്ങൾ എല്ലാം കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയ ഉദ്ദേശങ്ങളാണ് ലോക കേരള സഭക്ക് ഉള്ളത്. ഈ ആശയം പുതുമ ഉള്ളതും വലിയ സാദ്ധ്യതകളുള്ളതുമാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ഇത്തരത്തിൽ കൃത്യതയോടെ ഒരു സംവിധാനം ഉണ്ടാക്കിയിട്ടില്ല. ലോകത്ത് തന്നെ മറ്റു നാടുകളിലേക്ക് ധാരാളം ആളുകൾ പോകുന്ന രാജ്യങ്ങളിലൊന്നും തന്നെ ഇത്തരത്തിൽ ഒരു സംവിധാനം ഞാൻ കണ്ടിട്ടില്ല. ലോക കേരള സഭ ഒരു വിജയമായാൽ മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും ഇത് മാതൃകയാക്കും എന്നതിൽ സംശയമില്ല.

ലോക കേരളസഭയിൽ പങ്കെടുത്തിട്ടുള്ള എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യം എത്രമാത്രം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഈ സംവിധാനത്തെ കാണുന്നത് എന്നാണ്. സാധാരണഗതിയിൽ ആദ്യദിവസം സമീപനരേഖ അവതരിപ്പിച്ച് അദ്ദേഹം ഒരു മണിക്കൂർ സംസാരിക്കും. പിന്നീട് ദിവസം മുഴുവൻ മറ്റുള്ള, ഡസൻ കണക്കിന് പ്രതിനിധികളുടെ പ്രസംഗം, വിവിധ വിഷയങ്ങളിലും വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധി സമ്മേളനങ്ങളിൽ നിന്നുള്ള റിപ്പോർട്ട്, എല്ലാം ഒന്നൊഴിയാതെ അദ്ദേഹം കേട്ടിരിക്കും. (സാധാരണഗതിയിൽ ഇത്തരം സമ്മേളനങ്ങളിൽ ഉത്ഘാടനം കഴിഞ്ഞാൽ പോവുകയും പിന്നീട് സമ്മേളനത്തിന്റെ അവസാന ദിവസം വരികയുമാണ് മന്ത്രിമാർ ചെയ്യുന്നത്). ഇതിൽ നിന്നെല്ലാം സ്വന്തമായി നോട്ട് എഴുതിയെടുക്കും. സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിനിധികൾ പറഞ്ഞ കാര്യങ്ങൾക്ക് എണ്ണിയെണ്ണി മറുപടി കൊടുക്കും.

ആദ്യത്തെ ലോക കേരള സഭ സമ്മേളനത്തിൽ ശ്രീ. രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു. അതൊരു നല്ല കീഴ്‌വഴക്കമാണ്. പ്രവാസികൾക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും നാട്ടിലെ ഭരണത്തിലുള്ളവരും പ്രതിപക്ഷത്ത് ഉള്ളവരും മറുനാട്ടിൽ എത്തുന്പോൾ ഞങ്ങൾ അവരെ വേറിട്ട് കാണാറില്ല. അതുകൊണ്ട് തന്നെ പ്രവാസികൾ നാട്ടിൽ ഒരു സമ്മേളനത്തിന് വരുന്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് അവരെ സ്വീകരിക്കുന്നതും കേൾക്കുന്നതുമാണ് ശരി. ഇത്തവണത്തെ സമ്മേളനത്തിലും പ്രതിപക്ഷ നേതാവിൻറെ പേര് കാണുന്നു, സന്തോഷം.

മുഖ്യമന്ത്രി മുഴുവൻ സമയവും സമ്മേളനത്തിൽ ഉള്ളത് കൊണ്ട് തന്നെ മറ്റു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥന്മാരും അവിടെത്തന്നെയുണ്ട്. കേരളത്തിലെ മന്ത്രിമാർ ഏറെക്കുറെ നോർഡിക് രാജ്യങ്ങളിലെ മന്ത്രിമാരെപ്പോലെ ആണ്. ചുറ്റും ആളും സംഘവും ഒന്നുമില്ല, നേരിട്ട് പോയി സംസാരിക്കുന്പോൾ ജാഡയില്ല, കാണാനോ സംസാരിക്കാനോ ഒരു ബുദ്ധിമുട്ടുമില്ല. (ഇത് എൻറെ മാത്രം അനുഭവമല്ല, സാധാരണഗതിയിൽ മന്ത്രിമാരെ നേരിട്ട് കണ്ടിട്ടില്ലാത്ത, ലോക കേരള സഭയിൽ പങ്കെടുത്തിട്ടുള്ള മറ്റുള്ളവരുടെ അഭിപ്രായം കൂടിയാണ്). മേഖലാ സമ്മേളനങ്ങളിലും വിഷയാധിഷ്ഠിത സമ്മേളനങ്ങളിലും നേതൃത്വം വഹിക്കുന്നത് മന്ത്രിമാരാണ്.

ലോക കേരള സഭയിൽ മൂന്നു തരത്തിലുള്ള പ്രതിനിധികളെയാണ് ഞാൻ പൊതുവെ കണ്ടിട്ടുള്ളത്. ഒന്നാമത്തേത് വിവിധ രംഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികൾ. യേശുദാസ് മുതൽ യൂസഫ് അലി വരെ, ആശ ശരത് മുതൽ രേവതി വരെയുള്ള നമ്മൾ പൊതുരംഗത്ത് കണ്ടിട്ടുള്ള ആളുകൾ. ഇവർക്ക് സർക്കാരിന് നിർദ്ദേശങ്ങൾ നൽകണമെങ്കിൽ ധാരാളം അവസരങ്ങളുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ വിശദമായോ ആശയപരമായോ അവർ സംസാരിക്കാറില്ല.

രണ്ടാമത്തേത് വിവിധ നാടുകളിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികളാണ്. ഇവരുടെ പ്രധാന ലക്ഷ്യം ആശയങ്ങളുടെ വിനിമയമല്ല, ബന്ധങ്ങൾ സ്ഥാപിക്കൽ ആണ്. അതൊരു തെറ്റായ കാര്യമായിട്ടല്ല ഞാൻ പറയുന്നത്. പൊതുവെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾ പറയുക (വിമാനക്കൂലി, ഇൻഷുറൻസ്, പെൻഷൻ) എന്നതിനപ്പുറം കാര്യമാത്ര പ്രസക്തമായ ഇടപെടൽ അവർ നടത്താറില്ല. അതിൻറെ ഒരു കാരണം ഇവർക്കും സാധാരണഗതിയിൽ നമ്മുടെ അധികാരസംവിധാനങ്ങളുമായി നേരിട്ട് ബന്ധം ഉണ്ടെന്നതും ആശയങ്ങളുണ്ടെങ്കിൽ അവിടെ വിശദമായി പറയാൻ അവസരം ഉണ്ടെന്നതും ആണ്.

ഇത് രണ്ടിലും പെടാതെ വിവിധ നാടുകളിൽ വിവിധ രംഗങ്ങളിൽ പ്രവർത്തന മികവ് തെളിയിച്ച, എന്നാൽ കേരളത്തിലെ പൊതുരംഗത്ത് അധികം അറിയപ്പെടാത്ത അംഗങ്ങൾ ലോക കേരള സഭയിൽ ഉണ്ടാകാറുണ്ട്. ഇവർക്കാണ് ഈ സഭ ഏറ്റവും പ്രയോജനപ്പെടുന്നത്. അവരുടെ ആശയങ്ങൾ മന്ത്രിമാരുമായി, ഉയർന്ന ഉദ്യോഗസ്ഥരുമായി പങ്കുവെക്കാം എന്നതിന് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള സമാനമനസ്‌ക്കരും അല്ലാത്തവരുമായി നല്ല ബന്ധങ്ങളുണ്ടാക്കാം എന്നതും ഇവർക്ക് ഗുണകരമാണ്.

ലോക കേരളസഭയിൽ ഞാൻ കാണുന്ന ഒരു പോരായ്മ അവിടെ നടക്കുന്ന ചർച്ചകൾ സംഘടിപ്പിക്കുന്നതിലും ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിക്കുന്നതിലും വേണ്ടത്ര പ്രൊഫഷണലിസം ഇല്ല എന്നതാണ്. മിക്കവാറും ഇത്രമാത്രം പ്രതിനിധികളെ കൊണ്ടുവരികയും അവർക്ക് വേണ്ട ലോജിസ്റ്റിക്സ് ഒരുക്കുകയും ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്പോൾ ചർച്ച പ്ലാൻ ചെയ്യുന്നതിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടാകാറില്ല. രാവിലെ എട്ടുമണിക്ക് സംസാരിക്കണം എന്നൊക്കെ പലപ്പോഴും നിർദ്ദേശം വരുന്നത് തലേന്ന് രാത്രി പത്തിന് ശേഷമാണ്. ഗ്രൂപ്പ് ചർച്ച നയിക്കുന്നവരെല്ലാവരും അതിൽ പരിചയസന്പന്നരായിക്കൊള്ളണമെന്നില്ല. അപ്പോൾ കുറച്ച് ആളുകൾ കൂടുതൽ സംസാരിക്കുകയും പലർക്കും സംസാരിക്കാൻ അവസരം ലഭിക്കാതെ വരികയും ചെയ്യും. വരുന്ന പ്രതിനിധികളിൽ പലർക്കും ഇത്തരം ചർച്ചകളിൽ പങ്കെടുത്തു പരിചയം ഇല്ലാത്തതിനാൽ മന്ത്രിയെയോ സെക്രട്ടറിയെയോ മുന്നിൽ കിട്ടിയാൽ പോലും പ്രധാന കാര്യങ്ങൾ ചുരുക്കിപ്പറയുവാൻ ശ്രദ്ധിക്കുകയും ഇല്ല. ചർച്ചകൾ നയിക്കുന്നവർക്ക് ഇക്കാര്യത്തിൽ വേണ്ടത്ര ട്രെയിനിങ്ങ് നൽകുകയും പ്രതിനിധികൾക്ക് ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്താൽ ചർച്ചകൾ കുറച്ചുകൂടി ഫോക്കസ്‌ഡ്‌ ആകും. വരുന്ന എല്ലാവരോടും അവരുടെ ആശയങ്ങൾ എഴുതിനൽകാൻ പറഞ്ഞാൽ സംസാരിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും അവരുടെ ആശയങ്ങൾ ശേഖരിക്കാൻ സാധിക്കും.

ലോക കേരള സഭ സമ്മേളനം അവസാനിച്ചതിന് ശേഷം നമ്മൾ നൽകിയ ആശയങ്ങൾക്കും ചർച്ച ചെയ്ത കാര്യങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടിക്കപ്പുറം എന്ത് തീരുമാനമുണ്ടായി എന്ന് അംഗങ്ങളെയോ മറ്റുളളവരെയോ കൃത്യമായി അറിയിക്കുന്ന ഒരു രീതി ഞാൻ പങ്കെടുത്ത സഭകളിൽ ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ അന്നത്തെ ലോക കേരള സഭാംഗങ്ങളുടെ ഒരു ഡയറക്ടറി/പ്രൊഫൈൽ പോലും വെബ്‌സൈറ്റിൽ ഇല്ല. ഒന്നും രണ്ടും സമ്മേളനങ്ങളിൽ എന്തൊക്കെ ചർച്ചകൾ നടന്നു, അതിൽ കൊടുത്ത നിർദ്ദേശങ്ങളിൽ ഏതൊക്കെ നടപ്പിലാക്കി എന്നതിന്റെ ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് അംഗങ്ങൾക്ക് കിട്ടാറില്ല, വെബ്‌സൈറ്റിലും കാണുന്നില്ല. 2022 ലെ സഭയിലെ തീരുമാനങ്ങളിൽ നടത്തിയ ഇടപെടലുകളും പുരോഗതിയും ഇപ്പോൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്നത് നല്ല കാര്യമാണ്. എന്നാൽ ഇതൊരു തുടർ പരിപാടി ആകണം, ഓരോ വിഷയങ്ങളിലുമുള്ള പുരോഗതി ഓരോ ക്വാർട്ടറിൽ എങ്കിലും വെബ്‌സൈറ്റിൽ ലഭ്യമാക്കണം. അല്ലെങ്കിൽ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചർച്ചചെയ്തു സമയം കളയും, പുരോഗതി ഉണ്ടാവുകയുമില്ല.

ഇത്തവണത്തെ ലോക കേരള സഭയിലും അനവധി വിഷയങ്ങൾ ചർച്ചയിലുണ്ട്. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിൽ കുട്ടികളുടെ കുടിയേറ്റം തന്നെ ഒരു പ്രത്യേക വിഷയമായി ചർച്ച ചെയ്യേണ്ടതാണെന്നാണ് എൻറെ അഭിപ്രായം. അതുപോലെ തന്നെ ലോകത്ത് അനവധി നാടുകളിൽ കെയർ ഹോമിൽ മലയാളികൾ പണിയെടുക്കുന്ന സാഹചര്യത്തിൽ പ്രായമായവരെ കൈകാര്യം ചെയ്യുന്നതിലെ നല്ല ലോക മാതൃകകളും നാം ചർച്ച ചെയ്യേണ്ടതാണ്. നിർമ്മിത ബുദ്ധി എങ്ങനെ തൊഴിൽ ലോകത്തെ മാറ്റിമറിക്കുന്നു എന്നതും നാലാം വ്യവസായ വിപ്ലവത്തിന്റെ ലോകത്തെ തൊഴിൽ സാധ്യതകളിലേക്ക് എങ്ങനെ നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കാം എന്നും ചർച്ചകൾ നടക്കേണ്ടതാണ്.

ഇത്തവണ സഭയിൽ എത്താൻ സാധിക്കില്ലെങ്കിലും സമ്മേളനത്തിന്റെ റിപ്പോർട്ട് വരുന്പോൾ തീർച്ചയായും ശ്രദ്ധിക്കും. പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ. ലോക കേരള സഭക്ക് ആശംസകൾ!

മുരളി തുമ്മാരുകുടി''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKA KERALA SABHA, MURALEE THUMMARUKUDY, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.