SignIn
Kerala Kaumudi Online
Friday, 12 July 2024 11.46 AM IST

സംസ്ഥാനത്ത് എക്സൈസിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാക്കും; പട്രോളിംഗ് യൂണിറ്റുകളെ വിന്യസിക്കുമെന്ന് മന്ത്രി

m-b-rajesh

തിരുവനന്തപുരം: തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എക്സൈസിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നിർദേശം. കേരളവുമായി അതിർത്തി പങ്കിടുന്ന അയൽസംസ്ഥാനത്ത് നടന്ന ദുരന്തത്തെ അതീവ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും അതിർത്തി മേഖലയിലും വിപുലമായ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു. ആവശ്യമുള്ള ചെക്ക്പോസ്റ്റുകളിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കുകയും, സംശയമുള്ളവ പരിശോധിക്കുകയും ചെയ്യും. അതിർത്തി പ്രദേശത്തെ ഇടറോഡുകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കും.

നാല് ജില്ലകളിലെ സംസ്ഥാന അതിർത്തികളിൽ നിയോഗിച്ച കേരളാ എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ (കെമു) പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഇതിനുപുറമേ അതിർത്തി പ്രദേശത്ത് കൂടുതൽ പട്രോളിംഗ് യൂണിറ്റുകളെയും വിന്യസിക്കും. അതിർത്തി പ്രദേശത്തെ എല്ലാ എക്സൈസ് യൂണിറ്റുകളും ചെക്ക്പോസ്റ്റുകളുമായുള്ള ഏകോപനത്തോടെ പ്രവർത്തിക്കും. ഹൈവേ പട്രോളിംഗ് ടീമിന്റെ വാഹന പരിശോധനയും വിപുലമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ നിർദേശപ്രകാരം എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് ജില്ലാ മേധാവിമാർ മുതൽ മുകളിലേക്കുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്പിരിറ്റ്, വ്യാജമദ്യ കേസുകളിൽ മുൻകാലത്ത് പ്രതികളായിട്ടുള്ളവരുടെ നിലവിലെ പ്രവർത്തനങ്ങള്‍ ഉയർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കർശനമായി നിരീക്ഷിക്കും.

മുൻപ് വ്യാജമദ്യ ദുരന്തങ്ങള്‍ നടന്നിട്ടുള്ള മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രത്യേക ജാഗ്രത പുലർത്തും. വ്യാജമദ്യ വിൽപ്പന നടക്കുന്നില്ല എന്നും, സ്പിരിറ്റോ മറ്റ് അനധികൃത വസ്തുക്കളോ കള്ളിൽ ചേർത്ത് വിൽപ്പന നടത്തുന്നില്ല എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാരുടെ ചുമതലയിലുള്ള പരിശോധനകളിലൂടെ ഉറപ്പുവരുത്തും. സംശയമുള്ള സ്ഥാപനങ്ങളിൽ നിന്നും സാമ്പിള്‍ ശേഖരിച്ച് മേഖലാ മൊബൈൽ ലാബിൽ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കും.

കൂടുതലായി ചെത്തുന്നയിടങ്ങളിൽ നിന്നും പെർമ്മിറ്റ് പ്രകാരം കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കും. പെർമ്മിറ്റ് പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റും വിദേശമദ്യവും എത്തിക്കുന്ന വാഹനങ്ങള്‍ രേഖകളും സുരക്ഷാ സംവിധാനവും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ സംസ്ഥാനത്ത് പ്രവേശിപ്പിക്കൂ. ഈ സ്പിരിറ്റിന്റെ ദുരുപയോഗം തടയാനും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും.

പൊലീസ്, വനം, മോട്ടോർ വാഹനവകുപ്പ് തുടങ്ങി വിവിധ സേനകളുമായി ചേർന്നും വിപുലമായ പരിശോധനകള്‍ അതിർത്തി പ്രദേശത്ത് എക്സൈസ് ഏകോപിപ്പിക്കും. എക്സൈസിന്റെ നേതൃത്വത്തിൽ നടക്കുന്ന എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങള്‍ക്ക് എല്ലാ പൊതുജനങ്ങളുടെയും സഹകരണം മന്ത്രി അഭ്യർഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXCISE CHECKING, PATROLLING, MB RAJESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.