തിരുവനന്തപുരം: വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാദ്ധ്യതയുണ്ട്.
മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ജൂൺ 21,22 തീയതികളിൽ കേരളാ തീരത്തും പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ തീരത്തും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായിജൂൺ 21,22 തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ജൂൺ 18 മുതൽ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. അതേസമയം, തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും സഞ്ചാരികൾ പൂർണമായും ഒഴിവാക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |