അങ്കോള (ഉത്തര കർണ്ണാടക): മലയിടിഞ്ഞ് ലോറിയോടൊപ്പം കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) രക്ഷിക്കാൻ വലിയ ദൗത്യമാണ് ഷിരൂർ മലഞ്ചെരുവിൽ നടക്കുന്നത്.
മെറ്റൽ ഡിറ്റക്ടറും റഡാറും അടക്കമുള്ള ആധുനിക സങ്കേതങ്ങളുമായി സൂറത്ത്ക്കൽ എൻ.ഐ.ടി യിലെ വിദഗ്ദ്ധർ ലോറിയുടെ ലൊക്കേഷൻ തിരയുകയാണ്. ഉപഗ്രഹ ചിത്രങ്ങൾ ലഭിക്കാൻ ഐ.എസ്.ആർ.ഒയുടെ സഹായം തേടി. സമ്മർദ്ദം ഏറിയതോടെ കർണാടക സർക്കാർ സൈന്യത്തെയും വിളിച്ചു.
മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കാസർകോട്ട് നിന്നെത്തിയ എം.വി.ഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. എട്ട് ഹിറ്റാച്ചികളും ടോറസ് ലോറികളും ദ്രുതഗതിയിൽ മണ്ണ് നീക്കുകയാണ്. മലയാളി സന്നദ്ധ പ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിന്റെ സംഘവും ദൗത്യത്തിലുണ്ട്. നാവിക സേനയുടെ രണ്ട് സ്‌കൂബ യൂണിറ്റുകൾ കൂടി ഇന്നലെ എത്തി.
40 സൈനികർ
ബൽഗാമിൽ നിന്ന് മേജർ രജീഷിന്റെ നേതൃത്വത്തിൽ 40 സൈനികർ ആധുനിക സന്നാഹങ്ങളുമായി ഞായറാഴ്ച മൂന്ന് മണിക്ക് എത്തി തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് വാഹനങ്ങളും 20 സേനാംഗങ്ങളും എസ്.ഡി.ആർ.എഫിന്റെ നാല് വാഹനങ്ങളും 15 പേരും നേവിയുടെ 15 അംഗ സംഘവും നീന്തൽ വിദഗ്ദ്ധരും ഗംഗാവലി പുഴയിൽ അടക്കം അർജുനെ തിരഞ്ഞു.
റഡാർ ഒന്നും കണ്ടില്ല
ഞായറാഴ്ച രാവിലെ ഏഴരയ്‌ക്ക് റഡാറിൽ ലോഹ സിഗ്നൽ കണ്ട സ്ഥലത്ത് തിരച്ചിൽ മണിക്കൂറുകൾ നീണ്ടു. ഒന്നും കണ്ടില്ല. മലയിടിഞ്ഞ് വീണ് ഗംഗാവലി നദിയിൽ രൂപപ്പെട്ട ദ്വീപുകളിലും നേവി തിരച്ചിൽ നടത്തി. പുഴയുടെ ആഴങ്ങളിൽ തിരച്ചിൽ തുടരുകയാണ്. രാവിലെ അങ്കോള എം.എൽ.എ സതീഷ് സെയിൽ സ്ഥലത്ത് എത്തി.
സിദ്ധരാമയ്യ എത്തി
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്ഥലത്തെത്തി മടങ്ങി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മലയാളിയായ പ്രിൻസിപ്പൽ സെക്രട്ടറി ജാഫറിനെ നിയോഗിച്ചു.അങ്കോള ഗസ്റ്റ് ഹൗസിൽ അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടു. എം.കെ. രാഘവൻ എം.പി, എ.കെ.എം അഷറഫ് എം.എൽ.എ എന്നിവരും ഷിരൂരിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |