അമ്മയുടെ അടുത്ത് എത്രയോ ദമ്പതികൾ വരാറുണ്ട്. ദാമ്പത്യ പ്രശ്നങ്ങൾ ഉള്ളവരാണ് കൂടുതലും. അല്പം ക്ഷമയുണ്ടെങ്കിൽ, വിട്ടുവീഴ്ചയുണ്ടെങ്കിൽ എത്രയോ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും. സ്നേഹം കൊതിച്ചാണ് ഭാര്യയും ഭർത്താവും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ആ അർത്ഥത്തിൽ രണ്ടു പേരും സ്നേഹത്തിനായി കൊതിക്കുന്ന യാചകരാണ്. സ്നേഹം കിട്ടാനുള്ള എളുപ്പമാർഗം സ്നേഹം കൊടുക്കുക എന്നതാണെന്ന് മറക്കരുത്. ചിലരുടെ ഉള്ളിൽ സ്നേഹം കാണും. എന്നാൽ ടെൻഷൻ വരുമ്പോൾ ആത്മനിയന്ത്രണം നഷ്ടപ്പെടും. പിന്നെ എന്തൊക്കെയാണ് പറയുന്നതെന്ന് അവർക്കുതന്നെ അറിയില്ല. അതു മനസ്സിലാക്കി, ആ സമയം മറ്റെയാൾ ക്ഷമയോടെ പെരുമാറണം. മറിച്ച് അങ്ങോട്ടും ദേഷ്യപ്പെട്ടാൽ പ്രശ്നം ഒന്നുകൂടി വഷളാകും, ഇരുകൂട്ടരുടെയും ജീവിതം തകരും.
ഒരാൾക്ക് വിഷാദരോഗമുണ്ടെങ്കിൽ മറ്റെയാൾ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷമയോടെ സ്നേഹം കൊടുക്കണം. പരസ്പരം മനസിലാക്കിയും ക്ഷമിച്ചും പെരുമാറിയില്ലെങ്കിൽ വിവാഹമോചനത്തിൽ കലാശിക്കും. വീണ്ടും വിവാഹം കഴിച്ചാലും പ്രശ്നങ്ങൾ തന്നെയായിരിക്കും. കുറവുകൾ ഏതു വ്യക്തിയിലും ഉണ്ടാവും. വിട്ടുവീഴ്ചയും ക്ഷമയുമില്ലാതെ ഒരു ദാമ്പത്യബന്ധത്തിനും മുന്നോട്ടുപോകാനാവില്ല. കുതിരപ്പന്തയത്തിൽ ഭ്രമമുള്ള ഒരു ബിസിനസുകാരനുണ്ടായിരുന്നു. ഭ്രമം മൂത്ത് അയാളുടെ ബിസിനസെല്ലാം നഷ്ടമായി. അയാൾ വീട്ടിലെത്തി ഭാര്യയോട് പറഞ്ഞു: 'എന്റെ ബിസിനസെല്ലാം നഷ്ടമായി. ഇനി നമ്മൾ എന്തു ചെയ്യും?"
ഭാര്യ പറഞ്ഞു: 'ഇനി നിങ്ങൾ കുതിരപ്പന്തയത്തിന് പോകേണ്ട. ഉള്ള പണംകൊണ്ട് നമുക്കു ജീവിക്കാം." അതു സമ്മതിച്ച ഭർത്താവ് അപ്പോൾ മറ്റൊരു കാര്യം പറഞ്ഞു: 'നീ കൂടി ഒരു കാര്യം ചെയ്യണം, ആഡംബരവസ്ത്രങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം. അതിനുള്ള പണം ഇനി നമുക്കില്ല." ഭാര്യയും സമ്മതിച്ചു. 'നമ്മുടെ കാറോടിക്കാൻ ഒരു ഡ്രൈവറെ വെച്ചിട്ടില്ലേ. നിങ്ങൾക്ക് ഡ്രൈവിംഗ് അറിയാമല്ലോ, പിന്നെ ഡ്രൈവറെന്തിനാണ്?" 'ശരിയാണ്. ഇനി ഞാൻ തന്നെ കാർ ഓടിച്ചു കൊള്ളാം."
'മറ്റൊരു കാര്യം- നമുക്ക് അടുക്കളക്കാരിയെ ഒഴിവാക്കരുതോ? അടുക്കളയിൽ ഞാനും സഹായിക്കാം." ഭാര്യ സന്തോഷപൂർവം സമ്മതിച്ചു. അങ്ങനെ അവർ ജീവിതം പരസ്പരം പങ്കിട്ടു. അനാവശ്യച്ചെലവുകൾ കുറച്ച് നഷ്ടങ്ങൾ നികത്തി. ജീവിതത്തിൽ വിജയം വരിച്ചു. ഈ കഥയിലെ ദമ്പതികളുടെ ഭാവമാണ് ഭാര്യാഭർത്താക്കന്മാർ വളർത്തിയെടുക്കേണ്ടത്. പരസ്പരം ഒരു ഹൃദയമായിത്തീരുക. എന്നെ ഉപദേശിക്കാൻ നീ ആരാണ് എന്നു പറഞ്ഞ് പരസ്പരം പോരടിക്കാനും വേർപിരിയാനുമുള്ളതല്ല ജീവിതം. ക്ഷമയും സഹകരണവും ദാമ്പത്യത്തെ സ്വർഗമാക്കും. ഇണക്കവും പിണക്കവും സാധാരണമാണ്. എന്നാൽ അത് പൊട്ടലും ചീറ്റലുമായി വളരരുത്. ഒരു കുടുംബത്തിന്റെ യഥാർത്ഥ സ്വത്ത് സ്നേഹമാണ്. അറിഞ്ഞോ അറിയാതെയോ അത് അവഗണിക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഭാര്യയും ഭർത്താവും പരസ്പരം ഹൃദയം തുറക്കുക. വികാരവിചാരങ്ങൾ പങ്കുവയ്ക്കുക. പങ്കാളിയുടെ കുറവും മികവും കണ്ടറിഞ്ഞ് പരസ്പരം വിട്ടുവീഴ്ച ചെയ്യണം. പരസ്പര വിശ്വാസവും പ്രേമവും വർദ്ധിക്കുമ്പോൾ പ്രശ്നങ്ങൾ കുറയും. ജീവിതം സന്തുഷ്ടമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |