SignIn
Kerala Kaumudi Online
Tuesday, 09 July 2024 11.37 PM IST

അടിയന്തരാവസ്ഥ: അമ്പതാം വർഷം, നാവിന് വിലങ്ങിട്ട ഭീകര നാളുകൾ

internal-emergency-1975

ഇന്ദിരാഗാന്ധി, സ്വന്തം പ്രധാനമന്ത്രിക്കസേര സംരക്ഷിക്കുവാനായി ഭരണഘടനാ വിരുദ്ധമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ഇന്ന് 49 വർഷം പൂർത്തിയാവുകയാണ്. ഒരുവർഷം നീണ്ടുനിൽക്കുന്ന അമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി അടിയന്തരാവസ്ഥയുടെ അനുഭവപാഠങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യേണ്ടതുണ്ട്. പ്രച്ഛന്നമോ പ്രത്യക്ഷമോ ആയ പുതിയ അടിയന്തരാവസ്ഥകൾ ജനതയെ ശ്വാസം മുട്ടിക്കാതിരിക്കുവാനും,​ ജനാധിപത്യവും പൗരസ്വാതന്ത്ര്യങ്ങളും എന്തു വിലകൊടുത്തും കാത്തുരക്ഷിക്കുവാനും തത്പരരായവർ,1975 ജൂൺ 25ന് അർദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ട സ്വേച്ഛാധിപത്യ ഭീകരവാഴ്ചയുടെ പശ്ചാത്തലവും അനുഭവങ്ങളും അത് അറബിക്കടലിലേക്ക് വലിച്ചെറിയുവാൻ അണിനിരന്ന ജനകോടികളുടെ നിശ്ചയദാർഢ്യവും ഓർമ്മിക്കുവാനും ഈ ചരിത്രസന്ദർഭം ഉപയോഗിക്കുക തന്നെ വേണം.

1971-ൽ 'ഗരീബി ഹഠാവോ" ​മുദ്രാവാക്യത്തിലൂടെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നിഷ്‌കളങ്കരായ ദരിദ്ര ജനകോടികളുടെ വോട്ടു നേടി ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം സമ്പാദിച്ചു. എന്നാൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഉതകുന്ന യാതൊരു നടപടിയും അവർ കൈക്കൊണ്ടില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും ജനങ്ങളിൽ അസംതൃപ്തി വ്യാപകമാക്കി. വിവിധ ജനവിഭാഗങ്ങൾ സമരരംഗത്തിറങ്ങി.

അഴിമതിക്കെതിരെ വിദ്യാർത്ഥികളും യുവാക്കളും മുൻകൈയെടുത്ത് ഗുജറാത്തിലും ബീഹാറിലും 1973- 74 കാലഘട്ടത്തിൽ വലിയ പ്രക്ഷോഭങ്ങൾ രൂപപ്പെട്ടു. 1974 മാർച്ച് 18-ന് ആരംഭിച്ച 'സമ്പൂർണക്രാന്തി" പ്രസ്ഥാനത്തിന് സ്വാതന്ത്ര്യ സമരനായകരിൽ പ്രമുഖനായ ജയപ്രകാശ് നാരായൺ നേതൃത്വം നൽകി. ഗുജറാത്തിൽ സംസ്ഥാന കോൺഗ്രസ് ഗവൺമെന്റ് രാജിവയ്ക്കാൻ നിർബന്ധിക്കപ്പെട്ടു. എന്നാൽ പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുവാൻ മൊറാർജി ദേശായിയുടെ അനിശ്ചിതകാല നിരാഹാര സമരം വേണ്ടിവന്നു.

ചോരപുരണ്ട

പോരാട്ടങ്ങൾ

1974-ൽ അഖിലേന്ത്യാ വ്യാപകമായി നടന്ന റെയിൽവേ തൊഴിലാളി സമരം ജനരോഷത്തിന്റെ മറ്റൊരു മുഖമായിരുന്നു. ബീഹാറിലും മദ്ധ്യപ്രദേശിലും ഗുജറാത്തിലും നടന്ന വിദ്യാർത്ഥി യുവജന പോരാട്ടങ്ങൾ അടിച്ചമർത്തുവാൻ കോൺഗ്രസ് സർക്കാരുകൾ നടത്തിയ നീക്കങ്ങൾ വെടിവയ്പുകളിൽ കലാശിച്ചു. ഡസൻകണക്കിന് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും അനേകർക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിൽ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ് പറ്റെ പരാജയപ്പെടുകയും പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഭൂരിപക്ഷം ലഭ്യമാവുകയും ചെയ്തു.

കോൺഗ്രസ് പരാജയ വാർത്ത ജനശ്രദ്ധയിൽ വരുന്നത് 1975 ജൂൺ 12-ന് ആയിരുന്നു. അതേദിവസം അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് കേസ് വിധി മറ്റൊരു ആഘാതമായി. 1971-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചട്ടലംഘനവും അഴിമതിയും നടത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ വിധിയായിരുന്നു അത്. തുടർന്ന് ആറു വർഷക്കാലത്തേക്ക് ഇന്ദിരാ ഗാന്ധി ഒരു തിരഞ്ഞെടുപ്പിലും പങ്കെടുത്തുകൂടാ എന്നും ഹൈക്കോടതി വിധിച്ചു.

ദഹിക്കാത്ത

ഉപാധികൾ


സ്വാഭാവികമായും ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധ റാലികൾ സംഘടിപ്പിക്കപ്പെട്ടു. ഡൽഹിയിലെ രാംലീലാ മൈതാനിയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്ദിരയുടെ രാജി ജെ.പി ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി വിധിയിന്മേൽ നിരുപാധിക സ്റ്റേയ്ക്കു വേണ്ടി ഇന്ദിരാഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു. അവധിക്കാല ജഡ്ജി വി.ആർ. കൃഷ്ണയ്യർ പുറപ്പെടുവിച്ചത് ആർക്കും കുറ്റം പറയാനാവാത്ത വിധിയായിരുന്നു- സ്റ്റേ അനുവദിച്ചു; പക്ഷേ ഉപാധികളോടെ മാത്രം.

പ്രധാനമന്ത്രി എന്ന നിലയിൽ പാർലമെന്റ് നടപടികളിൽ പങ്കെടുക്കാം, സംസാരിക്കാം. എന്നാൽ വോട്ടവകാശമില്ല. ദിനബത്തയ്ക്കും അവകാശമില്ല! ദുരഭിമാനിയും സ്വോച്ഛാധിപത്യ പ്രവണതകളുടെ വിളനിലവുമായിരുന്ന ഇന്ദിരയ്ക്ക് അത് അസ്വീകാര്യമായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേയുടെ സഹായത്തോടെ (1972-ൽ അവിടെ നഗ്നമായ അർദ്ധ ഫാസിസ്റ്റ് ഭീകര ഭരണവും തിരഞ്ഞെടുപ്പ് അട്ടിമറിയും സംഘടിപ്പിച്ച ജനാധിപത്യ ഘാതകനെന്ന് കുപ്രസിദ്ധി നേടിയിരുന്ന വ്യക്തി) അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുള്ള വിജ്ഞാപനം തയ്യാറാക്കി.

തന്റെ ക്യാബിനറ്റിലെ സഹപ്രവർത്തകരെപ്പോലും അറിയിക്കാതെ, അനുസരണാശീലനായ രാഷ്ട്രപതിയുടെ ഒപ്പു സമ്പാദിച്ച് അർദ്ധരാത്രിയിൽത്തന്നെ ഇന്ദിരാഗാന്ധി ജനാധിപത്യവിരുദ്ധ നടപടികൾ തുടങ്ങി. പ്രതിപക്ഷ നേതാക്കളെ പരക്കെ അറസ്റ്റ് ചെയ്തു. പ്രമുഖ പത്രങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച്,​ പത്രങ്ങളുടെ വിമർശനശല്യം ഒഴിവാക്കി. തുടർന്നുള്ള 21 മാസങ്ങൾ രാജ്യത്താകമാനം ചോരപുരണ്ട് ഇരുണ്ട ദിനരാത്രങ്ങളായിരുന്നു. അടിയന്തരാവസ്ഥയുടെ പ്രായോഗികാർത്ഥം ആ വാക്കിന്റെ ആദ്യത്തെ രണ്ട് അക്ഷരങ്ങൾ ചേർന്നതാണ്! പൗരാവകാശ പ്രവർത്തകർക്ക് 'അടി" കിട്ടുന്ന അവസ്ഥ.

ഞാൻ,​ അന്ന്

ക്യാമ്പിൽ

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ദിവസം കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര പുറപ്പെട്ട എന്നെ അതുകൊണ്ട് പൊലീസിന് അറസ്റ്റുചെയ്യാനായില്ല. വീട്ടിൽ പ്രച്ഛന്നരായ ഒരുസംഘം അന്വേഷിച്ചു ചെന്നത് അറസ്റ്റിനായിരുന്നു. കോടിയേരി ബാലകൃഷ്ണനെ തലശ്ശേരിയിൽ വച്ച് അവർ പിടികൂടി. അതിനാൽ,​ കോഴിക്കോട്ട് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന രാഷ്ട്രീയ ക്യാമ്പിലേക്ക് വിദ്യാർത്ഥി സംഘടനാ ഭാരവാഹികളെന്ന നിലയിൽ ക്ഷണിക്കപ്പെട്ടിരുന്ന ഞങ്ങൾ രണ്ടുപേരിൽ എനിക്കു മാത്രമേ പങ്കെടുക്കാനായുള്ളു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ത്രിദിന ക്യാമ്പ് ഏതാനും മിനിട്ടുകൾ മാത്രം സമ്മേളിച്ച് അവസാനിപ്പിക്കുകയായിരുന്നു. എന്റെ ആദ്യത്തെ സുപ്രധാനമായ രാഷ്ട്രീയ സംഘടനാ അനുഭവം കൂടിയായിരുന്നു അത്.


എ.വി. കുഞ്ഞമ്പുവിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടി ഇ.എം.എസിന്റെ പ്രസംഗത്തോടെ സമാപിക്കപ്പെട്ടു. പതിവുപോലെ ആറ്റിക്കുറുക്കിയ പ്രസംഗം. അവിടെ പ്രതിനിധികളായി എത്തിയവർക്ക് വിതരണം ചെയ്തിരുന്ന രേഖകളിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതു പോലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അർദ്ധ ഫാസിസ്റ്റ് അമിതാധികാര വാഴ്ചയിലേക്ക്നീങ്ങുകയാണെന്ന കാഴ്ചപ്പാട് ശരിവയ്ക്കുകയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം എന്നായിരുന്നു സഖാവിന്റെ ഹ്രസ്വമായ പ്രസംഗത്തിന്റെ സത്ത്.

'ഇവിടെ വച്ച് രാഷ്ട്രീയക്യാമ്പ് അവസാനിപ്പിക്കുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ തുടർനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ സഖാക്കളും കടമകൾ നിർവഹിക്കണം; ക്‌ളേശകരമായ സമരദിനങ്ങളാണ് മുന്നിൽ; പരസ്യ രഹസ്യ പ്രവർത്തനങ്ങൾ കൂട്ടിയോജിപ്പിച്ച് ജനാധിപത്യ പുനഃസ്ഥാപനത്തിനും ജനങ്ങളുടെ ജീവിതാവശ്യങ്ങൾക്കും വേണ്ടി ഇനിയുള്ള നാളുകളിൽ പ്രവർത്തനങ്ങളും പോരാട്ടവും വേണ്ടിവരും. അത് നീണ്ടുപോയെന്നും വരാം. നാം ഏതു സാഹചര്യവും നേരിടാൻ ത്യാഗസന്നദ്ധരാവണം."- ഇതായിരുന്നു ഇ.എം.എസിന്റെ പ്രസംഗത്തിന്റെ ചുരുക്കം.

പ്രകടനം തന്ന

ആവേശം

തിരുവനന്തപുരത്തു നിന്നുള്ള പാർട്ടി നേതാവായ ഫക്കീർഖാനും ഞാനും ഒരു ലോഡ്ജിൽ ഒരേ മുറിയിൽ കഴിയേണ്ടവരായിരുന്നു. എന്നാൽ ഒറ്റ സെഷനോടെ ക്യാമ്പ് പിരിഞ്ഞതിനാൽ കുറച്ചുനേരം മാത്രമേ അവിടെ ഒരുമിച്ചു കഴിയാൻ ഇടയായുള്ളൂ. ആ രാഷ്ട്രീയ ക്യാമ്പിൽ നിന്നു കിട്ടിയ ആവേശമാണ് ഒരാഴ്ചയ്ക്കുള്ളിൽ,​ 1975 ജൂലായ് ഒന്നിന് തിരുവനന്തപുരം നഗരത്തെ പ്രകമ്പനം കൊള്ളിച്ച സാഹസിക വിദ്യാർത്ഥി പ്രകടനം നടത്താൻ ഞങ്ങൾക്ക് ധൈര്യം നൽകിയത്. ഞങ്ങളുടെ അടിയന്തരാവസ്ഥാ വിരുദ്ധ പ്രതിഷേധ പ്രകടനം യൂണിവേഴ്സിറ്റി കോളേജ് മുതൽ സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിനു സമീപം വരെ എത്തിയ നിമിഷങ്ങൾ പ്രസരിപ്പിച്ച ആവേശം ഓർമ്മയിലും ഉണർവു പകരുന്നു. തുടർന്നുള്ള അറസ്റ്റും മർദ്ദനവും ജയിൽവാസവുമാണ് രാഷ്ട്രീയ ജീവിതത്തിൽ ഞങ്ങൾ ഓരോരുത്തരും വിലപ്പെട്ട അനുഭവപാഠമായി സൂക്ഷിക്കുന്നത്.

ഇ.എം.എസ്, എ .കെ.ജി,​ കെ.എം.ജോർജ്, ആർ. ബാലകൃഷ്ണപിള്ള, വി.എസ്. അച്യുതാനന്ദൻ, എസ്. രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കെ. ചന്ദ്രശേഖരൻ, ഒ.ജെ. ജോസഫ്, പി.കെ. ചന്ദ്രാനന്ദൻ, കാട്ടായിക്കോണം വി. ശ്രീധർ, എം.വി. രാഘവൻ, പി.എ. ഹാരിസ് തുടങ്ങി ഒട്ടേറെപ്പേർ അന്ന് മിസയും (മെയിന്റനൻസ് ഒഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്)​ ഡി.ഐ.ആറും (ഡിഫൻസ് ഒഫ് ഇന്ത്യ റൂൾസ്)​ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. ഇ.എം.എസിനെയും എ.കെ.ജിയെയും ജയിലിലടയ്ക്കുന്നത് പിന്നീട് അവർ തന്ത്രപൂർവം ഒഴിവാക്കുകയാണുണ്ടായത്.

പത്രസ്വാതന്ത്ര്യം സമ്പൂർണമായി തടഞ്ഞ ശ്വാസം മുട്ടിക്കുന്ന സ്ഥിതിവിശേഷമായിരുന്നു രാജ്യമൊട്ടാകെ. പാർലമെന്റ് അംഗങ്ങളെയും എം.എൽ.എമാരെയും വരെ ജയിലിലടച്ചു. പാർലമെന്റിനെ അപ്രസക്തമാക്കി .രാജ്യത്തെ ഒരു ജയിലാക്കി മാറ്റുകയായിരുന്നു,​ ശ്രീമതി ഗാന്ധി. 'നാവടക്കൂ പണിയെടുക്കൂ" എന്ന് ആജ്ഞാപിച്ച നാളുകൾ. 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര" എന്നും കൊട്ടിഘോഷിക്കപ്പെട്ടു. ഒടുവിൽ അതിവിപുലമായ പ്രതിപക്ഷ ഐക്യം 1977 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയ്ക്കും കോൺഗ്രസ് സ്വോച്ഛാധിപത്യത്തിനും അന്ത്യം കുറിച്ചു.

ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ഉൾപ്പെടെ പരാജിതരായി. ഇന്ത്യൻ ജനാധിപത്യത്തിന്റെ സജീവതയുടെ തെളിവായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ മാതൃകയിൽ നരേന്ദ്രമോദി സ്വേച്ഛാധിപത്യപരമായ ഭരണഭീകരത മറ്റൊരു രൂപത്തിൽ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികമെത്താൻ പോകുന്നത്. ഇപ്പോൾ സംഘപരിവാർ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ, അതിന്റെ മാതൃക അടിയന്തരാവസ്ഥയിലൂടെ അവതരിപ്പിച്ച കോൺഗ്രസും പങ്കെടുക്കുന്നത് ചരിത്രത്തിന്റെ അർത്ഥവത്തായ കുസൃതിത്തരമാവാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERNAL EMERGENCY 1975
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.