SignIn
Kerala Kaumudi Online
Thursday, 17 September 2026 3.58 AM IST

സ്കൂൾ തുറക്കുമ്പോൾ കുട്ടികളോട് എന്തിനിത് ചെയ്യുന്നു,​ കാണുന്നില്ലേ ആരും ഇവരുടെ സങ്കടം

kerala-school-opening-

കുമരകം : സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥികൾ എന്തൊക്കെ സഹിക്കണം. കണ്ടക്ടർക്ക് നേരെ കൺസഷൻ കാർഡ് നീട്ടിയെന്ന കുറ്റം മാത്രമേ അവർ ചെയ്തുള്ളൂ. അത് അവരുടെ അവകാശമാണ്. അതിന് കേൾക്കേണ്ടി വരുന്നതോ കേട്ടാലറയ്ക്കുന്ന സംസാരവും,​ ശകാരവും. കോട്ടയം - കുമരകം - ചേർത്തല റൂട്ടിലോടുന്ന സ്വകാര്യബസുകളിലെ യാത്ര ഒട്ടും ശുഭകരമല്ല. പടിഞ്ഞാറൻ മേഖലയായ അയ്മനം,​ കുമരകം,​ തിരുവാർപ്പ്,​ ആർപ്പൂക്കര,​ വെച്ചൂർ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് കൺസഷൻ നൽകാതെ ജീവനക്കാർ വലയ്ക്കുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലുള്ളവരാണ്. പലർക്കും ഫുൾ ചാർജ് നൽകാനുള്ള ശേഷിയില്ല. കൺസഷൻകാർഡും,​ യൂണിഫോമുമിട്ട് യാത്ര ചെയ്താലും കുട്ടികളെ കാണുന്നതേ ജീവനക്കാർക്ക് ചതുർത്ഥിയാണ്. സീറ്റുണ്ടെങ്കിൽ പോലും പോലും ഇരുത്താൻ അനുവദിക്കില്ല. കൺസഷൻ നൽകാത്ത ബസുകളി​ൽ നി​ന്നി​റങ്ങി​പ്പോകേണ്ട മാനസിക സമ്മർദ്ദത്തിലാണ് പലരും. ചിലയിടങ്ങളിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവങ്ങളുമുണ്ട്.

കാണുന്നില്ല ആരും ഇവരുടെ സങ്കടം

തൊഴിലാളികൾ വിദ്യാർത്ഥികളോട് തർക്കിക്കുകയും ബസിൽ കയറുന്നത് നിരുത്സാഹപ്പെടുത്തുന്നതും പതിവാണ്. ഇനി ആരെങ്കിലും കയറിപ്പോയാൽ പിന്നെ സ്കൂൾ സ്റ്റോപ്പ് എത്തുന്നത് വരെ മോശം വാക്കുകൾ കേൾക്കേണ്ടി വരും. ചോദ്യം ചെയ്യുന്ന ആൺകുട്ടികളെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ജീവനക്കാരുടെ ധിക്കാരപരമായ പെരുമാറ്റം മൂലം മാനസിക ബുദ്ധിമുട്ടിനൊപ്പം,​ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാകുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരാതി വ്യാപകമായിട്ടും പൊലീസ് - മോട്ടോർവാഹനവകുപ്പ് അധികൃതർ നിസംഗത പുലർത്തുകയാണ്. ഇതാണ് നിയമലംഘനത്തിന് പ്രചോദനം. വിദ്യാർത്ഥികളുടെ അവകാശം ലംഘിക്കുന്ന ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം ആവശ്യപ്പെട്ടു.

''വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നില്ലെന്ന പരാതി വ്യാപകമായതിനാൽ വിഷയം ചർച്ച ചെയ്യാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണം. വിദ്യാ‌ർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.

രവീന്ദ്രൻ കുമരകം, രക്ഷിതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL, PRIVATE BUS, CONCESSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA