SignIn
Kerala Kaumudi Online
Thursday, 20 June 2024 7.56 PM IST

കേരളം വിടുന്ന യുവതലമുറ, അറബ് രാജ്യത്തെ പ്രവാസലോകവും മലയാളി യുവാക്കൾക്ക് വേണ്ട; കണക്കുകൾ കാട്ടുന്നത്

expats

വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടാനും തൊഴിൽ ചെയ്യാനും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം യുവതലമുറ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ താളംതെറ്റിയ തൊഴിൽ സമ്പ്രദായവും തൊഴിലില്ലായ്‌മയും യുവതലമുറയുടെ കുടിയേറ്റത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. മെച്ചപ്പെട്ട വരുമാനവും ജീവിതസാഹചര്യങ്ങളുമാണ് വിദേശജീവിതം സ്വപ്നം കാണാൻ യുവതലമുറയെ പ്രേരിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള തൊഴിൽ ലഭിക്കാത്തതും വിദേശത്തേയ്ക്ക് ചേക്കേറാൻ യുവതലമുറയെ പ്രേരിപ്പിക്കുന്നു. കേരളത്തിൽ നിന്ന് വിദേശത്തേയ്ക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരിക്കുന്നതായി വ്യക്തമാക്കുകയാണ് തിരുവനന്തപുരത്തുനടന്ന ലോക കേരള സഭയിൽ അവതരിപ്പിച്ച കേരള കുടിയേറ്റ സർവേ റിപ്പോർട്ട്.

കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് (കെഎംഎസ്)

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആന്റ് ഡവലപ്പ്‌മെന്റിന്റെ സാങ്കേതിക സഹകരണത്തോടെ ഗുലാട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ടാക്‌സേഷനാണ് കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. 1998ലാണ് ആദ്യമായി സർവേ നടത്തിയത്. എല്ലാ അഞ്ചുവർഷവും കൂടുമ്പോഴാണ് സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കുക. കേരളത്തിലെ 14 ജില്ലകളിൽ നിന്നും 77 താലൂക്കുകളിൽ നിന്നുമായി 20,000 വീടുകളെ സാമ്പിളുകളായി കണക്കാക്കിയാണ് വിവരശേഖരം നടത്തുക.

സംസ്ഥാനത്തെ കുടിയേറ്റ രീതികളിലുള്ള ആഴത്തിലുള്ള വിശകലനമാണ് സർവേയിൽ ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വിപുലമായ സാമൂഹിക-സാമ്പത്തിക പഠനമായാണ് കെഎംഎസിനെ കണക്കാക്കുന്നത്.

പ്രധാന കണ്ടെത്തലുകൾ

  • നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.
  • കേരളത്തിൽ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന തുക 43,378.6 കോടിയായി ഉയർന്നു. കേരളത്തിലേയ്ക്ക് എത്തുന്ന വിദേശ പണത്തിൽ നിന്ന് 20 ശതമാനം അധികമാണിത്.
  • കേരളത്തിൽ നിന്ന് വിദേശത്ത് ചേക്കേറുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. 2018ൽ നടന്ന മുൻ സർവേ റിപ്പോർട്ടിൽ രേഖപ്പെടുത്തിയ 2.1 ദശലക്ഷത്തിൽ നിന്ന് അഞ്ചുവർഷം പിന്നിടുമ്പോൾ 2.2 ദശലക്ഷമായി ഉയർന്നു.
  • കേരളത്തിൽ നിന്ന് വിദേശത്തേയ്ക്ക് കടക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2018ൽ 1,29,763 ആയിരുന്നത് അഞ്ചുവർഷം പിന്നിടുമ്പോൾ 2.5 ലക്ഷമായി ഇരട്ടിച്ചു. ഏകദേശം 100 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 17 വയസിനുള്ളിൽ സംസ്ഥാനം വിടുന്നവരുടെ എണ്ണം ഉയർന്നു.
  • വിദേശത്തേയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ മുൻഗണനയിലും പ്രകടമായ മാറ്റമുണ്ടായി.
  • വിദേശത്തേയ്ക്ക് കുടിയേറുന്ന വിദ്യാർത്ഥികളിൽ കൂടുതൽപ്പേരും തിരഞ്ഞെടുക്കുന്നത് ജിസിസിയിൽ (ഗൾഫ് കോർപ്പറേഷൻ കൗൺസിൽ) ഉൾപ്പെടാത്ത രാജ്യങ്ങളാണ്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയാണ് ജിസിസി രാജ്യങ്ങൾ.
  • വിദ്യാർത്ഥികൾക്ക് ജിസിസി ഇതര രാജ്യങ്ങളോടുള്ള താത്‌പര്യം 10.8 ശതമാനത്തിൽ നിന്ന് 19.5 ശതമാനമായി ഉയർന്നു.
  • ജിസിസി രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത് 2018ൽ 89.2 ശതമാനമായിരുന്നത് 2023ൽ 80.5 ശതമാനമായി ഇടിഞ്ഞു.
  • വിദേശത്തേയ്ക്ക് കുടിയേറുന്ന സ്ത്രീകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 2018ൽ 15.8 ശതമാനമായിരുന്നത് 2023ൽ 19.1 ശതമാനമായി ഉയർന്നു. ഇതിൽ 40.5 ശതമാനം പെൺകുട്ടികളും ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്പും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ കുടിയേറ്റക്കാരായ സ്ത്രീകളിൽ 71.5 ശതമാനംപ്പേരും ബിരുദം പൂ‌ർത്തിയാക്കിയവരാണ്. 34.7 ശതമാനം ആൺകുട്ടികൾ മാത്രമാണ് കുടിയേറുന്നവരിൽ ബിരുദം പൂർത്തിയാക്കിയവർ.
  • 2018നെ അപേക്ഷിച്ച് കേരളത്തിലെ 14 ജില്ലകളിൽ ഒമ്പതിലും കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.
  • വിദേശത്തേയ്ക്ക് കുടിയേറുന്നവരിൽ വടക്കൻ കേരളത്തിൽ നിന്നുള്ളവരാണ് മുന്നിലുള്ളത്. ഇതിൽ ഒന്നാമതുള്ളത് മലപ്പുറം ജില്ലയാണ്. 2023ൽ മലപ്പുറം ജില്ലയിൽ നിന്ന് 3,77,647 പേരാണ് വിദേശത്തേയ്ക്ക് ചേക്കേറിയത്.
  • മതവിഭാഗങ്ങളിൽ മുസ്ളീം പ്രവാസികളാണ് ഏറ്റവും കൂടുതൽ. പ്രവാസികളിൽ 41.9 ശതമാനം പേ‌രും മുസ്ളീങ്ങളാണ്. 35.2 ശതമാനം പേർ ഹിന്ദുക്കളും 22.3 ശതമാനം പേരുമാണ് ക്രിസ്ത്യാനികൾ.
  • ആഗോള പ്രവാസി മലയാളികളുടെ എണ്ണം അ‌ഞ്ച് ദശലക്ഷമായി ഉയർന്നു. കേരത്തിലേയ്ക്കുള്ള വിദേശ പണമൊഴുക്ക് 154.9 ശതമാനമായി റെക്കാഡ് ഉയരത്തിലെത്തി.
  • നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 2018ൽ 1.2 ദശലക്ഷമായിരുന്നത് 1.8 ദശലക്ഷമായി ഉയർന്നു.

കാരണങ്ങൾ

കൊവിഡ് മൂലമുണ്ടായ തൊഴിൽനഷ്ടം കാരണമാണ് മിക്കവാറും പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നതെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 18.4‌ ശതമാനം പേർ ജോലി നഷ്ടപ്പെട്ടതായി വ്യക്തമാക്കുന്നു. 13.8 ശതമാനം പേർ കുറഞ്ഞ വേതനം, 7.5 ശതമാനം മോശം തൊഴിൽ സാഹചര്യങ്ങൾ, 11.2 ശതമാനം പേർ രോഗം അല്ലെങ്കിൽ അപകടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി. കേരളത്തിൽ ജോലി ചെയ്യാനുള്ള ആഗ്രഹം (16.1ശതമാനം), ഗൃഹാതുരത്വം (10.2ശതമാനം), വിരമിക്കൽ (12.1ശതമാനം) എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങൾ.

കേരളത്തിലെ യുവാക്കൾക്ക് ഗൾഫ് ആകർഷകമായ സ്ഥലമല്ലാതായി മാറിയെന്ന് സർവേയിൽ വ്യക്തമാക്കുന്നു. 1970കളിലെ എണ്ണ ഉത്‌പാദനത്തിന്റെ കുതിച്ചുചാട്ടത്തിന് പിന്നാലെ ധാരാളം മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. 70 കളിലും 80 കളിലും അവിടെ സ്ഥിരതാമസമാക്കിയവർ തങ്ങളുടെ മക്കൾ യൂറോപ്പിലേക്കോ കാനഡയിലേക്കോ യുഎസിലേക്കോ കുടിയേറിയതിന് പിന്നാലെ കേരളത്തിലേയ്ക്ക് തന്നെ തിരിവരുന്ന പ്രവണതയാണ് കാണുന്നത്. കൂടാതെ ഗൾഫ് രാജ്യങ്ങളിലെ മിക്കവാറും കമ്പനികളും മുൻകാലങ്ങളിൽ അധികമായി നിയമനങ്ങൾ നടത്തിയതിനാൽ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകാത്ത നിലയിലാണ്.

മാത്രമല്ല, അമേരിക്കൻ, യൂറോപ്യൻ സർവ്വകലാശാലകളിൽ നിന്ന് വിദ്യാഭ്യാസവും പരിശീലനവും നേടിയ അറബ് യുവാക്കൾ ബാങ്കിംഗ്, ഐടി, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി മേഖലകൾ കയ്യടക്കുന്നതും ഇന്ത്യൻ യുവാക്കൾക്ക് തിരിച്ചടിയാവുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALITES, YOUNGSTERS, EXPATS, TRENDS, KERALA MIGRATION SURVEY REPORT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.