തിരുവനന്തപുരം: ഭൂമി തരംമാറ്റലിൽ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പ് തടയുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. തട്ടിപ്പുകൾ അന്വേഷിക്കാൻ വിജിലൻസിനെയും റവന്യൂ വിജിലൻസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മൂന്നാർ മേഖലയിൽ നിരവധിപേർക്ക് പട്ടയം ലഭിച്ചിട്ടില്ല. ഹൈക്കോടതിയുടെ വൺ എർത്ത് വൺ ലൈഫ് കേസിലെ വിധിയെത്തുടർന്നാണിത്. 1964 ലെ കേരള ഭൂമിപതിവ് ചട്ടങ്ങളുടെ പ്രാബല്യ തീയതിക്ക് ശേഷമുള്ള കൈവശങ്ങൾക്ക് പട്ടയം നൽകാനാവില്ല. ചട്ടം 5, 7 എന്നിവയുടെ സാദ്ധ്യത കോടതിയെ ബോദ്ധ്യപ്പെടുത്തി പട്ടയം നൽകാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.
ഡിജിറ്റൽ റീസർവേയിലൂടെ ഒന്നരവർഷത്തിനിടെ നാലുലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.
175 എണ്ണത്തിൽ ഫീൽഡ് സർവേ പൂർത്തിയാക്കി.
ഡിജിറ്റൽ റീസർവേയിൽ അധികഭൂമി വരുന്നത് രേഖകളിൽ ഉൾപ്പെടുത്താൻ നിയമനിർമാണം നടത്തും. കുറവ് വരുന്നെങ്കിൽ എന്ത് ചെയ്യാനാകുമെന്ന് ചർച്ചചെയ്യാം.
സർവേ പൂർത്തിയാക്കിയ റെക്കോഡുകൾ ഭൂഉടമകൾക്ക് എന്റെ ഭൂമി പോർട്ടലിൽ പരിശോധിക്കാം. അപാകതകൾ പോർട്ടൽ മുഖേന പരിഹരിക്കാം. 4558 പരാതികളേ ലഭിച്ചിട്ടുള്ളൂ.
പി.ഉബൈദുള്ള, എൻ.ഷംസുദ്ദീൻ, പി.അബ്‌ദുൾ ഹമീദ്, ടി.വി ഇബ്രാഹിം, ഇ.കെ വിജയൻ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി.
മദ്യനയത്തിൽ നിർദ്ദേശം
നൽകിയില്ല: റിയാസ്
മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് നിർദേശമോ നിലപാടോ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ടൂറിസം മേഖലയിൽ യോഗങ്ങൾ നടക്കാറുണ്ട്. അതും മദ്യനയവുമായി ബന്ധമില്ല.മദ്യനയവുമായി ബന്ധപ്പെട്ട് പലർക്കും പല താത്പര്യങ്ങളുമുണ്ടാകും. പല പ്രചാരണങ്ങളും നടക്കും. ആ ഫ്രെയ്മിൽ തന്നെ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര ഹബ്ബാക്കി മാറ്റാൻ ഡിസൈൻ പോളിസി ആവിഷ്‌കരിച്ചിട്ടുണ്ട്. മാർച്ച് 14 ന് അതിന്റെ ഉത്തരവിറക്കി.
എൽദോസ് കുന്നപ്പിള്ളി, ആന്റണി രാജു, അനൂപ് ജേക്കബ്, കെ.യു ജനീഷ് കുമാർ എന്നിവരുടെ ചോദ്യത്തിനായിരുന്നു മറുപടി.
ആധാരം എഴുത്ത്
ജോലി നഷ്ടമാവില്ല
തിരുവനന്തപുരം: ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടാത്ത രീതിയിലാണ് സബ് രജിസ്ട്രാർ ഓഫീസുകളിൽ ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കുകയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ടെംപ്ലേറ്റ് നിലവിൽ വരുന്നതോടെ ആധാരമെഴുത്തുകാരുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ പരിശീലനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |