SignIn
Kerala Kaumudi Online
Tuesday, 09 July 2024 11.08 PM IST

വിലക്കയറ്റം തലയ്ക്കുമീതെ..

vegitable

മഴക്കാലമാണെങ്കിലും പച്ചക്കറിക്ക് ചൂട് കൂടുകയാണ്. ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയുടെ ഇന്നത്തെ വില കേട്ടാൽ ഉള്ള ജീവൻ പോകും എന്നതാണ് വാസ്തവം. സാധാരണക്കാർക്ക് ആവശ്യത്തിന് പോയിട്ട് പച്ചക്കറി സ്വപ്നം കാണാൻ പോലും കഴിയാത്ത സ്ഥിതിയാണ്. അസാധാരണമായ വിലക്കയറ്റത്തിൽ ആളുകളും നട്ടം തിരിയുകയാണ്. കനത്ത മഴ കാരണം തമിഴ്നാട്ടിൽ പച്ചക്കറി ഉല്പാദനം കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണമായത്. മഹാരാഷ്ട്രയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഉള്ളിയുടെയും ധാന്യങ്ങളുടെയും വരവ് കുറഞ്ഞു. ഇതും വില വർദ്ധനവിന് കാരണമായി. മുൻ വർഷങ്ങളിൽ ജൂൺ മാസത്തിൽ വില കുറയുന്നതാണ് പതിവെന്നും വ്യാപാരികൾ പറയുന്നു. 40 രൂപയ്ക്ക് വയറ് നിറയെ ഊണും കറികളും ലഭിച്ച കാലവും ഇതോടെ പഴങ്കഥയാവുകയാണ്. തമിഴ്നാട്ടിലും കർണാടകയിലും പച്ചക്കറികൾ വിളവെടുപ്പിന് പാകമാവാൻ കുറച്ച് കൂടി കാത്തിരിക്കണം. ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമാകാൻ അതുവരെ കാത്തിരുന്നേ മതിയാകൂ.

മഴ തുടരുമ്പോൾ

പച്ചക്കറി വില ചൂട് പിടിക്കുന്നു

തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തു നിന്നാണു പല വിപണിയിലും പച്ചക്കറികൾ എത്തുന്നത്. തമിഴ്നാട്ടിൽ അടുത്ത ഒരാഴ്ച കൂടി ന്യൂനമർദം കാരണം മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. തക്കാളി, ബീറ്റ്റൂട്ട്, കാബേജ്, ഉരുളക്കിഴങ്ങ്, വെള്ളരി, ചേന എന്നിവയുടെ വിലയാണ് കൂടിയത്. ഒരു കിലോ തക്കാളിയുടെ വില മിക്കയിടങ്ങളിലും 100 രൂപയിലെത്തിയിട്ടുണ്ട്. ഇഞ്ചിയാകട്ടെ കിലോയ്ക്ക് 240ലെത്തി. 30 രൂപയ്ക്ക് ലഭിച്ചിരുന്ന പയർ വില 80 ആയി ഉയർന്നിട്ടുണ്ട്. വെണ്ടയുടെ 25ൽ നിന്ന് നേരെ ഇരട്ടിയായി 50ലെത്തി. ഒരുകിലോ ചെറുനാരങ്ങയ്ക്ക് 140 രൂപ കൊടുക്കേണ്ട സ്ഥിതിയാണ്. കേരളത്തിലെ ഏറ്റവും തിരക്കുള്ള മാർക്കറ്റുകളിലൊന്നായ പാലക്കാട്ടെ വേലന്താവളത്ത് ഇപ്പോൾ സ്ഥിതി ദയനീയമാണ്. സാധാരണ രാവിലെ ഇവിടെയെത്തിയാൽ കച്ചവടക്കാരുടെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടേയും തിരക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതോടെ ഇവിടേക്കുള്ള പച്ചക്കറി ഇറക്കുമതി 60 ശതമാനമാണ് കുറഞ്ഞത്. പാലക്കാടൻ ഗ്രാമങ്ങളിൽ നിന്നുള്ള പച്ചക്കറികളാണ് വേലന്താവളം മാർക്കറ്റിൽ ഇപ്പോൾ കൂടുതലായി എത്തുന്നത്. കൊച്ചി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറികൾ എത്തിക്കുന്നതും ഈ മാർക്കറ്റ് വഴിയായിരുന്നു. മാർക്കറ്റ് പഴയ സ്ഥിതിയെത്തണമെങ്കിൽ തമിഴ്നാട്ടിലെ കാലാവസ്ഥയിൽ മാറ്റം വരണമെന്നാണ് വ്യാപാരികൾ പറയുന്നത്. 700 ലോഡ് പച്ചക്കറിയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചെന്നൈ കോയമ്പോട് മൊത്തവ്യാപര ചന്തയിലേക്ക് എത്തിയിരുന്നത്. നിലവിൽ 300നും 350നും ഇടയിൽ ലോഡ് മാത്രമാണ് വരുന്നത്.

ഇരുട്ടടിയായി

ട്രോളിംഗ് നിരോധവും

പച്ചക്കറിയുടെ വിലക്കയറ്റിൽ പകച്ച് കുറച്ച് മീൻ വാങ്ങാമെന്ന് കരുതിയാൽ അവിടെയും പ്രതിസന്ധി. ഒരുകിലോ മത്തി വേണമെങ്കിൽ 400 രൂപ കൊടുക്കണം. മറ്റ് മീനുകളുടെയും വില വർദ്ധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധനത്താൽ മത്സ്യലഭ്യതയിലുണ്ടായ കുറവാണ് മത്സ്യ വില ഉയരാൻ കാരണം. ബോട്ടുകളൊന്നും കടലിലേക്ക് പോകാത്തതിനാൽ ചെറുവള്ളങ്ങൾ മാത്രമാണ് മീൻപിടിക്കാൻ കടലിലേക്ക് പോകുന്നത്. ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമമായി. ഉണക്കി വിപണിയിലെത്തിക്കാൻ മീൻ ഇല്ലാതായതോടെ വിലയിൽ വൻ വർദ്ധനയാണ്. ഉണക്ക് നത്തലിന്റെ വില 100ൽ നിന്ന് 200 രൂപയലേക്ക് ഉയർന്നു. ഉണക്ക മത്തിയുടെ വില 150ൽ നിന്ന് 300രൂപയായി. ഉണക്ക മുള്ളന്റേതാകട്ടെ 130 150ൽ നിന്ന് 350 രൂപയായി ഉയർന്നു. ട്രോളിംഗ് നിരോധനം ജൂലായ് 31 നാണ് അവസാനിക്കുക. അതുവരെ തീ വില തുടരുമെന്നാണ് മത്സ്യവിപണന മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം.

മത്സ്യത്തിന് പുറമെ ഇറച്ചിക്കോഴിയുടെ വിലയും ഉയരുന്നതും സാധാരണക്കാരുടെ നടുവെടിക്കുകയാണ്. ചിക്കന്റെയും ബീഫിന്റെയും വില ഒരാഴ്ചയ്ക്കിടെ 40 രൂപയോളം വർദ്ധിച്ചു. മഴയ്ക്ക് മുമ്പ് സംസ്ഥാനത്തുണ്ടായ കടുത്ത ചൂടിൽ കോഴികൾ കൂട്ടത്തോടെ ചത്തതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ചിക്കന് വില 200ലെത്തി. തെക്കൻ കേരളത്തിൽ 400 രൂപയുണ്ടായിരുന്ന ബീഫിന്റെ വില 430 ആണിപ്പോൾ. ആട്ടിറച്ചിയ്ക്ക് വില 950 ആണ്. ആന്ധ്ര, കർണാടക, ഒഡീഷ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കന്നുകാലികൾ കൂടുതലായി എത്തുന്നത്. എന്നാൽ, ഇവയുടെ വരവും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഇന്ധനവില രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. അതിനാൽത്തന്നെ, വലിയ മാർക്കറ്റുകളിൽ നിന്ന് ചെറുകിട മാർക്കറ്റുകളിലേക്കുള്ള ചരക്ക് കടത്തിന് ചെലവേറിയത് ഇതിനെല്ലാം പുറമേയാണ്.

പ്രതിസന്ധിയിലായി

ഹോട്ടൽ ഉടമകൾ

വിലക്കയറ്റം സംസ്ഥാനത്തെ ഹോട്ടൽ-റെസ്‌റ്റോറന്റ് വ്യവസായത്തിന്റെയും നടുവൊടിക്കുന്നുവെന്ന് പറയാതെ വയ്യ. ചെറുകിട റെസ്‌റ്റോറന്റ് ഉപജീവനം നടത്തുന്ന നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. വലിയ വില കൊടുത്ത് ഭക്ഷണ സാധനങ്ങൾ വാങ്ങാനാവാതെ വിലക്കയറ്റത്തിന് മുന്നിൽ അമ്പരന്ന് നിൽക്കുകയാണ് ഇവരിൽ വലിയൊരു വിഭാഗവും. സാധനങ്ങളുടെ വിലകൂടിയതിനാൽ നഷ്ടം സഹിച്ചാണ് പിടിച്ചു നിൽക്കുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. 10 മുതൽ 20 ശതമാനം വരെ വില കൂട്ടിയില്ലെങ്കിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. ഹോട്ടലുടമകൾ വില കൂട്ടുമ്പോൾ പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരാണ്. സ്ഥിരമായി എത്തുന്ന ആളുകളും വിട്ട് പോകുമോ എന്നതും അലട്ടുന്നുണ്ട്. മുമ്പ് ഓരോ ദിവസവും ഭക്ഷണം കഴിക്കാനായി നീക്കിവച്ചതിന്റെ ഇരട്ടിലധികം തുകയാണ് ഇന്ന് നീക്കിവയ്‌ക്കേണ്ടി വരുന്നത്.

ചെലവ് ഉയരുന്നു

വരുമാനം ഉയരുന്നില്ല

ആവശ്യ സാധനങ്ങളുടെ വില ദിനം പ്രതി വ‌ർദ്ധിക്കുമ്പോഴും അതിനൊത്ത് വരുമാനമില്ലാത്തതാണ് സാധാരണക്കാരുടെ പ്രശ്നം. ഇന്ധനവിലയ്‌ക്കൊപ്പം ഭക്ഷ്യ വിലയും കൂടുമ്പോൾ ശമ്പളത്തിൽ നിന്ന് 100 രൂപ പോലും മിച്ചം പിടിക്കാനാവന്നില്ലെന്നാണ് പലരും പറയുന്നത്. വില നിയന്ത്രിക്കാനായി കേരളത്തിൽ വില കൂടുതലുള്ള പച്ചക്കറികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ചും കുറഞ്ഞ് വിലയ്ക്ക് സംസ്ഥാനത്ത് വിൽക്കാൻ കൃഷി വകുപ്പ് ആലോചിക്കുന്നുണ്ട്. ഒരേ സാധനത്തിന് തന്നെ പല മാർക്കറ്റിലും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. വിപണിയിൽ അദൃശ്യമായ ഇടപെടൽ നടക്കുന്നു എന്നതിന് തെളിവാണിത്. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ച് നിർത്താൻ ബന്ധപ്പെട്ട വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം നടത്തണം. ഹോർട്ടി കോർപ്പും കൺസ്യൂമർഫെഡും സിവിൽ സപ്ലൈസും വിപണിയിൽ കാര്യക്ഷമമായി ഇടപെടണം. അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും രാജ്യത്ത് എവിടെനിന്നൊക്കെ കുറഞ്ഞ വിലയിൽ ലഭ്യമാക്കാം എന്ന് കണ്ടെത്തി നടപ്പാക്കാൻ സ്ഥിരം സംവിധാനം സംസ്ഥാനത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.