SignIn
Kerala Kaumudi Online
Tuesday, 30 July 2024 9.45 PM IST

പഴനിയിലെ ചൈതന്യം ആവാഹിക്കപ്പെട്ടത് ഇവിടെ നിന്ന്, അതുകൊണ്ടുതന്നെ ഒരു കാലത്ത് ഈ നാട്ടുകാർ പഴനിയിൽ പോകുമായിരുന്നില്ല

temple

തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയ്ക്ക് അടുത്തുള്ള ചെമ്മണ്ട ഗ്രാമത്തിലാണ് ഈ മഹാ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പുരാതന സുബ്രഹ്മണ്യ ക്ഷേത്രമായ ചെമ്മണ്ടയ്ക്ക് പറയാൻ അനവധി ചരിത്ര കഥകൾ ഉണ്ടെങ്കിലും അതൊന്നും പൂർണമായി കണ്ടെത്താൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല.

കിഴക്കോട്ട് ദർശനമായി, വേലായുധധാരിയായ സുബ്രഹ്മണ്യ സ്വാമിയായിട്ടാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. കുമാര ഭാവത്തിൽ രാജകീയ പ്രൗഢിയിലാണ് സ്വാമി നില കൊള്ളുന്നത്. അഷ്ടാഭിഷേകമാണ് സുബ്രഹ്മണ്യ സ്വാമിയുടെ പ്രധാന വഴിപാട്. മഹാദേവൻ ,ഗണപതി , ഹിഡുംബൻ എന്നീ മൂർത്തികൾ ഉപദേവതകളായി നില കൊള്ളുന്നുണ്ട്. മഹാദേവൻ മറ്റൊരു സ്ഥലത്ത് ഉണ്ടായിരുന്ന പ്രതിഷ്ഠയാണ്. ഭദ്രകാളി, ശാസ്‌താവ് എന്നിവരുടെ സാന്നിധ്യം ഇവിടെ ഉണ്ടെന്ന് ജ്യോതിഷ പണ്ഡിതർ അടുത്തിടെ പറഞ്ഞിരുന്നു. ചെമ്മണ്ടയുടെ കീഴേടമായ പെരുംമ്പിള്ളി നരസിംഹ സ്വാമി ക്ഷേത്രവും ഇവിടെ അടുത്താണ്.

ക്ഷേത്ര ഊരാള സ്ഥാനവും, തന്ത്രവും , നെടുമ്പിള്ളി തരണനെല്ലൂർ മനക്കാർക്കാണ്. നാഗാർജ്ജുന ചാരിറ്റീസ് ആണ് ഇന്ന് ക്ഷേത്രത്തിന്റെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. വൃശ്ചിക മാസം കാർത്തിക നാൾ വരുന്ന ദിനത്തിൽ ആറു ദിനം നീളുന്ന ഉത്സവം പണ്ട് കാലത്ത് ഇവിടെ നടന്നിരുന്നു എന്ന് പറയപ്പെടുന്നു.ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഇന്നും ലഭ്യമല്ല. കുറെ കാലം ക്ഷേത്രത്തിൽ നിത്യ നിദാനം മുടങ്ങിയ അവസ്ഥയും ഉണ്ടായിരുന്നു. ഇപ്പോൾ നാഗാർജുന ചാരിറ്റീസ്, ഭക്ത ജനങ്ങൾ, തുടങ്ങിയവരുടെ സഹകരണത്തോടെ ക്ഷേത്ര നിത്യനിദാനങ്ങൾ നടന്നു പോകുന്നു എന്ന് മാത്രം.

ചെമ്പ് മേഞ്ഞ മനോഹരമായ വട്ട ശ്രീകോവിലിൽ ആണ് സുബ്രഹ്മണ്യ സ്വാമി കുടികൊള്ളുന്നത്. ആദ്യ കാലത്ത് ഓട് മേഞ്ഞ ശ്രീകോവിലിൽ 2022 ഇലാണ് ചെമ്പ് മേഞ്ഞത്. ശ്രീ കോവിലിൻ്റെ മുന്നിലായി നമസ്‌കാര മണ്ഡപവും , തിടപ്പള്ളിയും കാണാം. വട്ട ശ്രീകോവിലിന് ചുറ്റുമായി പുറത്ത് മൃഗമാലയും പക്ഷി മാലയും കൊത്തി വച്ചിട്ടുണ്ട്. സോപാനത്തിൻ്റെ രണ്ട് ഭാഗത്തുമായി ചതുർ ശിരസ്സോട് കൂടിയ ബ്രഹ്മാവിനെയും , മഹാദേവനെയും, യോഗ നരസിംഹ മൂർത്തിയെയും,ഉഗ്ര നരസിംഹ മൂർത്തിയെയും വളരെ ഭംഗിയായി ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്. അവയുടെ നിർമാണ ശൈലിയിൽ നിന്ന് തന്നെ ക്ഷേത്രത്തിന് നല്ല കാലപ്പഴക്കം അനുമാനിക്കാം. പൂർവികരായ വാസ്‌തു വിദഗ്‌ദ്ധരുടെ കഴിവ് നമുക്ക് ഇവിടെ കാണാൻ ആകും. ഒരു കാലത്ത് ഇവിടെ ഒരു മഹാക്ഷേത്രം സങ്കൽപ്പത്തിൽ തന്നെയുള്ള നിർമിതികൾ ഉണ്ടായിരുന്നു എന്ന് കരുതാൻ തക്ക തെളിവുകൾ ക്ഷേത്രത്തിൽ ഇന്നും കാണാം.

ജ്യോതിഷഭാഷ്യ പ്രകാരം നൂറ്റാണ്ടുകൾക്ക് മുന്നേ ചക്രവർത്തിയാൽ സേവിക്കപ്പെട്ട മൂർത്തിയാണ് ഇവിടുത്തെ സുബ്രഹ്മണ്യ സ്വാമി. അതിനു സാദ്ധ്യത ഉണ്ടുതാനും. ചേരരാജാക്കന്മാർ കൊടുങ്ങല്ലൂർ ആസ്ഥാനമാക്കിയാണല്ലോ ഭരിച്ചിരുന്നത്. അവിടെ നിന്ന് ഏറ്റവും അടുത്ത് കിടക്കുന്ന പുരാതനമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ചെമ്മണ്ടയാണ്. തമിഴ് സംസ്‌കാരത്തിൽ സംഘകാലം മുതലേ മുരുകാരാധനയ്‌ക്ക് വലിയ പ്രാധാന്യമാണ് കൊടുത്തിരുന്നത്. സംഘകാല സാഹിത്യ ഭൂമി ലക്ഷണ വേർ തിരിവ് പ്രകാരം മലനിരകളും,കുന്നുകളും, നിറഞ്ഞ ഭൂമിയായ കുറിഞ്ഞിയുടെ ദേവൻ ചെയോൻ ആണ്. ശിവന്റെയും ( കൊട്രവൻ ) കൊട്രവൈയുടെയും ( പാർവതി സങ്കൽപ്പം) പുത്രനായിട്ടാണ് ചെയോനെ കാണുന്നത്. ചെയോനാണ് കാലക്രമേണ മുരുകൻ എന്ന ഭാവത്തിലേക്ക് മാറിയത്. ചേര പെരുമാക്കന്മാർ ഇവിടെ വന്ന് ആരാധന നടത്തിയിരുന്നു എന്ന് വേണം കരുതാൻ. തമിഴർക്ക് മുരുകൻ കഴിഞ്ഞ് മാത്രമേ വേറെ ഏത് മൂർത്തിയും ഉള്ളൂ. ഈ ക്ഷേത്രത്തിൽ നിന്നാണ് ചൈതന്യം പഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ട് പോയത് എന്നൊരു ഐതിഹ്യമുണ്ട്.അതിനാൽ പണ്ട് കാലത്ത് ഈ ഭാഗത്ത് ഉളളവർ പഴനിയിലേക്ക് പോകാറില്ലായിരുന്നുവത്രേ. ഈ ഒരു കഥ കേട്ടു കേൾവി മാത്രമാണ് എങ്കിലും പഴനിയും ചെമ്മണ്ടയും തമ്മിൽ എന്തോ ഒരു ബന്ധം പൂർവകാലം മുതലേ ഉള്ളതായി അനുമാനിക്കുന്നു. ഗൂഗിൽ മാപ്പിൽ കൂടി ചെമ്മണ്ടയിൽ നിന്ന് പഴനിയിലേക്ക് ദിശ നോക്കും നേരം ആകാശ മാർഗത്തിൽ നമുക്ക് രണ്ട് ക്ഷേത്രങ്ങളും നേർരേഖയിൽ കാണാം.എന്തായാലും ഭാവിയിൽ കൂടുതൽ തെളിവുകൾ കിട്ടും എന്ന് കരുതുന്നു.

പരശു രാമനാൽ സ്ഥാപിതമായ കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നായ ചാമുണ്ട ( ചെമ്മണ്ടയുടെ സംസ്കൃത നാമം) ഗ്രാമത്തിന്റെ , ഗ്രാമ ക്ഷേത്രമാണ് ചെമ്മണ്ട സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കരുമൻ പുഴയ്ക്കും ചൂർണി/പൂർണി ( കരുവന്നൂർ പുഴ - പെരിയാർ )പുഴയ്ക്കും ഇടയിലായുള്ള ഒരു നമ്പൂതിരി ഗ്രാമമായിരുന്നു ഇവിടം. കേരളത്തിലെ ഓരോ നമ്പൂതിരി ഗ്രാമത്തിന്റെയും ജീവിതവും ചരിത്രവും ഭരണവും തുടങ്ങുന്നതും അവസാനിക്കുന്നതും ഗ്രാമ ക്ഷേത്രത്തിനെ ആസ്ഥാനമാക്കിയായിരുന്നു. പക്ഷേ ഏതോ കാലത്ത് ചെമ്മണ്ടയുടെ ചരിത്രം അപ്രത്യക്ഷമായി പോയി എന്ന് വേണം പറയാൻ. പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ശിലാലിഖിത ഫലകം ക്ഷേത്രത്തിലുണ്ട്. അത് വച്ച് നമുക്ക് ഒന്ന് ഉറപ്പിക്കാം ഈ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിന് മുമ്പേ ഉണ്ടെന്ന്. പക്ഷേ 15 ,16 നൂറ്റാണ്ടിൽ എഴുതിയ കോക സന്ദേശം, ശുക സന്ദേശം,കോകില സന്ദേശം തുടങ്ങിയ കാവ്യങ്ങളിലൊന്നും ഈ ക്ഷേത്രത്തെ കുറിച്ച് സൂചിപ്പിച്ചിട്ടില്ല. ഈ ക്ഷേത്രത്തിന്റെ സമീപ ക്ഷേത്രങ്ങളായ കൊടുങ്ങല്ലൂർ, ഊരകം എന്നിവയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ ആ കാലമായപ്പോഴേക്കും ചെമ്മണ്ടയുടെ പ്രസക്തിയ്ക്കും പ്രശസ്തിയ്ക്കും കോട്ടം സംഭവിച്ചു കാണണം.പെരുംചെമ്മണ്ടെയ് പുത്തൂർ എന്നൊരു പേരും കൂടി ചെമ്മണ്ടയ്ക്ക് ഉണ്ടായിരുന്നു എന്ന് ചില രേഖകളിൽ നിന്ന് മനസിലാക്കാൻ സാധിച്ചു. പെരും എന്നാൽ ഉന്നതിയിൽ ഉള്ളതിനെ എന്ന് സൂചിപ്പിക്കുന്നു. പുത്തൂർ എന്നാൽ പുതിയ ഊര് എന്നർത്ഥവും ആണ്. 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നായിരുന്നു ഇവിടം എങ്കിലും ഇന്ന് ഇവിടെ അധികം നമ്പൂതിരി പരമ്പരകൾ ഒന്നുമില്ല . പേരിനു ഒന്നോ രണ്ടോ പേര് മാത്രം .ഒരു കാലത്ത് ധാരാളം നമ്പൂതിരി പരമ്പരകൾ ഇവിടെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. കാരണം ഇവിടം നമ്പൂതിരി ഗ്രാമമായിരുന്നു. ഏതോ കാരണത്താൽ അവരിൽ ഭൂരിഭാഗം പേരും മറ്റു ദേശങ്ങളിലേക്ക് പലായനം ചെയ്തു. അതിനുള്ള കാരണങ്ങൾ ഒരുപക്ഷേ പ്രകൃതി ക്ഷോഭങ്ങളോ മറ്റെന്തെങ്കിലുമോ ആവാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, IRINGALAKKUDA, SUBRAMANYA SWAMY TEMPLE
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.