SignIn
Kerala Kaumudi Online
Friday, 12 July 2024 5.58 AM IST

ദ്രാവി‌ഡ രാഷ്ട്രീയത്തിലേക്ക് ദളപതിയുടെ മാസ് എൻട്രി

vijay

ഇളയ ദളപതിയുടെ അമ്പതാം പിറന്നാളാണ് ഇന്ന്. കഴിഞ്ഞ പിറന്നാളുകളിൽ ആരാധകർക്കായിരുന്നു ആവേശമെങ്കിൽ ഇത്തവണ അങ്ങനെയല്ല, 'തമിഴ്നാട് വെട്രി കഴകം" എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ച ശേഷം വരുന്ന ആദ്യ പിറന്നാളാണ്. അതുകൊണ്ടു തന്നെ വിജയുടെ വാക്കുകൾ എന്തായിരിക്കുമെന്നും, ചുവടുകൾ എങ്ങോട്ടായിരിക്കുമെന്നും ഉറ്റുനോക്കുകയാണ് തമിഴകമാകെ.

കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷങ്ങൾ വിജയ് വിലക്കിയിട്ടുണ്ട്. പകരം,​ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ സഹായിക്കണമെന്നാണ് ആരാധകരോട് സൂപ്പർതാരത്തിന്റെ അഭ്യർത്ഥന. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് സഹായധനമോ മറ്റെന്തെങ്കിലും സഹായമോ വിജയ് ഇന്ന് പ്രഖ്യാപിച്ചേക്കും. ദുരിതബാധിതർക്ക് ആശ്വസമായി വിജയ് വ്യാഴാഴ്ച എത്തിയിരുന്നു. അതിനു മുമ്പ് പാർട്ടിയുടെ ഔദ്യോഗിക എക്സ് പേജിലാണ് വിജയ് സർക്കാരിനെ വിമർശിച്ചത്. നടൻ വിജയ്‌യുടെ അല്ല, പാ‌ർട്ടി അദ്ധ്യക്ഷൻ വിജയ്‌യുടെ പ്രസ്താവന എന്നു വ്യക്തമാക്കുകയായിരുന്നു,​ ഇതിലൂടെ.

'കഴിഞ്ഞ വർഷവും സമാനമായൊരു ദുരന്തത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. മദ്യ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്നാട് സർക്കാർ കർശന മുൻകരുതലുകൾ സ്വീകരിക്കണം."- ഇങ്ങനെ അവസാനിക്കുന്നു കുറിപ്പ്. കഴിഞ്ഞ വ‌ർഷം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയ പ്രവേശനത്തിന് വിജയ് വ്യക്തമായ സൂചന നൽകിയത്. ഇത്തവണ 28- നും ജൂലായ് മൂന്നിനുമായാണ് വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ്. ഈ ചടങ്ങുകളിൽ വിജയ് എന്തു പറയുമെന്നത് സസ്പെൻസ്!

ആദ്യം ഒരുക്കം,​

പിന്നെ എൻട്രി

ആഘോഷമില്ലെങ്കിലും പിറന്നാളുമായി ബന്ധപ്പെട്ട ക്ഷേമപരിപാടികൾ ഇന്നലെ ആരംഭിച്ചു. ഇന്ന് ക്ഷേത്രങ്ങളിൽ ആരാധകർ പ്രത്യേക പൂജകൾ നടത്തും. ചെന്നൈയിലെ കസ്തൂരിബാ ഗാന്ധി തായ് സായി ഹെൽത്ത് ഗവൺമെന്റ് ആശുപത്രിയിൽ ഇന്നു ജനിക്കുന്ന കുട്ടികൾക്ക് ഒരുഗ്രാം സ്വർണമോതിരം നൽകാനുള്ള ക്രമീകരണം നേരത്തെ തന്നെ ചെയ്തിട്ടുണ്ട്. രക്തദാനം, നേത്രദാനം, അന്നദാനം തുടങ്ങിയ പരിപാടികൾ എല്ലാ നിയോജകമണ്ഡലങ്ങളിലും നടക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി വിജയ് പ്രഖ്യാപിച്ചത്. ഏറ്റെടുത്ത സിനിമകളിലെ അഭിനയം കഴിഞ്ഞാൽ പൂർണമായും രാഷ്ട്രീയത്തിലിറങ്ങുമെന്നായിരുന്നു പ്രഖ്യപനം. 2026-ൽ നിയമസഭയിലേക്ക് മത്സരിക്കുകയാണ് ലക്ഷ്യം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണച്ചില്ല. ഉടൻ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലോ തദ്ദേശ തിരഞ്ഞെടുപ്പിലോ വിജയ്‌യുടെ പാ‌ർട്ടി മത്സരിക്കുന്നില്ല. കഴിഞ്ഞ തവണ വിജയ് ആരാധക സംഘം ചില പ്രദേശങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. പാർട്ടിയുടെ പേരിൽ വലിയൊരു സമ്മേളനമോ റാലികളോ ഇതുവരെ നടന്നിട്ടില്ല. അത് ഉടനെയുണ്ടാകുമെന്നാണ് സൂചന. പുതിയ ചിത്രമായ 'ഗോട്ടി"ന്റെ റിലീസിനു ശേഷമാകും അത്തരം പരിപാടികൾ.

താരോദയത്തിന്

ശുഭസമയം

രാഷ്ട്രീയത്തിലിറങ്ങാൻ പാകമായ ഊർജ്ജസ്വലമായ പ്രായത്തിലാണ് വിജയ്‌യുടെ എൻട്രി.

അണ്ണാ ഡി.എം.കെയുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കരുനീക്കമെന്നാണ് പൊതുവെയുള്ള നീരീക്ഷണം. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം മറ്റൊരു താരോദയം അണ്ണാ ഡി.എം.കെ അണികൾ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴത്തെ നേതൃത്വം അമ്പേ പരാജയമാണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പോടെ വ്യക്തമായി. ഡി.എം.കെയ്ക്ക് എതിരായ ഭരണവിരുദ്ധ വികാരം കൂടി ചേരുമ്പോൾ മുഖ്യമന്ത്രി പദത്തിലേക്കുള്ള വിജയ്‌യുടെ തേരോട്ടം സുഗമമാകുമെന്നാണ് ആരാധകപക്ഷത്തിന്റെ കണക്കുകൂട്ടൽ.

അതേസമയം,​ അത് അത്ര ഈസിയല്ലെന്ന വാദവും ശക്തമാണ്. ഉലകനായകൻ കമലഹാസൻ രൂപീകരിച്ച 'മക്കൾ നീതി മയ്യം" പാർട്ടി എല്ലാ സീറ്റിലും മത്സരിച്ച് ഒന്നിൽപ്പോലും ജയിക്കാനാകാതെ ഡി.എം.കെയുടെ സഹായം തേടുന്ന കാഴ്ചയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത്. മറ്റു പാർട്ടികളുമായി സഖ്യം രൂപീകരിച്ച് വിജയ് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സാദ്ധ്യതയുമുണ്ട്. ഡി.എം.ഡി.കെ, പി.എം.കെ, ടി.എം.സി എന്നീ പാർട്ടികൾ വിജയ് ക്ഷണിച്ചാൽ കൂട്ടുകൂടിയേക്കും. 'ഗോട്ട്" സിനിമയിൽ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയകാന്തിനെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. അഭിനയത്തിന്റെ ആദ്യനാളുകളിൽ വിജയ‌്‌‌യെ പ്രോത്സാഹിപ്പിച്ച നടനായിരുന്നു വിജയകാന്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയകാന്ത് രൂപീകരിച്ച ഡി.എം.ഡി.കെ,​ അണ്ണാ ഡി.എം.കെയ്ക്കൊപ്പമായിരുന്നു.

പണം വാരും

ദളപതി

പ്രായോഗികബുദ്ധി ഉപയോഗിച്ച് ഉയരങ്ങൾ കീഴടക്കിയ നടനാണ് വിജയ്. അഭിനയ മികവുകൊണ്ട് ശ്രദ്ധ നേടാനൊന്നും വിജയ് ശ്രമിച്ചതേയില്ല. പരീക്ഷണ ചിത്രങ്ങളുടെ വഴിയേ അറിയാതെ പോലും പോയില്ല. അസാധാരണ അഭിനയമികവ് കാഴ്ചവയ്ക്കാൻ പാകത്തിൽ പ്രതിഭയൊന്നും തനിക്കില്ലെന്ന ഉത്തമബോധ്യം വിജയ്ക്കുണ്ടായിരിക്കണം. രജനിയുടെ പകരക്കാരനാകാനായിരുന്നു എന്നും ശ്രമം. മാസ് എൻട്രിയും പഞ്ച് ഡലോഗുകളും ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളുംകൊണ്ട് ആരാധകരെ ത്രില്ലടിപ്പിക്കുന്ന ചിത്രങ്ങളിലൂടെ വിജയ് മുന്നേറി.

കേരളത്തിലും മറ്റും അന്യഭാഷാ സിനിമകൾക്ക് മുൻകാലങ്ങളിൽ ലഭിച്ചിരുന്നതിന്റെ നിരവധി മടങ്ങ് കളക്ഷൻ വിജയ് ചിത്രങ്ങൾ കൊണ്ടുപോയി. ഇനിഷ്യൽ കളക്ഷനിൽ മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളെ വിജയ് ചിത്രങ്ങൾ കടത്തിവെട്ടി. നൂറു കോടി ക്ലബിൽ നിന്ന് 150-ലേക്കും അവിടെ നിന്ന് 180-ലേക്കും എത്തിയ വിജയ് പടിപടിയായി 700 കോടി കളക്ഷനിൽ ചിറകടിച്ചുയർന്നു. സിനിമയ്ക്ക് പ്രതിഫലമായി വിജയ് 100 കോടി രൂപ മുതൽ150 കോടി വരെ വാങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

ഇത്രമേൽ വരുമാനം ലഭിക്കുന്ന സുരക്ഷിതമേഖല ഉപേക്ഷിച്ച് അനിശ്ചിതത്വം നിറഞ്ഞ പൊതുപ്രവർത്തനത്തിലേക്ക് വിജയ് ഇറങ്ങുന്നത് മണ്ടത്തരമാകുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. സ്വന്തം ജനസമ്മതിയിലുളള ഉറച്ച വിശ്വാസമാണ് അദ്ദേഹത്തെ ഇപ്പോൾ നയിക്കുന്നത്. എന്തും സംഭവിക്കാം! വിജയ് സിനിമകളിലേതു പോലെ രാഷ്ട്രീത്തിൽ അന്തിമജയം നായകനു തന്നെ ആകണമെന്നില്ല. രാഷ്ട്രീയ പ്രവേശനത്തിന് മുഹൂർത്തം നിശ്ചയിച്ചതിനു ശേഷം,​ മുന്നോട്ടുവച്ച കാൽ അവസാന നിമിഷം പിൻവലിച്ച രജനികാന്ത് ഉൾപ്പെടെയുള്ളവർ കൗതുകത്തോടെയാണ് വിജയ്‌യുടെ അടുത്ത ചുവടുകൾ ശ്രദ്ധിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.