SignIn
Kerala Kaumudi Online
Sunday, 14 July 2024 6.49 AM IST

സയൻസിൽ മിടുമിടുക്കി, ജർമ്മനിയിൽ നിന്ന് ഡോക്‌ടറേറ്റ്; ഒടുവിൽ എല്ലാം ഉപേക്ഷിച്ച് യോഗയിൽ ജീവിതം കണ്ടെത്തിയ അശ്വതി

dr-aswathy

വലിയ തൊഴിൽ അവസരങ്ങളും ജീവിത സാഹചര്യങ്ങളും തേടി നമ്മുടെ യുവത്വം വിദേശരാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. ഒരുകാലത്ത് ഗൾഫ് ആയിരുന്നു അവരെ മോഹിപ്പിച്ചതെങ്കിൽ ഇന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമാണ് മലയാളികളുടെ ഒഴുക്ക്. നാടിനെ തീർത്തും ഉപേക്ഷിച്ചുകൊണ്ടുള്ള ഈ പ്രവാസയാത്രയിൽ വേറിട്ടു നിൽക്കുന്ന ഒരു പേരാണ് ഡോ. അശ്വതി. വിദേശത്തെ ഉപരിപഠനത്തിന് ശേഷം ലക്ഷങ്ങൾ ശമ്പളമായി ലഭിക്കുമായിരുന്ന തൊഴിൽ സാദ്ധ്യതകൾ ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയ ഈ പെൺകുട്ടിയുടെ ജീവിതം അന്താരാഷ്‌ട്ര യോഗാദിനമായ ഇന്ന് ഏറെ പ്രസക്തമാണ്. യോഗയാണ് തന്റെ ജീവിതലക്ഷ്യമെന്ന് അശ്വതി തിരിച്ചറിഞ്ഞത് വളരെ വലിയ സഹനങ്ങളിലൂടെയാണ്. ഫിസിക്‌സിൽ മിടുക്കിയായ പെൺകുട്ടി, ജർമ്മനിയിൽ നിന്ന് അറ്റ്‌മോസ്ഫറിക് സയൻസിൽ ഡോക്‌ടറേറ്റ് നേടി ഈ തിരുവനന്തപുരം സ്വദേശിനി യോഗയിലേക്ക് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത് പ്രചോദനകരമാണ്.

തിരുവനന്തപുരത്ത് മണക്കാട് ഗവർണമെന്റ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു അശ്വതിയുടെപ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വഴുതക്കാട് വിമെൻസ് കോളേജിൽ ബി.എസ് സി ഫിസി‌ക്സിൽ ബിരുദം നേടി. അവിടുത്തെ അദ്ധ്യാപകനായിരുന്ന ശ്രീകുമാറിന്റെ പ്രേരണയെ തുടർന്നാണ് തിരുവനന്തപുരത്തിന് പുറത്തുപോയി പഠിക്കാൻ തീരുമാനിച്ചത്. അങ്ങിനെ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മീറ്റിയോറോളജിയിൽ ബിരുദാനന്തര ബിരുദം എടുത്തു. കാലാവസ്ഥാ പഠനത്തിന് ഇന്നത്തെ പോലത്രയുംപ്രാധാന്യം അന്നില്ല. എന്നിട്ടും ഫിസി‌ക്‌സ് മാറ്റി കാലാവസ്ഥാ ഗവേഷണം തിരഞ്ഞെടുത്തത് ഒരു നിമിത്തം കൊണ്ടുകൂടിയാണെന്ന് അശ്വതി പറയുന്നു.

aswathy

''കുട്ടിക്കാലം തൊട്ടുതന്നെ എനിക്ക് സ്പിരിച്വാലിറ്റി കൂടുതലായിരുന്നു. 18 വയസ് ആയപ്പോഴേക്കും വെജിറ്റേറിയൻ ആയി മാറി. പഠിക്കാൻ എന്നും താൽപര്യമുണ്ടായിരുന്നു. കുസാറ്റിലെ എൻട്രൻസിൽ ഫിസിക്‌സ് സ്ട്രീമിൽ 25 ആമത്തെ റാങ്കായിരുന്നു എനിക്ക്. പക്ഷേ അഡ്‌മിഷൻ സമയത്ത് 24 ആയപ്പോഴേക്കും ജനറൽ സീറ്റ് പൂർത്തിയായി എന്ന് അനൗൺസ്‌മെന്റ് വന്നു. അങ്ങിനെയാണ് കാലാവസ്ഥാ പഠനം തിരഞ്ഞെടുത്തത്. പിഎച്ച്.ഡിക്ക് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ (ഐഐഎസ്‌സി) അഡ്‌മിഷൻ ലഭിച്ചു. ഐഐഎസ്‌സിയിൽ അഡ്‌മിഷൻ കിട്ടിയത് സിഎസ്‌ഐആർ നെറ്റ് അടക്കമുള്ള യോഗ്യതകളുടെ കൂടി ബലത്തിലായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ ഗവേഷണത്തിന് അവസരം ലഭിച്ചതിൽ ഏറെ അഭിമാനവുമുണ്ടായി. മൂന്ന് വർഷം പഠനം തുടർന്നെങ്കിലും എന്റെ പ്രൊഫസറുമായുള്ള ഉരസലിനെ തുടർന്ന് പിന്മാറേണ്ടിവന്നു. അവിടെ നിന്നും മറ്റൊരു എംഎസ് (അറ്റ്‌മോസ്ഫറിക് സയൻസ്) എടുക്കാനായിരുന്നു നിയോഗം. ''

വിവാഹത്തിന് ശേഷമാണ് പിഎച്ച്‌ഡിക്ക് വീണ്ടും അവസരമൊരുങ്ങിയത്. ഇത്തവണ ഇന്ത്യ‌യ്‌ക്ക് പുറത്തുപോയി ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങിനെ ജർമ്മനിയിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഒഫ് ലേയ്‌പ്‌സിഗിൽ അഡ്‌മിഷൻ ലഭിച്ചു. ഫെല്ലോഷിപ്പോടു കൂടിയായിരുന്നു പഠനം. ജർമ്മനിയിലെ ജീവിതമാണ് യോഗയെ കുറിച്ച് അശ്വതിയെ ചിന്തിപ്പിച്ചത്.ഡിഗ്രിക്കാലത്ത് തിരുവനന്തപുരത്തെ ശിവാനന്ദയോഗയിലെ പഠനത്തിന്റെ സ്വാധീനമായിരിക്കാമത്. അതോടൊപ്പം വലിയൊരു രാജ്യത്തെ ഒറ്റപ്പെട്ട ജീവിതം പലതും ചിന്തിപ്പിച്ചു.

aswathy-speaks

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കേണ്ടതാണോ തന്റെ കർമ്മപഥമെന്ന ചിന്ത അശ്വതിയെ നിരന്തരം അലട്ടി. എന്ത് ഗവേഷണത്തിനാണോ കടൽ കടന്നെത്തിയത് അത് ജീവിതത്തിൽ വിജയകരമായി പ്രാവർത്തികമാക്കാൻ കഴിയില്ലെന്നും തിരിച്ചറിഞ്ഞു. അങ്ങിനെയെങ്കിൽ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു യോഗ.

ഇതിനിടിയൽ വിട്ടുപോയ മറ്റൊരു ഏടുകൂടിയുണ്ടെന്ന് അശ്വതി പറയുന്നു. ''ഡിഗ്രി പഠനകാലയളവിൽ യോഗ അഭ്യസിച്ചിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ, ആ സമയത്തുണ്ടായ പലവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളായിരുന്നു യോഗയിലേക്ക് എന്നെ എത്തിച്ചത്. തുടർച്ചയായി മണിക്കൂറുകളോളം ഇരുന്നുള്ള പഠനം കഴുത്തിനും തോളിനും സാരമായ പ്രശ്നങ്ങളുണ്ടാക്കി. വേദന കലശലായി. എന്തിനേറെ പറയുന്നു, പരീക്ഷയ്‌ക്ക് പേന കൈകൊണ്ട് എടുക്കാൻ കഴിയാത്ത അവസ്ഥയായി. ആ ഘട്ടത്തിലാണ് യോഗയെ ആശ്രയിച്ചത്. അങ്ങിനെ യോഗയെ ജീവിതചര്യയാക്കി മാറ്റി.

പിഎച്ച്‌ഡി പൂർത്തിയാക്കിയതിന് ശേഷം നാട്ടിലെത്തിയപ്പോഴും ഇനി എന്ത് എന്ന ചിന്ത അശ്വതിയെ വിട്ടുപോയില്ല. ഇതുവരെ പഠിച്ചതും നേടിയതൊന്നുമല്ല തന്റെ ലക്ഷ്യമെന്ന ചിന്ത വല്ലാതെ അലട്ടി. ആ സമയത്താണ് മകൾ ജനിച്ചതും, അച്ഛന് കാൻസർ പിടിപെട്ടതും. രാത്രികൾ ഉറക്കമില്ലാത്തതായി. ഒരു സാധാരണ കുടുംബപശ്ചാത്തലമുള്ള പെൺകുട്ടി, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അച്ഛനമ്മമാർ. ജർമ്മനിയിലെ ഉപരിപഠനത്തിനു ശേഷം നാട്ടിലെത്തുമ്പോൾ ഏതെങ്കിലുമൊരു മികച്ച സ്ഥാപനത്തിൽ ജോലി നേടും എന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ. പക്ഷേ അവളുടെ ലക്ഷ്യം അവൾ തന്നെ ഇനിയും കണ്ടത്തേണ്ട അവസ്ഥ. ഇതായിരുന്നു അശ്വതിയുടെ ഉറക്കം കെടുത്തിയത്. മറ്റൊരാളോടും തുറന്നുപറയാനും കഴിയാത്ത അവസ്ഥ. അവിടെ വീണ്ടും തുണയാവുകയായിരുന്നു യോഗ.

''ശിവാനന്ദയിൽ തന്നെ മെഡിറ്റേഷൻ ക്ളാസിന് ചേർന്നു. ഒരാഴ്‌ചത്തെ കോഴ്‌സായിരുന്നു അത്. ജീവിതത്തിലേക്കുള്ള ഒരു പുതിയ കാഴ്‌ചപ്പാട് രൂപപ്പെടുകയായിരുന്നു അവിടെ. ഇനി ഇതാണ് എന്റെ വഴി, ഇതുതന്നെയാണ് ഞാൻ ചെയ്യേണ്ടത് എന്ന് അശ്വതി ഉറപ്പിച്ചു. അങ്ങിനെ യോഗയിൽ ടിടിസി ചെയ്യാൻ തീരുമാനിച്ചു. സുഹൃത്തുക്കളായ രണ്ടുപേരൊഴികെ മറ്റാരും അതിനെ അനുകൂലിച്ചില്ല. പലതായിരുന്നു കാരണങ്ങൾ. ആദ്യത്തേത് വിദേശത്ത് നിന്ന് പിഎച്ച്ഡി നേടിവന്ന ഒരാൾ ചെയ്യേണ്ടതാണോ ഈ തൊഴിൽ എന്ന ചിന്ത. രണ്ടാമത് അച്ഛന്റെ രോഗം. ഒടുവിൽ മുന്നോട്ടു പോകാൻ തീരുമാനിച്ചു.

ഇസ്രയേൽ സൈന്യത്തിൽ സ്നൈപ്പർ ആയിരുന്നയാളാണ് കോഴ്‌സ് പഠിപ്പിക്കാൻ എത്തിയത്. ഇന്ന് സന്യാസജീവിതം നയിക്കുന്ന അദ്ദേഹവും വലിയൊരു പരിവർത്തനത്തിന് വിധേയനായ ആളായിരുന്നു. ഒരു മാസം അവിടെ നിന്ന് പഠിച്ചു. ആഴ്‌ചയിലൊരിക്കൾ മകളെ വീട്ടിൽ വന്നു കാണും. ആ ദിവസങ്ങളിലെയെല്ലാം എന്റെ പ്രാർത്ഥന അച്ഛനും അമ്മയ‌്ക്കും കുഞ്ഞിനും ഒന്നുവരുത്തരുതേ എന്നായിരുന്നു. കാരണം അവർ മൂന്നുപേരുമായിരുന്നു എന്നെ താങ്ങി നിറുത്തിയത്. കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റിയ അന്ന് അച്ഛനെ ഐസിയുവിൽ പ്രവേശിപ്പിച്ചുവെന്നുള്ള അമ്മയുടെ ഫോൺ എത്തി. നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു. ഒരാഴ്‌ച പിന്നിട്ടപ്പോൾ അച്ഛൻ ഞങ്ങളെ വിട്ടുപോയി''.

practice

2018 ഡിസംബർ 31ന് അശ്വതി യോഗാ ക്ളാസ് ആരംഭിച്ചു. അമ്മയുടെ സഹോദരനും, അയൽപക്കത്തുള്ള ഒരു സ്ത്രീയുമായിരുന്നു ആദ്യത്തെ ശിഷ്യർ. നാല് മാസത്തിനുള്ളിൽ ശിഷ്യസമ്പത്ത് 25 ആയി വളർന്നു. രാജ്യാന്തര തലത്തിൽ യോഗ പരിപോഷിപ്പിക്കുന്ന ഓം‌ഫ്‌ളോ എന്ന കമ്പനിയുമായി സഹകരിച്ച് ഓൺലൈനായി ക്ളാസുകൾ ആരംഭിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്‌ടറാണ് അശ്വതി. ഇൻഫോസിസ്, ഐഐഐടി കോട്ടയം, കിംസ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചും യോഗ പരിശീലിപ്പിച്ചിട്ടുണ്ട്.

എറണാകുളത്തെ കാക്കനാട് പ്രാണ എന്ന പേരിൽ യോഗാ ക്ളാസ് നടത്തിവരികയാണ്. അശ്വതിയുടെ പാഠ്യപദ്ധതിയുടെ ഏറ്റവും ആകൃഷ്‌‌ടമായ ഒന്ന് ചെയർ യോഗ എന്ന വിധാനമാണ്. പ്രായമായ അമ്മമാർക്കും, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും കസേരയിൽ ഇരുന്നുകൊണ്ടുതന്നെ ചെയ്യാൻ കഴിയുന്ന യോഗാസന മുറകളാണ് ഇതിലൂടെ പരിശീലിപ്പിക്കുന്നത്. ലോകത്തിലെവിടെയിരുന്നും ആർക്കും ഇത് പഠിക്കാം. കൂടാതെ കുട്ടികൾക്കായി ഫൺ യോഗ എന്ന പേരിലും ക്ളാസുകളുണ്ട്. കഥകളിലൂടെയാണ് ഇത് പഠിപ്പിക്കുന്നത്. അശ്വതീസ് പ്രാണായോഗ എന്ന പേരിൽ യൂട്യൂബ് ചാനലും അശ്വതിക്കുണ്ട്.

family

''ചിലരൊക്കെ ചോദിക്കും ജർമ്മനിയിലൊക്കെ പോയി പിഎച്ച്ഡി എടുത്തുവന്നിട്ട് ഈ പ്രൊഫഷൻ എന്തിന് സ്വീകരിച്ചുവെന്ന്. അവരോടൊക്കെയുള്ള എന്റെ മറുപടി, എനിക്ക് ജീവിതത്തിൽ സമാധാനമുണ്ട്, സാമ്പത്തിക ഭദ്രതയുണ്ട്, സുഖമായി ഉറങ്ങാൻ കഴിയുന്നു, ഒരുപാട് പേരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നു എന്നതാണ്. ഇതിൽ കൂടുതലൊന്നും ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നുമില്ല''-അശ്വതി പറയുന്നു.

കുസാറ്റിലെ സ്കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസിൽ അസിസ്‌റ്റന്റ് പ്രൊഫസറായ ഡോ. കൃഷ്‌ണ മോഹനാണ് ഭർത്താവ്. ഗവൺമെന്റ് യുപിഎസ് കാക്കനാടിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയായ നന്ദ മകളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERNATIONAL YOGA DAY, DR ASWATHY, PRANA YOGA AND WELLNESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.