SignIn
Kerala Kaumudi Online
Tuesday, 23 July 2024 8.54 AM IST

ഇക്കാര്യം പലർക്കും അറിയില്ല, മരണശേഷം ചർച്ചയാവും; തെളിവുസഹിതം എത്തുമെന്ന് സംവിധായകൻ വിനയൻ

vinayan

നടൻ തിലകൻ മരിച്ചു പോയതുകൊണ്ടായിരിക്കും അദ്ദേഹം നേരിട്ട വിലക്ക് മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നതെന്ന് സംവിധായകൻ വിനയൻ. തന്റെ മരണശേഷം മലയാള സിനിമയിൽ താൻ നേരിട്ട ഊരുവിലക്കിനെപ്പറ്റി ചാനലുകളിൽ സ്റ്റോറികൾ വന്നേക്കാം. താനുമായുള്ള ബന്ധം തിലകന്റെ വിലക്കിനും, തിലകനുമായുള്ള ബന്ധം തന്റെ വിലക്കിനും പരസ്പരം കാരണമായിരുന്നു എന്നത് പലർക്കും അറിയാമെന്ന് തോന്നുന്നില്ല. തിലകന് അവസരം കൊടുക്കാതെ മാറ്റി നിർത്തിയതുകൂടി ചൂണ്ടിക്കാട്ടിയാണ് കേസിനുപോയതെന്നും വിനയൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ത്യൻ സിനിമയിലെ തന്നെ വിപ്ളവകരമായ ഒരു വിധി ഉന്നത നീതിപീഠമായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ചിട്ട് നാലുവർഷം ആകുകയാണ്. 2020ലാണ് സിനിമയിൽ ഞാനെടുത്ത നിലപാടുകളെ ശരിവച്ചു കൊണ്ടുള്ള ആ സുപ്രധാന വിധി ഉണ്ടായത്.

ജസ്റ്റിസ് നരിമാൻ,ജസ്റ്റിസ് നവീൻ സിൻഹ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരാണ് ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷന്റെ വിധിക്കെതിരെ കൊടുത്ത അപ്പീൽ തള്ളിക്കൊണ്ട് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. ഒരു പതിറ്റാണ്ടിൽ കൂടുതൽ എന്നെക്കൊണ്ട് സിനിമ ചെയ്യിക്കാതിരിക്കാൻ രഹസ്യ വിലക്കുമായി നടന്ന ശ്രീ ബി ഉണ്ണികൃഷ്ണനും, പരേതനായ ശ്രീ ഇന്നസെന്റും ഉൾപ്പടെ വിലക്കിന് ചുക്കാൻ പിടിച്ച നിരവധി പ്രമുഖ സിനിമാ പ്രവർത്തകരും അവരുടെ സംഘടനകളും ചേർന്ന് ലക്ഷക്കണക്കിനു രൂപ പെനാൽറ്റി അടക്കേണ്ടി വന്ന ശിക്ഷ ലോകസിനിമാ രംഗത്തു തന്നെ ആദ്യമാണന്നു തോന്നുന്നു.

കേരളത്തിലെ സിനിമാ മേധാവിത്വത്തിന്റെ ശക്തിമൂലം നമ്മുടെ മീഡിയകൾക്ക് നല്ല ലിമിറ്റേഷൻ ഉള്ളതു കൊണ്ട് ആ ചരിത്ര പരമായ വിധി ഇവിടെ വേണ്ട രീതിയിൽ ചർച്ച ചെയ്തില്ലന്നതാണ് സത്യം. ഇന്നും നമ്മുടെ മീഡിയകളിൽ ബഹുമാന്യനായ നടൻ തിലകൻ ചേട്ടനെ രണ്ടു വർഷം സിനിമാസംഘടനകൾ വിലക്കിയതിനെപ്പറ്റി പറയുമ്പോഴും, പന്ത്രണ്ടു വർഷം ആ വിലക്കിനെ നേരിട്ടു കൊണ്ട് സുപ്രീം കോടതിവരെ പോയി ഫെെറ്റ് ചെയ്ത് ശിക്ഷ വാങ്ങിക്കൊടുത്ത് തിരിച്ച് ഇൻഡസ്ട്രിയിൽ വന്ന ഒരു ചലച്ചിത്രകാരന്റെ സ്ട്രഗിൾ പലരും ചർച്ചകളിൽ തമസ്കരിക്കാൻ ശ്രമിക്കുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്.

ഞാനുമായുള്ള ബന്ധം തിലകൻ ചേട്ടന്റെ വിലക്കിനും, തിലകൻ ചേട്ടനുമായുള്ള ബന്ധം എന്റെ വിലക്കിനും പരസ്പരം കാരണമായിരുന്നു എന്നത് പലർക്കും അറിയാമെന്ന് തോന്നുന്നില്ല. തിലകൻ ചേട്ടന് അവസരം കൊടുക്കാതെ മാറ്റി നിർത്തിയതു കൂടി ചൂണ്ടിക്കാട്ടിയാണ് ഞാൻ കേസിനുപോയത്. 89 പേജുള്ള വിധിന്യായത്തിൽ അതു വിശദമായി പറയുന്നുമുണ്ട്.

തിലകൻ ചേട്ടൻ മരിച്ചു പോയതു കൊണ്ടായിരിക്കും പലപ്പോഴും മീഡിയകൾ അദ്ദേഹം നേരിട്ട വിലക്ക് ചർച്ച ചെയ്യുന്നത്. ചിലപ്പോൾ എന്റെ മരണ ശേഷം മലയാള സിനിമയിൽ ഒരു വ്യാഴവട്ടക്കാലത്തോളം ഞാനനുഭവിച്ച ഊരു വിലക്കിനേപ്പറ്റി ചാനലുകളിൽ സ്റ്റോറികൾ വന്നേക്കാം.

2007ൽ തുടങ്ങിയ വിലക്കിനെതിരെ വിധി വന്നശേഷം 2020ൽ മാത്രമാണ് മനസ്സിന് ഇഷ്ടം പോലെ ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങാൻ കഴിഞ്ഞത്. 2022ൽ റിലീസ് ചെയ്ത "പത്തൊമ്പതാം നൂറ്റാണ്ട് " എനിക്കു കിട്ടിയ ആ സ്വാതന്ത്യം പ്രേക്ഷകർക്ക് ബോധ്യപ്പെട്ട ഒരു സിനിമ ആയിരുന്നു എന്ന് ആ ചിത്രത്തെപ്പറ്റി നടന്ന നിരൂപണങ്ങളിൽ നിന്നും മനസിലാകുന്നതാണ്.

അടുത്ത കാലത്തിറങ്ങിയ ചരിത്ര സിനിമകളേക്കാൾ ഒക്കെ മികച്ച നിലവാരം പുലർത്തിയ സിനിമയായിരുന്നു പത്തൊൻപതാം നൂറ്റാണ്ട് എന്ന ഒരു ചർച്ച തുടങ്ങിയപ്പോൾ തന്നെ ആ ചർച്ചക്കു തടയിടാനാണ് ഇവിടുത്തെ ചില പ്രഗത്ഭ സിനിമാക്കാരും അവരുടെ കൂടെ ഉള്ളവരും ശ്രമിച്ചത്. ഞാനത് കാര്യമാക്കിയില്ല. പക്ഷേ.. അതിനു ശേഷം വന്ന ചില പ്രോജക്ടുകൾക്കു ചുറ്റും പഴയ ഊരു വിലക്കിന്റെ കാണാപ്രേതങ്ങൾ കറങ്ങി നടക്കുന്നുണ്ടന്ന് ഇപ്പോ ഞാൻ മനസ്സിലാക്കുന്നു.

കൃത്യമായി ആ പ്രേതങ്ങളുടെ ചെവിക്കു പിടിച്ച് പ്രേക്ഷകർക്കു മുന്നിൽ തെളിവു സഹിതം വിചാരണക്ക് എത്തിക്കുന്നതായിരിക്കും.. താമസിയാതെ.. അപ്പോൾ ശിക്ഷ പഴയ പെനാൽറ്റി ആയിരിക്കില്ല..

മറ്റൊരു മികച്ച സിനിമയുമായി നിങ്ങൾക്കു മുന്നിൽ ഉടൻ തന്നെ എത്തും..

റിലീസ് 2025 ലെ കാണൂ.

അതിനു ശേഷമായിരിക്കും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം..

സിനിമാ പ്രവർത്തകർ സിനിമയിലൂടെ കഴിവു കാണിക്കുക.. അല്ലാതെ രാഷ്ട്രീയക്കാർ ഇന്നു കാണിക്കുന്ന സ്വജനപക്ഷപാതം പോലെ പിൻവാതിലിൽ നിന്നു കളിക്കാതിരിക്കുക...

സ്നേഹത്തോടെ....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIRECTOR VINAYAN, NEW MOVIE, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.