പയ്യന്നൂർ: കരിവെള്ളൂർ കുണിയനിൽ ബി.ജെ.പി. പഞ്ചായത്ത് തല യോഗത്തിന് എത്തിയവരെ മർദ്ദിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ നൂറോളം സി.പി.എം പ്രവർത്തകർക്കെതിരെ
പയ്യന്നൂർ പൊലീസ് കേസെടുത്തു. ലഹളയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വീടു വളയുകയും തടഞ്ഞുവച്ച് ആക്രമിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്ന ബി.ജെ.പി. പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് പനക്കീൽ ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്.
കുണിയനിലെ കുണ്ടത്തിൽ ബാലന്റെ വീട്ടിൽ വ്യാഴാഴ്ച നടന്ന യോഗമാണ് ഒരു സംഘം അലങ്കോലപ്പെടുത്തിയതെന്ന് പറയുന്നു. വീട്ടിൽ ബോംബു നിർമ്മിക്കുന്നുണ്ടെന്ന് പറഞ്ഞാണത്രെ വ്യാഴാഴ്ച രാത്രി
സി പി.എം.പ്രവർത്തകർ സംഘടിച്ചെത്തിയത്. വിവരമറിഞ്ഞ് ഡി.വൈ.എസ്.പി എ.ഉമേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും കാഞ്ഞങ്ങാടു നിന്ന് ദ്രുത കർമ്മസേനയും സ്ഥലത്തെത്തി. പൊലീസ് വീട് പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് സംഘർഷ ഭീതി ഒഴിവായത്.
യോഗം അലങ്കോലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച അതേ വീട്ടിൽ ബി.ജെ.പി പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് എൻ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ദേശീയ നിർവാഹക സമിതി അംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ സി. നാരായണൻ, കെ.കെ.ശ്രീധരപൊതുവാൾ, സെൽ കോ-ഓർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ് പനക്കീൽ ബാലകൃഷ്ണൻ സ്വാഗതവും ജനറൽ സെക്രട്ടറി മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |