SignIn
Kerala Kaumudi Online
Thursday, 25 July 2024 9.24 PM IST

മഴകാത്ത് നെല്ലറ

palakkad

ഇത്തവണ കാലവർഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ വിശ്വസമർപ്പിച്ച് വലിയ പ്രതീക്ഷകളോടെയാണ് നെല്ലറയിലെ കർഷകർ ഒന്നാംവിള നെൽക്കൃഷിക്കായി ഞാറ്റടി തയാറാക്കിയത്. എന്നാൽ, തുടക്കത്തിൽ തകർത്തുപെയ്ത മഴ പിന്നീട് തിരിഞ്ഞുനോക്കാതായതോടെ കർഷക പ്രതീക്ഷകൾക്ക് മേൽ ആശങ്കയുടെ കാർമേഘം ഉരുണ്ടുകൂടിയ അവസ്ഥയാണ്. ജില്ലയിൽ ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിലായി പലയിടത്തും കർഷകർ പാകിയ ഞാറ് മൂപ്പെത്തി. ഇനിയും നിലമൊരുക്കാനോ ഞാറ് പറിക്കാനോ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ വലിയ വിലകൊടുത്തു വാങ്ങിവന്ന വിത്തും തീർന്നു. ഉടൻ വെള്ളം ലഭിച്ചില്ലെങ്കിൽ ഞാറ് മൂപ്പെത്തി നശിക്കുമെന്നും ഒന്നാംവിള പ്രതിസന്ധിയിലാകും. മൂപ്പു കുറഞ്ഞ വിത്താണ് മിക്ക കർഷകരും പാകിയിട്ടുള്ളത്. ഇപ്പോൾത്തന്നെ പല കർഷകരുടെയും ഞാറിനു 30 ദിവസത്തിലധികം മൂപ്പുണ്ട്. ദിവസങ്ങൾക്കകം പറിച്ചുനടാൻ കഴിഞ്ഞില്ലെങ്കിൽ അവ നശിക്കും. അങ്ങനെയായാൽ വീണ്ടും വിളയിറക്കാൻ വിത്തില്ലാത്ത സ്ഥിതിയുണ്ടാവും, ഒട്ടേറെ കർഷകർക്ക് ഒന്നാംവിള ഉപേക്ഷിക്കേണ്ടിവരും.

 കുഴൽ കിണറേ... ശരണം
നിലവിൽ കുഴൽ കിണറുകളിലും മറ്റുജലസംഭരണികളിലും വെള്ളം പമ്പ് ചെയ്താണ് കർഷകർ മൂപ്പെത്തിയ ഞാറ് നശിക്കാതെ നോക്കുന്നത്. ഇത്തരം സൗകര്യമുള്ള ചുരുക്കം ചില കർഷകർ വെള്ളം പമ്പ് ചെയ്ത് ഞാറുപറിയും നിലമൊരുക്കലും നടത്തി. എന്നാൽ, സൗകര്യങ്ങളില്ലാത്ത കർഷകർക്ക് ആശ്രയം മഴയും കനാൽവെള്ളവും മാത്രമാണ്. മഴ മടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ലഭിക്കുന്ന കനാൽവെള്ളത്തിനായി കർഷകർ തമ്മിലടിയാണ്. എല്ലാവർക്കും ഒരേ സമയത്തു വെള്ളം ആവശ്യമുള്ളതിനാൽ ഉദ്യോഗസ്ഥർക്കും ജലവിതരണത്തിൽ ഇടപെടാൻ കഴിയാത്ത സാഹചര്യമാണ്. കൃഷിയിടങ്ങളിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാൻ വൈകിയാൽ പലയിടത്തും സംഘർഷത്തിനു തന്നെ സാദ്ധ്യതയുണ്ട്.

 കുടിശികയുള്ള വെള്ളം കിട്ടുമോ?
പറമ്പിക്കുളം - ആളിയാർ നദീജല കരാർ പ്രകാരം കേരളത്തിനു നൽകേണ്ട 7.25 ടി.എം.സിയിൽ ഒന്നര ടി.എം.സിയോളം വെള്ളം ഇനിയും കുടിശികയാണ്. ഇനിയുള്ള ദിവസം വെള്ളം തുറന്നാലും തരാനുള്ള കുടിശിക തന്നുതീർക്കാനാവില്ല. അതുകൊണ്ടുതന്നെ കുടിശികയുള്ള ചിറ്റൂർപുഴ ആയക്കെട്ടു പ്രദേശത്തെ കാർഷിക മേഖലയിലേതുൾപ്പെടെയുള്ള ആവശ്യം കണക്കിലെടുത്ത് സെക്കൻഡിൽ 250 ഘനയടി വെള്ളം എന്ന തോതിലാണ് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ കണക്കുപ്രകാരം സെക്കൻഡിൽ 88 ഘനയടി എന്ന തോതിലാണു വെള്ളം നൽകുന്നത്. ഒരു ടി.എം.സി.യിലധികം വെള്ളമുണ്ടായിട്ടും പറമ്പിക്കുളത്തും ആളിയാറിന് താഴെയുള്ള തടയണകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് വെള്ളത്തിന്റെ അളവു കുറച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ജൂൺ മൂന്നാം വാരമായിട്ടും ഞാറു പറിക്കാനും നടാനുമുള്ള വെള്ളം ലഭ്യമാക്കാത്തതു സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കർഷക സംഘടനകൾ ആക്ഷേപിക്കുന്നു. ജലവർഷം തീരാൻ ദിവസങ്ങൾ മാത്രമാണു ബാക്കിയുള്ളത്. എന്നാൽ, പറമ്പിക്കുളം - ആളിയാർ ജല കരാറിൽ നിന്ന് ഇനിയും 1.75 ടിഎംസിയോളം വെള്ളം കിട്ടാനുണ്ട്. യഥാസമയം ഈ വെള്ളം നേടിയെടുക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ല. സർക്കാരിന്റെ അനാസ്ഥയാണു കർഷകരെ ഇപ്പോൾ ദുരിതത്തിലാക്കിയിട്ടുള്ളത്. കൃഷിക്ക് അതതു സമയത്തു നടത്തേണ്ട പണികൾ മുടങ്ങിയാൽ കൃഷി സംസ്‌കാരം താളം തെറ്റും. പറമ്പിക്കുളം ഡാമിൽ നിന്നു തമിഴ്നാട് യഥേഷ്ടം വെള്ളം കടത്തുമ്പോഴും ഞാറു പറിക്കാൻ പോലും കഴിയാതെ ചിറ്റൂരിലെ കർഷകർ ബുദ്ധിമുട്ടുകയാണെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു.

 തൊഴിലാളി ക്ഷാമവും രൂക്ഷം

ജില്ലയിലെ പാടശേഖരങ്ങളിൽ ഒന്നാം വിള നെൽക്കൃഷി നടീൽ ആരംഭിച്ചെങ്കിലും കൃഷിപ്പണിക്ക് ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ വളരെ കുറച്ചുപേർ മാത്രമാണ് ഇത്തവണ എത്തിയിട്ടുള്ളത്. രണ്ടാം വിള കൃഷിപ്പണിക്ക് എത്തുന്ന അത്രയും തൊഴിലാളികൾ വിരിപ്പിന് എത്തിയിട്ടില്ല. ജില്ലയിഷ ഏദകേശം മുഴുവൻ പാടശേഖരങ്ങളിലും ഒരേസമയം ഞാറ്റടി തയാറാക്കിയതിനാൽ എല്ലാ ഭാഗത്തും നടീൽ ആരംഭിച്ചിരിക്കുകയാണ്. നാട്ടിൽ തൊഴിലാളികൾ കുറയുന്നതും കൃഷിപ്പണിക്കു തിരിച്ചടിയാകുന്നുണ്ട്. പഞ്ചായത്ത് തൊഴിലുറപ്പു ജോലികൾ കുറച്ചു ദിവസത്തേക്കു നിർത്തി വയ്ക്കണമെന്നാണു കർഷകരുടെ ആവശ്യം. ഞാറ്റടിക്കു മൂന്നാഴ്ചയിലേറെ മൂപ്പെത്തി. കാലാവസ്ഥ അനുകൂലമായതിനാൽ നടീലിനുള്ള തിരക്കിലാണു കർഷകർ. നടീലിനോടൊപ്പം വളപ്രയോഗവും നടക്കുന്നുണ്ട്. വിരിപ്പിന് ഉമ വിത്താണു കർഷകർ കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. നെല്ലു സംഭരണ വില ലഭിക്കാത്തതിനാൽ കടം വാങ്ങിയാണു പലരും കൃഷിപ്പണി നടത്തുന്നത്.

 നെല്ലുസംഭരണ വിലകിട്ടിയില്ലെന്ന്

നെല്ലെടുത്ത് അഞ്ചുമാസം കഴിഞ്ഞിട്ടും രണ്ടാംവിള നെല്ലുസംഭരണ വില കിട്ടിയില്ലെന്ന പരാതിയുമായി കർഷകർ. പി.ആർ.എസുമായി ബാങ്കിൽച്ചെല്ലുമ്പോൾ നെല്ലുവില നൽകുന്ന നടപടി തത്കാലം നിർത്തിവെക്കാൻ ഉന്നത കേന്ദ്രങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചതായി ബാങ്കധികൃതർ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. പൊൽപ്പുള്ളി പഞ്ചായത്തിൽ കൊള്ളുപറമ്പ് പാടശേഖരത്തിലെ 200 കർഷകരിൽ വിരലിലെണ്ണാവുന്നവർക്കുപോലും നെല്ലുവില കിട്ടിയിട്ടില്ല. ബാങ്കിൽ കയറിയിറങ്ങി മടുത്തെന്നും തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ആരുമില്ലെന്നും കർഷകർ പറയുന്നു. രണ്ടാംവിളയിറക്കാൻ വേണ്ടിവന്ന ചെലവിന് ബാങ്കിൽനിന്നെടുത്ത വായ്പ ഇതുവരെ തിരിച്ചടയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതുമൂലം ഒന്നാംവിള ഇറക്കാനുള്ള വായ്പ ബാങ്ക് തരുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു. പെരുമാട്ടി, പട്ടഞ്ചേരി, തത്തമംഗലം മേഖലയിലും നെല്ലുവില കിട്ടിയിട്ടില്ലെന്നാണ് കർഷകർക്ക് പരാതി.

 വായ്പ നൽകാൻ സഹ.

ബാങ്കുകൾക്ക് വിമുഖത

നെൽക്കൃഷി വികസനം ലക്ഷ്യമാക്കി സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ച പലിശരഹിത വായ്പ നൽകാൻ സഹകരണ ബാങ്കുകൾക്ക് വിമുഖത. നെൽക്കർഷകന് 50,000 രൂപ ആറുമാസത്തേക്ക് നൽകുന്ന വായ്പാപദ്ധതിയാണിത്. പ്രാഥമിക സഹകരണ ബാങ്കുകൾ മുഖേനയാണ് നടപ്പാക്കുന്നത്. ചില ബാങ്കുകൾ അപൂർവം കർഷകർക്ക് നൽകുന്നുണ്ട്. എന്നാൽ, ചിലത് ആർക്കും നൽകിയിട്ടില്ല. കർഷകർക്ക് പലിശയില്ലാത്ത വായ്പയാണെങ്കിലും ബാങ്കുകൾക്ക് ആറുശതമാനം പലിശ ലഭിക്കുന്നുണ്ട്. ഉത്തേജക പലിശ എന്ന നിലയിൽ മൂന്നുശതമാനം സംസ്ഥാനസർക്കാരും മൂന്നുശതമാനം നബാർഡ് മുഖേന കേന്ദ്രസർക്കാരുമാണ് നൽകുന്നത്. മൂന്നുവർഷം മുമ്പ് ഏഴുശതമാനമായിരുന്നു. പണമില്ലാത്തത് കാരണം കൃഷിയിറക്കാൻ കഴിയാത്തവരെ സഹായിക്കാൻ ആവിഷ്‌കരിച്ച പദ്ധതിയെപ്പറ്റി പലർക്കും അറിയില്ല. ലാഭമില്ലാത്ത വായ്പയായതിനാൽ ബാങ്കുകൾക്കും താത്പര്യമില്ല. മറ്റ് കൃഷിയിൽനിന്ന് വ്യത്യസ്തമായി നെൽക്കൃഷി കൃത്യസമയത്ത് ചെയ്യണം. പണമില്ലാത്തതിനാൽ പലർക്കും ഇത് സാധിക്കുന്നില്ല. നെൽക്കൃഷി സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠിച്ച പല കമ്മിഷന്റെയും ശുപാർശ പ്രകാരമാണ് ഈ വായ്പാപദ്ധതി ആവിഷ്‌കരിച്ചത്. വ്യക്തമായ മാനദണ്ഡങ്ങളും നിർദേശിച്ചിട്ടുണ്ട്. നെൽക്കൃഷിക്ക് മാത്രമാണ് ഈ വായ്പ ഉപയോഗിക്കുകയെന്ന് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും സാക്ഷ്യപ്പെടുത്തണം. സർക്കാരിൽ നിന്നും നബാർഡിൽ നിന്നും ഇതിന്റെ പലിശ ലഭിക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്. വൻതുക നഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ വായ്പ നൽകാൻ മടിക്കുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.