SignIn
Kerala Kaumudi Online
Tuesday, 20 August 2024 9.46 AM IST

''അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരത്തിന്റെയും ഗുണ്ടായിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയെ കൂടുതൽ മലീമസമാക്കാൻ തുടങ്ങിയത്?''

vinayan

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ് മലയാള സിനിമ. മലയാള സിനിമ ഭരിക്കുന്നത് ക്രിമിനൽ മാഫിയ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെവരെ ചൂഷണം ചെയ്യുന്നു. തമ്പ്രാൻ വാഴ്ചയും മാംസക്കച്ചവടവും ലൈംഗികാതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളുമാണ് അരങ്ങുതകർക്കുന്നതെന്നും ഇന്നലെ പുറത്തുവിട്ട 'നിയന്ത്രിത റിപ്പോർട്ട്" വ്യക്തമാക്കുന്നു. പ്രമുഖരായ ചില നടന്മാരും സംവിധായകരും നിർമ്മാതാക്കളും മാത്രമല്ല, പ്രൊഡക്ഷൻ കൺട്രോൾമാർവരെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയൻ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്-

''ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ…. നിങ്ങളുടെ മുഖം വികൃതമല്ലേ…?

സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്..

അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവതരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്റെ മാഫിയാ വൽക്കരണം. ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്ളാക്മെയിൽ തന്ത്രം. വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും. നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എന്റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ.

ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറയാൻ ഏതു ജൂനിയർ ആർട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയിൽ ഉണ്ടായതിന്റെ രണ്ടാം വർഷം നിങ്ങൾ അതിനെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്?

അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടയിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുതൽ മലീമസമാക്കാൻ തുടങ്ങിയത്?

2008 ജൂലായിൽ എറണാകുളം സരോവരം ഹോട്ടലിൽ നിങ്ങൾ സിനിമാ തമ്പുരാക്കൻമാർ എല്ലാം ഒത്തു ചേർന്ന് തകർത്തെറിഞ്ഞ “മാക്ട ഫെഡറേഷൻ”എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങൾ എന്നെയും വിലക്കി. നേരത്തേ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകൻ ചേട്ടൻ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങൾ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാൻ നിങ്ങടെ വിലക്കിനെതിരെ കോടതിയിൽ പോയി. കോമ്പറ്റീഷൻ കമ്മീഷൻ നിങ്ങൾക്കെതിരെ വിധിച്ചു. കോടികൾ മുടക്കി നിങ്ങൾ സുപ്രീം കോടതി വരെ പോയി കേസു വാദിച്ചപ്പോൾ എതിർഭാഗത്ത് ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു. പക്ഷേ സത്യം എന്റെ ഭാഗത്തായിരുന്നു. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈൻ അടിച്ചത്.

ഫെഫ്കയുൾപ്പടെ മററു സംഘടനകൾക്കും പല പ്രമുഖർക്കും പിഴ അടക്കേണ്ടി വന്നു ചില പ്രമുഖ നടൻമാർ ശിക്ഷയിൽ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷപെട്ടു എന്നത് സത്യമാണ്. വീണ്ടും തെളിവുകളുമായി അവരുടെ പുറകേ പോകാനൊന്നും ഞാൻ നിന്നില്ല. എനിക്ക് എന്റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു.

പക്ഷേ തൊഴിൽ വിലക്കിനും സിനിമയിലെ മാഫിയാ വൽക്കരണത്തിനും എതിരെ വന്ന ആ സുപ്രീം കോടതി വിധി അന്ന് നമ്മുടെ മീഡിയകൾ ഒന്നും വേണ്ട വിധത്തിൽ ചർച്ച ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖർക്ക് അന്നു മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയിൽ ഒതുക്കുവാൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം..

വിമർശിക്കുന്നതിന്റെ പേരിൽ ഫാൻസുകാരെക്കൊണ്ട് we Hate Vinayan എന്ന online അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരൻമാരാണ് ഇന്നു സമൂഹത്തിന്റെ മുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുന്നത്.. ഇതു കാലത്തിന്റെ കാവ്യ നീതിയാണ്. മാക്ട ഫെഡറേഷൻ അന്ന് ഉണ്ടാക്കിയപ്പോൾ പ്രധാനമായും ഉണ്ടാക്കിയ യൂണിയൻ ജൂനിയർ ആർട്ടിസ്ററുകൾക്കു വേണ്ടി ആയിരുന്നു. അവിടെ സ്ത്രീകളായ ആർട്ടിസ്റ്റുകൾക്ക് പ്രത്യേക പരിരക്ഷക്ക് തീരുമാനങ്ങൾ എടുത്തിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകളെ സിനിമയിൽ എത്തിക്കുന്ന ഏജന്റുമാർക്ക് കർശന നിർദ്ദേശങ്ങൾ കൊടുത്തിരുന്നു

ചെറിയ ആർട്ടിസ്റ്റുകളേയും തൊഴിലാളികളേയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളേയും സംവിധായകരേയും പരസ്യമായി മാക്ട ഫെഡറേഷൻ വിമർശിക്കുമായിരുന്നു.

അങ്ങനെ ഒരു സംഘടന ഇവിടുത്തെ താരപ്രമുഖർക്കും സൂപ്പർ സംവിധായകർക്കും അവരുടെ ഉപജാപകവൃന്ദത്തിൽ പെട്ട നിർമ്മാതാക്കൾക്കും കണ്ണിലെ കരടായി. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലിൽ ഒത്തു ചേർന്ന് ആ സംഘടനയെ ആവേശത്തോടെ തകർത്തെറിഞ്ഞു. എന്നിട്ട് ഇപ്പോ നടക്കുന്നതു പോലെ അവർക്ക് ഇഷ്ടാനിഷ്ടം പെരുമാറാൻ കൂട്ടുനിൽക്കുന്ന ഒരു സംഘടനയേ അവരു തന്നെ കാശുകൊടുത്ത് സ്പോൺസർ ചെയ്ത് ഉണ്ടാക്കി. ഇതല്ലായിരുന്നോ സത്യം..?

നമ്മുടെ സിനിമാ പ്രമുഖർക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാൻ പറ്റുമോ?

ക്രിമിനൽ പച്ഛാത്തലമുള്ള ഡ്രൈവർമാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയിൽ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖർ ഇനിയെങ്കിലും സത്യസന്ധമായി ഒന്നു ചിന്തിക്കുമോ?''

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VINAYAN, HEMA COMMISSION REPORT, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.