SignIn
Kerala Kaumudi Online
Monday, 29 July 2024 4.08 PM IST

ആരുമറിഞ്ഞില്ല, ആശാന്റെ തന്ത്രങ്ങൾ

cartoon

ആകെ നനഞ്ഞാൽ കുളിരില്ലെന്നും, ഒരിക്കലും കുളിരാതിരിക്കാൻ നനഞ്ഞുകൊണ്ടേയിരിക്കണമെന്നുമുള്ള സിദ്ധാന്തം മുന്നോട്ടുവച്ച ഏക വിപ്ലവകാരിയാണ് ഗോവിന്ദൻ സഖാവ്. ഗഹനമായ പല കാര്യങ്ങളും ലളിതമായി പറഞ്ഞു പഠിപ്പിക്കുന്നതാണ് പഴയ ഡ്രില്ല് മാഷും താത്വികാചാര്യനുമായ മൂപ്പരുടെ രീതി. തോൽവിയും വിജയവും എന്താണെന്ന് ഈ കാലഘട്ടത്തിലും പലരും മനസിലാക്കിയിട്ടില്ല. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് വ്യാഖ്യാനിക്കേണ്ട വിഷയങ്ങളാണിത്. ഗഹനമായ കാര്യങ്ങളായതിനാൽ സാധാരണക്കാരായ സഖാക്കൾക്ക് പെട്ടെന്ന് പിടികിട്ടണമെന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകൾ നിലംപരിശായെന്നാണ് പല ബൂർഷ്വാസികളും പാടിനടക്കുന്നത്. അറിവില്ലാ പൈതങ്ങളോട് ശബരിമല അയ്യപ്പൻ ക്ഷമിച്ചാലും വിപ്ലവപ്പാർട്ടി ക്ഷമിക്കില്ല. പ്രത്യേകിച്ചൊരു കാര്യവുമില്ലാത്ത പാർലമെന്റ് മത്സരത്തിൽ മര്യാദയുടെ പേരിൽ മത്സരിക്കുക മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തത്. ഫാസിസം കൊടികുത്തിവാഴുന്ന ഡൽഹിയിൽ എം.പിയായി ചെന്നിട്ട് ഒരു കാര്യവുമില്ല. നവോത്ഥാന കേരളത്തിന്റെ മടിത്തട്ടിൽ നിന്ന് ചാണകക്കുഴിയിലോട്ട് ആരെങ്കിലും വിമാനത്തിൽ കയറി പോകുമോ! എന്നിട്ടും മര്യാദയുടെ പേരിൽ മത്സരിച്ചു. ജനാധിപത്യത്തെ ആദരിക്കുന്നതിൽ എന്നും പാർട്ടി മുന്നിലാണ്. മാന്യമായി തോറ്റെങ്കിലും തളർന്നില്ല. പുലി പതുങ്ങുന്നത് എന്തിനാണെന്ന് അറിയാത്തവർ ഇനിയെങ്കിലും പുലിമുരുകൻ സിനിമ കാണണം.

പാർലമെന്റ് തിരഞ്ഞെടുപ്പിലെ കൂട്ടയോട്ടത്തിൽ ഏറ്റവും പിന്നിൽ ഓടിയത് ബുദ്ധിപരമായ നീക്കമായിരുന്നെന്ന് എത്രപേർക്കറിയാം. ട്രോഫികൾ മൊത്തം ഖദറുകാർ കൊണ്ടുപോയപ്പോൾ ഇടയ്‌ക്കൊരു ഗ്യാപ്പിൽ ഒരു സംഘി ഓടിക്കയറി എങ്ങനെയോ ജയിച്ച് കേന്ദ്രമന്ത്രിയായി. ജയിച്ചുപോയ കോൺഗ്രസുകാരന്മാർ ഉൾപ്പെടെയുള്ള 18 യു.ഡി.എഫുകാർ ആരായി!. മുന്നിൽ ഓടിയവരുടെ ടെക്‌നിക്കുകളും പോരായ്മകളും മനസിലാക്കണമെങ്കിൽ പിന്നിലോടണം. അതൊരു ട്രയൽ റൺ ആയിരുന്നെന്ന കാര്യം ആരും അറിഞ്ഞില്ല. കോൺഗ്രസുകാരെ മാത്രമല്ല, സംഘികളെയും നിലംപരിശാക്കാൻ കഴിഞ്ഞുവെന്ന ഇരട്ടവിജയമാണ് പാർട്ടിക്കുണ്ടായത്. ഒരു വെടിക്ക് രണ്ടുപക്ഷി. ഉത്തരേന്ത്യൻ പാർട്ടിയായ ബി.ജെ.പിയെ വിപ്ലവ കേരളത്തിലേക്ക് ആകർഷിച്ച് ഒറ്റ സീറ്റിൽ ഒതുക്കുകയായിരുന്നു. കേരളത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അവർക്ക് ഉത്തരേന്ത്യയിൽ ശ്രദ്ധകുറയുകയും അടിതെറ്റുകയും ചെയ്തു. തമിഴ്‌നാട്ടിൽ സ്റ്റാലിൻ സഖാവും ഇതേ തന്ത്രമിറക്കിയതോടെ അവിടെയും സംഘികളുടെ കഥകഴിഞ്ഞു. കേരളം കിട്ടിയതുമില്ല, ഉത്തരേന്ത്യ അവരുടെ കൈയിൽ നിന്ന് പോവുകയും ചെയ്തു. ഇത്രയും വലിയൊരു പദ്ധതി ആസൂത്രണം ചെയ്ത ഗോവിന്ദൻ സഖാവിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. ഇനിയും കളികൾ കാണാനിരിക്കുന്നതേയുള്ളൂ. 20 പാർലമെന്റ് സീറ്റുകളിൽ 18ലും യു.ഡി.എഫ് ജയിച്ചെന്ന് വീമ്പുപറയുന്ന കോൺഗ്രസുകാരോട് ഗോവിന്ദൻ സഖാവിന് ഒന്നേ പറയാനുള്ളൂ -നിങ്ങൾ തോൽക്കുകയായിരുന്നു. വർഗീയ ശക്തികളുടെ സഹായത്തോടെയുള്ള വിജയം സത്യത്തിൽ പരാജയമാണ്.
സ്‌കൂളിൽ നല്ലൊരു കായികാദ്ധ്യാപകനായിരുന്ന ഗോവിന്ദൻ സഖാവ് ഇപ്പോൾ പാർട്ടിയിലെ ഹെഡ്മാഷാണെന്ന് കോൺഗ്രസുകാർ മനസിലാക്കണം. മുഖ്യമന്ത്രിയേക്കാൾ മുകളിലാണ് പാർട്ടി സെക്രട്ടറിയെന്നും സെക്രട്ടേറിയേറ്റിനെക്കാൾ വലുതാണ് എ.കെ.ജി സെന്ററെന്നും പാർട്ടിക്ലാസിൽ പഠിച്ചിട്ടുള്ളവർക്കേ മനസിലാകൂ. കോൺഗ്രസുകാരും പരിവാറുകാരും ഇടയ്‌ക്കൊക്കെ പാർട്ടി ക്ലാസുകളിൽ പോകുകയും വിപ്ലവപ്പാർട്ടിയെക്കുറിച്ച് പഠിക്കുകയും ചെയ്താൽ തെറ്റിദ്ധാരണകൾ മാറും. ഗോവിന്ദൻ സഖാവിന് കേരളത്തിലുള്ളതിനേക്കാൾ ആരാധകർ തമിഴ്‌നാട്ടിലുണ്ട്. കേരളവും തമിഴ്‌നാടും ഒന്നിച്ചാൽ പലതും സംഭവിക്കും. കേരളത്തിലെ സഖാക്കളെയും തമിഴകത്തെ ദ്രാവിഡ സഖാക്കളെയും വേണ്ടവിധം പരിഗണിക്കാതിരുന്നതാണ് ഇന്ത്യ മുന്നണിക്ക് വിനയായത്. പരിഗണിച്ചിരുന്നെങ്കിൽ രാഹുൽജിക്കും പ്രിയങ്കാജിക്കും കേരളത്തിൽ എവിടെനിന്നും ജയിച്ച് എം.പിമാരാകാമായിരുന്നു.

നിഴൽവീണ

തലയിലെഴുത്ത്

കാഞ്ഞതലയുള്ള നേതാവാണെങ്കിലും ചെന്നിത്തലയുടെ തലയിലെഴുത്ത് ശനിയുടെ നിഴലിലായോ എന്ന സംശയം അടുപ്പക്കാർക്കുണ്ട്. പച്ചക്കറി വാങ്ങുകയും നുറുക്കുകയും സദ്യയൊരുക്കുകയും ചെയ്തശേഷം അടുക്കളയിൽനിന്ന് ഇറങ്ങേണ്ടിവരുന്ന ദേഹണ്ഡക്കാരന്റെ അവസ്ഥയാണ് രമേശ്ജിക്ക് എന്ന് സഖാക്കൾ പോലും പറഞ്ഞുതുടങ്ങി. ആർക്കൊക്കെ, എന്തൊക്കെ വിളമ്പണമെന്ന് തീരുമാനിക്കുമ്പോൾ രമേശ്ജിക്ക് സ്ഥാനമില്ല. സദ്യക്കുശേഷം എന്തെങ്കിലും മിച്ചംവന്നാൽ കിട്ടിയാലായി, അതും കീറ ഇലയിൽ. ഡൽഹിയിലെ പിടി അയഞ്ഞതോടെ കേരളത്തിൽ വിലയില്ലാതായി. യൂത്തന്മാർക്കു പോലും പഴയ ബഹുമാനമില്ല. കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ് യോഗത്തിൽ ഒന്നു പ്രസംഗിക്കാൻപോലും അവസരം ലഭിച്ചില്ല. കോൺഗ്രസ് പ്രവർത്തകസമിതിയിൽ കേരളത്തിൽനിന്ന് ഒന്നാമതായി പരിഗണിക്കേണ്ട പേരായിരുന്നെങ്കിലും അതുണ്ടായില്ല. പകരം, ക്ഷണിതാവാക്കി. ലീഡറുടെ കളരിയിൽ പയറ്റിത്തെളിഞ്ഞ് കഷ്ടിച്ച് 30 വയസുള്ളപ്പോൾ സംസ്ഥാനമന്ത്രിയായ കക്ഷിയാണ്. അസംബ്ലിയിലും പാർലമെന്റിലും ഒരേപോലെ തിളങ്ങിയ രമേശ്ജി ഇപ്പോൾ ആരാണെന്നു ചോദിച്ചാൽ പാർട്ടിക്കാർ സ്വകാര്യമായി പറയുന്നു-ആർക്കറിയാം. പ്രിയങ്കാജി ഇന്ദിരാജിയുടെ പ്രതിരൂപമാണെന്നു പറഞ്ഞിട്ടുപോലും രക്ഷയില്ല. ഒരുപാട് സങ്കടങ്ങളുണ്ടെങ്കിലും രമേശ്ജി ആരോടും ഒന്നും പറയുന്നില്ലെന്നാണ് അടുപ്പക്കാരുടെ വെളിപ്പെടുത്തൽ. കരയുന്നതും പരാതിപറയുന്നതും ഗാന്ധിയന്മാരുടെ രീതിയല്ല. ഇതിനിടെ, സംഘിപ്പട്ടം ചാർത്തി ഒതുക്കാനും ചിലർ ശ്രമം നടത്തി. പണ്ട് കോട്ടയം ലോക്‌സഭ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചവരും മറ്റുചില അഭ്യുദയകാംക്ഷികളുമാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് അറിയാമെങ്കിലും പ്രതികരിക്കുന്നില്ല. കോൺഗ്രസ് തറവാട്ടിലെ കാര്യസ്ഥനായിരുന്ന രമേശ്ജിക്ക് ഇപ്പോൾ അടുക്കളയിൽ പോലും സ്ഥാനമില്ലാതായതിൽ ശത്രുക്കളാണെങ്കിലും സംഘികൾക്കു സങ്കടമുണ്ട്. വിശന്നു കിടക്കേണ്ട സാഹചര്യമുണ്ടായാൽ സങ്കടപ്പെടാതെ സംഘി തറവാട്ടിലെ ഊണുമുറിയിലേക്കു കയറിവരാമെന്ന് അവർ പലതവണ വ്യംഗ്യമായി വ്യക്തമാക്കിയിട്ടുണ്ട്. തട്ടിക്കൂട്ട് ഊണല്ല, വിഭവസമൃദ്ധമായ സദ്യയുണ്ണാം. വെജിറ്റേറിയനായതുകൊണ്ട് രമേശ്ജിക്ക് കൂടുതലിഷ്ടാവും. ഊണുകഴിഞ്ഞ് ആട്ടുകട്ടിലിൽ കിടക്കാനും സൗകര്യമുണ്ട്. കയറിച്ചെന്നാൽ അവർ പൊന്നുപോലെ നോക്കുമെന്ന് ഉറപ്പുണ്ടെങ്കിലും രമേശ്ജി പിടികൊടുത്തിട്ടില്ല. എന്തായാലും കോൺഗ്രസുകാർക്കായി പരിവാർ പടിപ്പുരയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്. ആരു വന്നാലും, കയറിവാടാ മക്കളേ എന്നു ക്ഷണിക്കാൻ കാരണവന്മാർ പൂമുഖത്തുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.