SignIn
Kerala Kaumudi Online
Tuesday, 09 July 2024 7.55 AM IST

പണിതീരാത്ത ദുരിതപാതകൾ

gf

ദേശീയ - സംസ്ഥാനപാതകളിലെ ദുരിതം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പക്ഷേ, മോട്ടോർവാഹനങ്ങൾ അനുനിമിഷം പെരുകുകയും പ്രളയവും വെളളപ്പൊക്കവും തുടർക്കഥയാവുകയും ചെയ്യുന്ന കേരളത്തിൽ റോഡുകളുടെ സ്ഥിതി ഓരോ ദിവസവും ഗുരുതരമാവുകയാണ്. കരാറുകാരുടേയും കരാർ കമ്പനികളുടേയും തട്ടിപ്പുകളും അനാസ്ഥകളും ഒരു വശത്ത്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മറുവശത്ത്. ജനപ്രതിനിധികളുടെ ഇടപെടലിന്റെ കുറവ് വേറെയും. ഇതെല്ലാം ചേരുമ്പോൾ മഴയെത്തും മുൻപേ റാേഡുകൾ തകർന്നടിയും. ഇനി പണി പൂർത്തിയായാലോ പിന്നേയും പണികൾ ബാക്കിയുമുണ്ടാവും.

രാജ്യത്തിന്റെ അഭിമാനമായി വിശേഷിപ്പിക്കപ്പെട്ട തുരങ്കപ്പാതയായ കുതിരാൻ ഉൾപ്പെടുന്ന സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയായ വടക്കഞ്ചേരി - മണ്ണുത്തി പാതയ്ക്ക് ദേശീയപാതാ അതോറിറ്റി നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും പണികൾ നിരവധി ബാക്കിയാണ്. സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാതെയും ചില ബസ് സ്റ്റോപ്പുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാതെയുമാണ് സർട്ടിഫിക്കറ്റ് നൽകിയത്. കരാറിലുള്ള ലോറി പാർക്കിംഗ്, തെരുവു വിളക്കുകൾ, സുരക്ഷാ സംവിധാനങ്ങൾ, സൂചനാ ബോർഡുകൾ തുടങ്ങിയ പണികളും ബാക്കി.

അഴുക്കുചാൽ ശാസ്ത്രീയമായി നിർമ്മിക്കാതെയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പണികൾ നടത്താതെയും നിർമ്മാണം പൂർത്തിയാക്കിയതിലും പ്രതിഷേധമുണ്ട്. മണ്ണെടുത്ത സ്ഥലങ്ങളിൽ സുരക്ഷാമതിൽ പണിതിട്ടില്ല. നിർമ്മാണത്തിലെ കാലതാമസവും അശാസ്ത്രീയതയും കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും സ്ഥലമേറ്റെടുപ്പിലെ തർക്കങ്ങളും അടക്കമുള്ള നിരവധി പ്രതിസന്ധികളെ തുടർന്ന് മുടന്തി നീങ്ങിയ റോഡ് നിർമ്മാണത്തിന് ഒന്നരപതിറ്റാണ്ടോടെയാണ് പൂർത്തീകരണ സർട്ടിഫിക്കറ്റ് കിട്ടുന്നത്. നിർമ്മാണത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. മണ്ണിടിച്ചിൽ അടക്കം നിരവധി സുരക്ഷാ പ്രശ്‌നങ്ങളും ഉയർന്നു. അപകടങ്ങളും ഗതാഗതക്കുരുക്കും തുടർക്കഥയായി.

കുതിരാൻ തുരങ്കമുഖത്ത് മലയിൽ നിന്ന് ജീവികൾ താഴേക്ക് വീഴാതിരിക്കാൻ സുരക്ഷാ വേലി പണിതിട്ടില്ല. കുതിരാൻ മലയുടെ മുകളിലെ മഴവെള്ളം ഒഴുകാനായി നീർച്ചാൽ നിർമ്മാണം തുടങ്ങാനുമായില്ല. ടണലിനുള്ളിലെ വൈദ്യുതി സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും പൂർണ്ണസജ്ജമല്ല. വാണിയമ്പാറയിൽ സർവീസ് റോഡും മുല്ലക്കര ഫുട്ട് ഓവർ ബ്രിഡ്ജ് പണിയും ബാക്കിയാണ്. പാറ പൊട്ടിച്ചപ്പോൾ കേടുവന്ന വീടുകൾക്കുള്ള നഷ്ടപരിഹാരത്തുക വിതരണവും പൂർത്തിയായിട്ടില്ല. ഇതെല്ലാം ഉണ്ടായിട്ടും പൂർത്തീകരണ സർട്ടിഫിക്കിറ്റ് കിട്ടി. ഇവിടെ പരസ്പരം ഒത്തുതീർപ്പ് നടത്തുന്നത് ദേശീയപാത അതോറിട്ടിയോ അതോ കരാർ കമ്പനിയോ?

പൂർത്തിയാക്കിയെന്ന്

കമ്പനി

കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കപാത, പ്രധാന റോഡ്, സർവീസ് റോഡ്, പാർക്കിംഗ് ഏരിയ, വിശ്രമ കേന്ദ്രങ്ങൾ, ബസ് ബേകൾ, അടിപ്പാതകൾ, തെരുവു വിളക്കുകൾ തുടങ്ങി കരാറിൽ നിർദ്ദേശിച്ച എല്ലാ ജോലികളും പൂർത്തിയാക്കിയെന്ന് അറിയിച്ചതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. നിർമ്മാണം നടക്കുന്ന ജോലികൾ കരാറിന് ശേഷം കൂട്ടിച്ചേർത്തതാണെന്നാണ് കമ്പനിയുടെ വാദം. ഇതും അതോറിട്ടി അംഗീകരിച്ചു. മൂന്ന് അടിപ്പാതകളും സർവീസ് റോഡും ഉൾപ്പെടെയുള്ള ജോലികൾ കരാറിലുൾപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. റോഡിന്റെ ദൂരം തന്നെ 27.5 കിലോമീറ്ററാണ്. പൂർത്തിയാക്കാൻ കരാർ കാലാവധി 30 മാസമായിരുന്നു.

നിർമ്മാണം അവസാനിക്കേണ്ടിയിരുന്നത് 2012 ഫെബ്രുവരിയിലാണ്. പക്ഷേ, ഇപ്പോൾ അവസാനിപ്പിച്ചുവെന്നാണ് കമ്പനിയുടെ വാദം. കരാർ ഒപ്പുവച്ചത് 2009 ആഗസ്റ്റ് 9-നായിരുന്നു. സ്ഥലമേറ്റെടുത്തത് 60 മീറ്റർ വീതിയിലായിരുന്നു. കരാർ തുക 1280 കോടി കവിയും. ഇതെല്ലാമാണെങ്കിലും പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ പിരിക്കാനുളള കാലാവധി 2032 മാർച്ച് വരെയുമുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായ പ്രധാന കമ്പനി ആറുവരിക്കായി രൂപം കൊടുത്ത മറ്റൊരു കരാർ കമ്പനിയാണ് നിർമാണം ഏറ്റെടുത്തത് സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാത്തതും കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും കാരണം 2010 മുതൽ 2014 വരെ നിർമ്മാണം ഏറെക്കുറെ നിശ്ചലമായിരുന്നു. ഒടുവിൽ 2016 മേയ് 13-ന് കുതിരാൻ ടണൽ നിർമ്മാണം തുടങ്ങി. 2021 ജൂലായ് 31-ന് ഇടതുടണൽ തുറന്നു. 2022 ജനുവരി 20-ന് വലതുടണലും തുറന്നു. 2022 മാർച്ച് 9-ന് ടോൾപിരിവ് ആരംഭിച്ചു. ഈ വർഷം ജനുവരി 8-ന് ഉൾവശം കോൺക്രീറ്റിംഗിനായി ഇടതു ടണൽ അടച്ചു. ജൂൺ 14-ന് കോൺക്രീറ്റിംഗ് പൂർത്തിയാക്കി ഇടതു ടണൽ തുറക്കുകയും ചെയ്തു.

പണിതന്ന്

സംസ്ഥാനപാത

വഴിനീളെ വൻകുഴികളായ തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കോൺക്രീറ്റ് മിശ്രിതം കൊണ്ടുവന്ന് തളളിയെങ്കിലും മഴയൊഴിയാത്തതിനാൽ ടാറിംഗ് നടത്താനായിട്ടില്ല. മാസങ്ങളോളമായി വൻ കുഴികളാണിവിടെ. കഴിഞ്ഞ ആഴ്ചകളിൽ മഴയൊഴിഞ്ഞിട്ടും പണിയൊന്നും നടന്നില്ല. മഴയിൽ വെള്ളം കെട്ടിനിന്ന് കഴിയുമ്പോഴേക്കും കുഴികൾക്കെല്ലാം ആഴവും കൂടി. മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പുനർനിർമ്മാണത്തിന് കെ.എസ്.ടി.പി.ക്ക് കൈമാറിയിരിക്കുകയാണ്. റോഡ് പണിതിരുന്ന കരാറുകാർ പണി നിറുത്തിപ്പോകുകയും ചെയ്തു. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള അഞ്ച് കിലോമീറ്ററിൽ ദുരിതയാത്രയാണ്. ചില സമയങ്ങളിൽ കേച്ചേരി മുതൽ ചൂണ്ടൽ പാലം വരെയും വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. ഈ റോഡിൽ വർഷങ്ങളായി താത്കാലികമായി കുഴികളടയ്ക്കൽ മാത്രമാണ് നടക്കുന്നത്.

കുഴിയാണെങ്കിലും അതിനുമീതേ ചീറിപ്പായുകയാണ് സ്വകാര്യ ബസുകൾ. കോഴിക്കോട്, കുറ്റിപ്പുറം ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണെങ്കിൽ കുന്നംകുളം, ഗുരുവായൂർ ബസുകളെയും കടത്തിവെട്ടും. രണ്ടുവരി മാത്രമുള്ള മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുളള പാതയിൽ കുത്തിക്കയറ്റി ബസുകൾ മുന്നിലെത്തുമ്പോൾ ഇരുചക്ര വാഹനകാർ യാത്രക്കാർ ശ്വാസമടക്കി നിൽക്കേണ്ടി വരും. സമയത്തിന് ഓടിയെത്താകുന്നില്ലെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് വലിയ സംഖ്യയാണ് ചെലവഴിക്കേണ്ടി വരുന്നതെന്നുമാണ് ബസ് ഉടമകളുടെ പരാതി.

സംസ്ഥാനപാതയാണെങ്കിലും 15 വർഷത്തിലേറെയായി റീടാറിംഗ് നടന്നിട്ടില്ല. കേച്ചേരി ജംഗ്ഷൻ വികസനം നടക്കുമെന്ന വാഗ്ദാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒൻപതു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കേച്ചേരി ബസ് സ്റ്റാൻഡും നോക്കുകുത്തിയാണ്. പണം കിട്ടിയാലും നിർമ്മാണം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനായില്ല. ഈ റോഡിൻ്റെ ദൈർഘ്യം 33.23 കി.മീറ്ററാണ്. അനുവദിച്ച തുക 316.82 കോടിയും. പ്രവൃത്തി ആരംഭിച്ചത് 2021 സെ്പ്തംബർ 9നും. ഒടുവിൽ പ്രീ മൺസൂൺ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയത് 29 ലക്ഷം. പക്ഷേ, റോഡ് ഇപ്പോഴും കുളം തന്നെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.