SignIn
Kerala Kaumudi Online
Friday, 12 July 2024 5.57 AM IST

നീറ്റ്, നെറ്റ് ചോദ്യ പേപ്പർ ചോർച്ച എന്തുകൊണ്ട്?

x

(പ്രവേശന പരീക്ഷാ മുൻ കമ്മിഷണർ)​

ദേശീയതലത്തിൽ ഏറ്റവും പ്രാധാന്യമുള്ളതും,​ യുവതലമുറയുടെ ഭാവി നിർണയിക്കുന്നതും,​ രാജ്യത്തിന്റെ പുരോഗതിയിലും യശസിലും നിർണായക സ്വാധീനമുള്ളതും, ദശലക്ഷങ്ങൾ പങ്കെടുക്കുന്നതുമായ ദേശീയ പരീക്ഷകളാണ് നീറ്റ്, നെറ്റ് തുടങ്ങിയവ. ഇവ കൂടാതെ ദേശീയതലത്തിൽ ഇരുപത്തിയഞ്ചോളം പരീക്ഷകൾ എൻ.ടി.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിവരുന്നു.

യു.പി.എസ്.സിയുടെ മുൻ ചെയർമാൻ അദ്ധ്യക്ഷനായും,​ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡയറക്ടർ ജനലൽ ആയും, ഐ.ഐ.ടി,​ എൻ.ഐ.ടി തുടങ്ങി പത്തോളം ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഡയറക്ടർമാർ അംഗങ്ങളുമായ ഭരണസമിതിയാണ് എൻ.ടി.എയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ഈ സ്ഥാപനം നടത്തുന്ന പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നുവെന്നത് ഒരു അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

കേരളത്തിൽ പതിനൊന്ന് വർഷം പ്രവേശന പരീക്ഷാ കമ്മിഷണർ ആയി പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ ചില വസ്തുതകൾ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.

 ചോദ്യപേപ്പറുകളുടെ തയ്യാറാക്കൽ, അച്ചടി,​ പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള വിതരണം എന്നിവ ഏറ്റവും രഹസ്യ സ്വഭാവമുള്ളതും,​ കൃത്യതയോടെ ചെയ്യേണ്ടതുമായ പ്രവൃത്തിയാണ്. ഓരോ പരീക്ഷയ്ക്കും ചോദ്യപേപ്പർ തയ്യാറാക്കുന്നതു മുതൽ അച്ചടിക്കു ശേഷം മുദ്ര പതിപ്പിച്ച ബോക്സുകളിൽ അത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതു വരെയുള്ള പ്രവർത്തനം ഒരൊറ്റ വ്യക്തിയിൽ മാത്രം കേന്ദ്രീകരിച്ചുള്ളതായിരിക്കണം.

 പരീക്ഷാ കേന്ദ്രത്തിന് അടുത്തുള്ള സർക്കാർ ട്രഷറിയിലോ ബാങ്ക് ലോക്കറിലോ ചോദ്യപേപ്പർ അടങ്ങിയ ബോക്സ് സൂക്ഷിക്കേണ്ടതും,​ പരീക്ഷാ ദിവസം മാത്രം ചോദ്യപേപ്പർ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് പോലീസ് കാവൽ ഏർപ്പെടുത്തേണ്ടതുമാണ്. ഈ പ്രവർത്തനങ്ങളെല്ലാം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന ഒരു തിരഞ്ഞെടുപ്പിനു സമാനമായ കൃത്യതയോടെയും സംരക്ഷണത്തോടെയും നടത്തേണ്ടതാണ്.

 ഓരോ സംസ്ഥാനത്തും ഒരു സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനും, ജില്ലകളിൽ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവികൾക്കും ചോദ്യപേപ്പറിന്റെ ഗതാഗതം, സംഭരണം എന്നീ ചുമതലകൾ നൽകാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ ഈ ചുമതല ഏല്പിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്.

 ചില സംസ്ഥാനങ്ങളിൽ വ്യാപകമായി പരീക്ഷാ ക്രമക്കേട് നടക്കുന്നത് കുപ്രസിദ്ധമാണ്. 140 കോടി പൗരന്മാരുടെ രാജ്യത്ത് ദേശീയതലത്തിൽ ഒരു പരീക്ഷ നടത്തുകയെന്നത് കഠിനമായ ദൗത്യം തന്നെയാണ്. സംസ്ഥാനങ്ങളിൽ സുപ്രധാന പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നതിനോ തൊഴിൽ നൽകുന്നതിനോ ഉള്ള പരീക്ഷകൾ സംസ്ഥാനത്തിനു നൽകുന്നത് പരിഗണിക്കേണ്ടതാണ്. ഇത് പരീക്ഷയുടെ ഓരോ ഘട്ടവും ഒരു അധികാരിയുടെ മേൽനോട്ടം സാധ്യമാക്കുന്നതാണ്.

 ഉയർന്ന മൂല്യമുള്ള പരീക്ഷകളാണ് നീറ്റ് യുജി, പിജി, സൂപ്പർ സ്പെഷ്യാലിറ്റി തുടങ്ങിയവ. പതിനഞ്ചു വർഷം മുമ്പ് ഒരു എം.ബി.ബി.എസ് സീറ്റിന് ഒരു കോടി രൂപയും, പി.ജി സീറ്റിന് മൂന്നു കോടി രൂപയും,​ സൂപ്പർ സ്പെഷ്യാലിറ്റി സീറ്റിന് ഏഴു കോടി രൂപയും സ്വകാര്യ മേഖലയിൽ നിലവിലുണ്ടായിരുന്നതായി പൊതുവെ പറയപ്പെട്ടിരുന്നു. അതുകൊണ്ട് ഇത്തരം പരീക്ഷകളുടെ ചുമതല അചഞ്ചലമായ സത്യസന്ധതയില്ലാത്തവരുടെ കൈയിൽപ്പെട്ടാൽ അവർ അത് ധനസമ്പാദനത്തിനുള്ള വജ്രഖനിയായി കരുതുവാൻ സാധ്യതയുണ്ട്. ബോധപൂർവമായ പരീക്ഷാ ക്രമക്കേടുകൾ രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമായിത്തന്നെ കണക്കാക്കേണ്ടതാണ്.

മദ്ധ്യപ്രദേശിൽ 2013-ൽ നടന്ന വ്യാപം അഴിമതി എന്ന മെഡിക്കൽ പ്രവേശന ക്രമക്കേട് ഇന്നും നിഗൂഢതയായി അവശേഷിക്കുന്നു. അമ്പത്തിയഞ്ചോളം പേരാണ് ഇതുമായി ബന്ധപ്പെട്ട് മരണമടഞ്ഞത്. വ്യക്തികളുടെ ആത്മാർത്ഥതയും സത്യസന്ധതയും അചഞ്ചലമായ ദേശസ്നേഹവും മാത്രമാണ് ഇതിനൊരു പരിഹാരം. ഏതു സംവിധാനം ഒരുക്കിയാലും അത് ആത്യന്തികമായി നടപ്പാക്കേണ്ടത് വ്യക്തികളിലൂടെയാണ് എന്നത് വിസ്മരിക്കാൻ കഴിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.