SignIn
Kerala Kaumudi Online
Tuesday, 08 September 2026 5.47 PM IST

ഒരു ഇടവേളക്കു ശേഷം സിനിമയിലേക്കു മടങ്ങി വന്ന ഉർവശിക്ക് മറ്റൊരു രൂപവും ഭാവവും ദൗത്യവും ഉണ്ടായിരുന്നു

urvashi

ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്‌റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് മികച്ച പ്രേക്ഷകപ്രതികരണം നേടുകയാണ്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്‍ത്യൻ കുടുംബത്തിന്റെ കഥാ പരിസരത്തിലൂടെയാണ് ഉള്ളൊഴുക്കിന്റെ സഞ്ചാരം. മുംബയ് ആസ്ഥാനമായ സിനിസ്ഥാന്‍ ഫിലിം കമ്പനി നടത്തിയ പ്രശസ്‍തമായ ഒരു അഖിലേന്ത്യ തിരക്കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ദ ഫ്യൂണറലാണ് ക്രിസ്റ്റോ ടോമി സംവിധാനവും നിര്‍വഹിച്ച ഉള്ളൊഴുക്കായത്.

ഉർവശി എന്ന കലാകാരിയുടെ അഭിനയവൈഭവം നിരവധി ചിത്രങ്ങളിൽ വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നവരാണ് പ്രേക്ഷകരെങ്കിലും ഉള്ളൊഴുക്കിലെ ലീലാമ്മയും മറ്റൊരു അത്ഭുതമായി മാറുകയാണ്. ചിത്രത്തെ കുറിച്ച് സംവിധായകൻ പദ്‌മകുമാർ കുറിച്ചത് ഒരു അഭിനേത്രി തൻ്റെ കഥാപാത്രത്തിലൂടെ ഒരു സിനിമയെ സ്വന്തം ചുമലിലേറ്റി എങ്ങനെ മുന്നോട്ടു കൊണ്ടു പോകുകയും പ്രേക്ഷകരെ കൂടെക്കൂട്ടുകയും ചെയ്യുന്നു എന്നതിൻ്റെ ഉപമകളില്ലാത്ത ദൃഷ്ടാന്തമാണ് ലീലാമ്മയും ഉർവ്വശിയും എന്നാണ്. ലീലാമ്മ പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ലീലാമ്മയെ അല്ലാതെ മറ്റൊരാളിലേക്കും നമ്മുടെ കാഴ്ചയോ ശ്രദ്ധയോ മാറിപ്പോകുന്നില്ല എന്നു പറയുമ്പോൾ ഒരു അഭിനേത്രിക്ക് തൻ്റെ കഥാപാത്രത്തിനായി അതിൽ കൂടുതലായി എന്താണു നൽകാനുണ്ടാവുക എന്നും എം പദ്‌മകുമാർ കുറിക്കുന്നു.

''ഉർവ്വശി എന്ന അഭിനേത്രിയെ ഞാനാദ്യം കാണുന്നത് 'ഇൻസ്പെക്ടർ ബൽറാം'സിനിമയുടെ സെറ്റിലാണ്. ഞാൻ ആ സിനിമയിൽ ഐ.വി.ശശി എന്ന Legend സംവിധായകന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു.ഉർവ്വശി ശശിയേട്ടന്റെ 'പൊടി'യായിരുന്നു. പൊടിമോളെന്നാണ് ഉർവ്വശിയെ വീട്ടിൽ വിളിക്കുക. അന്ന് മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരുന്നെങ്കിലും താരജാഡ ഒട്ടുമില്ലാതെ,ഏറ്റവും താഴെയുള്ള അസിസ്റ്റൻ്റായ എന്നോടു വരെ കലഹിച്ചും കുസൃതി കാണിച്ചും സെറ്റിൽ ഓടി നടന്ന ഉർവ്വശിയാണ് അന്നും ഇന്നും എൻ്റെമനസ്സിൽ.പിന്നെയും ശശിയേട്ടന്റെ തന്നെ പല സിനിമകളിൽ ഞങ്ങൾ ഒന്നിച്ചുണ്ടായി. പിന്നെ ഉർവ്വശി നിർമ്മാതാവായി, മനോജ്.കെ.ജയൻ്റെ ഭാര്യയായി, പിന്നീട് എപ്പോഴോ അവർ പിരിഞ്ഞു, കുറച്ചുകാലം സിനിമ ഉർവ്വശിയിൽ നിന്നും ഉർവ്വശി സിനിമയിൽ നിന്നും വേറിട്ടു നിന്നു.

ഒരു ഇടവേളക്കു ശേഷം സിനിമയിലേക്കു മടങ്ങി വന്ന ഉർവ്വശിക്ക് മറ്റൊരു രൂപവും ഭാവവും ദൗത്യവും ഉണ്ടായിരുന്നു. കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കുള്ള ആ കൂടുമാറ്റങ്ങളിൽ ഏറ്റവും ഒടുവിലത്തേതായി പ്രേക്ഷകർ കണ്ടത് 'ഉള്ളൊഴുക്കി'ലെ ലീലാമ്മയെയായിരുന്നു. ഒരു അഭിനേത്രി തന്റെ കഥാപാത്രത്തിലൂടെ ഒരു സിനിമയെ സ്വന്തം ചുമലിലേറ്റി എങ്ങനെ മുന്നോട്ടു കൊണ്ടു പോകുകയും പ്രേക്ഷകരെ കൂടെക്കൂട്ടുകയും ചെയ്യുന്നു എന്നതിന്റെ ഉപമകളില്ലാത്ത ദൃഷ്ടാന്തമാണ് ലീലാമ്മയും ഉർവ്വശിയും. ലീലാമ്മ പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ലീലാമ്മയെ അല്ലാതെ മറ്റൊരാളിലേക്കും നമ്മുടെ കാഴ്ചയോ ശ്രദ്ധയോ മാറിപ്പോകുന്നില്ല എന്നു പറയുമ്പോൾ ഒരു അഭിനേത്രിക്ക് തന്റെ കഥാപാത്രത്തിനായി അതിൽ കൂടുതലായി എന്താണു നൽകാനുണ്ടാവുക!

'ഉള്ളൊഴുക്ക്' എന്ന സിനിമയെ പറ്റി പറയുമ്പോൾ ക്രിസ്റ്റോ ടോമിയെയും പാർവ്വതി തിരുവോത്തിനെയും പ്രശാന്ത് മുരളിയെയും കുറിച്ച് പറയാതിരിക്കാനാവില്ല. പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ എല്ലാ പേരിനും മീതെ ഒരു മഹാമേരു പോലെ ഉർവ്വശി എന്ന ശശിയേട്ടന്റെ പഴയ പൊടിമോൾ ഉയർന്നു തന്നെ നിൽക്കുന്നു''.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ULLOZHUKKU, URVASHI, PARVATHY THIRUVOTH, CHRISTO TOMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY