SignIn
Kerala Kaumudi Online
Tuesday, 09 July 2024 11.31 PM IST

കാത്തുനിൽക്കുന്ന മരണക്കെണികൾ

signal

ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്; ഉദ്ദേശ്യവുമുണ്ട്. അതു സഫലമാകണേ എന്നായിരിക്കും ഏതു യാത്രികന്റെയും ആഗ്രഹവും പ്രാർത്ഥനയും. എന്നാൽ,​ ഉദ്ദേശ്യം നടന്നില്ലെങ്കിലും തരക്കേടില്ല; ജീവനോടെ തിരികെ വീട്ടിലെത്തിയാൽ മതി എന്ന ഉത്കണ്ഠയോടെയല്ലാതെ ഒരു യാത്രയ്ക്കും ഇറങ്ങിപ്പുറപ്പെടാനാവില്ല എന്നായിരിക്കുന്നു ഇപ്പോഴത്തെ സ്ഥിതി. കഴിഞ്ഞ ദിവസം കൊച്ചി കുണ്ടന്നൂരിനു സമീപം ദേശീയപാതയിലെ മാടവന ജംഗ്ഷനിൽ,​ അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസ് മറിഞ്ഞ്,​ അതിനടയിൽക്കുടുങ്ങി ജീവൻ നഷ്ടമായ ബൈക്ക് യാത്രക്കാരൻ ജിജോ സെബാസ്റ്റ്യൻ ബന്ധുവീട്ടിൽ നിന്ന് ഭാര്യയെയും മകളെയും വീട്ടിലേക്കുകൂട്ടാൻ പുറപ്പെട്ടതായിരുന്നു. അതിനു തലേ രാത്രി പൊന്നാനി ദേശീയപാതയിൽ വെളിയങ്കോടിനടുത്ത്,​ പാലത്തിന് കൈവരി നിർമ്മിക്കാൻ സ്ഥാപിച്ചിരുന്ന കമ്പികൾ തുളഞ്ഞുകയറി ദാരുണമായി മരണമടഞ്ഞ ബന്ധുക്കൾ കൂടിയായ രണ്ടു ചെറുപ്പക്കാർ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഉറ്റവർക്കരികിലേക്ക് തിരികെയെത്താതെ ഓരോ ദിവസവും ഇതുപോലെ എത്ര പേരുടെ ജീവിതയാത്രകൾ പാതിവഴിയിൽ നിലച്ചുപോകുന്നു!

'സൂക്ഷിച്ചു പോകണേ" എന്നൊരു മുന്നറിയിപ്പും കരുതലും നൽകിയാവും പുറത്തേക്കു പോകുന്ന ഓരോരുത്തരെയും വീട്ടുകാർ യാത്രയാക്കുക. പക്ഷേ,​ എത്ര സൂക്ഷിച്ചാലും നിർദ്ദയവിധിയുടെ മുൻനിശ്ചയം പോലെ ചില അപകടങ്ങൾ വഴിയിൽ കാത്തുനില്പുണ്ടാകും. ഇരയാകുന്നയാളുടെ ആശ്രദ്ധ കാരണമുള്ള ജീവാപായങ്ങളായിരുന്നു മുമ്പൊക്കെ അധികമെങ്കിൽ,​ മറ്രാരുടെയൊക്കെയേ അശ്രദ്ധയോ ഉദാസീനതയോ കാരണം മരണത്തിലേക്ക് മാഞ്ഞുപോകാൻ വിധിക്കപ്പെട്ട നിരപരാധികളുടെ എണ്ണമാണ് ഇപ്പോൾ കൂടുതൽ. കുണ്ടന്നൂരിൽ ബൈക്ക് യാത്രികന്റെ ജീവനെടുത്ത ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ധൃതി,​ മഞ്ഞ സിഗ്നൽ മാഞ്ഞ് ചുവപ്പു തെളിയും മുമ്പേ ജംഗ്ഷൻ കടക്കാനായിരുന്നു. പെട്ടെന്ന് ചുവപ്പു സിഗ്നൽ തെളിഞ്ഞപ്പോൾ ചവിട്ടിയ സഡൻ ബ്രേക്കിൽ നിയന്ത്രണം വിട്ട ബസാണ് സിഗ്നൽ പോസ്റ്റിലിടിച്ച്,​ ബൈക്കിനു മുകളിലേക്കു മറിഞ്ഞത്. സിഗ്നൽ മാറുന്നതു കാത്ത് ഒന്നുമറിയാതെ ബൈക്ക് നിറുത്തിയിരുന്ന ജിജോ സെബാസ്റ്റ്യൻ എന്തു സൂക്ഷിക്കാൻ?​

പൊന്നാനിയിൽ,​ മഴയത്ത് നിയന്ത്രണം വിട്ട ബൈക്ക്,​ പാലത്തിൽ സ്ഥാപിച്ചിരുന്ന കൂർത്ത കമ്പികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാലംപണിയുടെ കരാറെടുത്ത കമ്പനി,​ കൈവരി നിർമ്മിക്കും മുമ്പേ പണി ഉപേക്ഷിച്ചു മാറിയതോടെ ആ കമ്പികൾ മരണദൂതന്റെ ഉളിപ്പല്ലുകൾ പോലെ പാതയോരത്ത് കാത്തുനില്പായിരുന്നു. ക്രൂരവിധി വലിച്ചെറിഞ്ഞതുപോലെ അതിലേക്ക് ചെന്നുകയറിയ ആഷിക്കും ഫാസിലും എന്തു സൂക്ഷിക്കാനായിരുന്നു! ഡ്രൈവർമാരുടെ ധൃതിയും,​ ദേശീയപാതകൾ ഉൾപ്പെടെ നിരത്തുകളിൽ പാതിയായ വികസന ജോലികൾ ബാക്കിയാക്കുന്ന കമ്പികളും വഴിയോരത്തെ ഗർത്തങ്ങളും മറ്റും കാരണം സംഭവിക്കുന്ന അപകടങ്ങളും അപമൃത്യുക്കളും ഏറിവരുന്നതിന് ഒറ്റക്കാരണമേയുള്ളൂ- നിരത്തിൽ വഴിനടക്കുകയും വാഹനമോടിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യന്റെയും ജീവന്റെ വില സ്വന്തം ജീവനു തുല്യമാണെന്ന കരുതലില്ലായ്ക!

സംസ്ഥാനത്തുടനീളം ദേശീയപാതാ വികസവും റോഡ് അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. അല്ലെങ്കിൽത്തന്നെ അപകടനിരക്ക് വർദ്ധിക്കുന്ന വർഷകാലം കനത്തു പെയ്യുന്നുമുണ്ട്. പലയിടത്തും റോഡുപണി കാരണം വാഹനങ്ങൾ സർവീസ് റോഡുകളിലേക്കും ഇടറോഡുകളിലേക്കും വഴിതിരിച്ചു വിടുന്നുണ്ട്. ഇക്കാര്യം ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തുന്ന ജാഗ്രതാ മുന്നറിയിപ്പുകളോ,​ അപായസൂചനാ ബോർഡുകളോ ഇല്ലാത്തയിടങ്ങളാണ് അധികം. കരാർ കമ്പനിക്കാർ ഉദാസീനത കാട്ടിയാൽ ഈ സൂചനാ ബോർഡുകൾ സ്ഥാപിക്കുന്ന ജോലി അതത് തദ്ദേശ സ്ഥാപനങ്ങൾക്കോ പൊലീസിനോ ചെയ്യാവുന്നതേയുള്ളൂ. അത് ആരുടെ ഉത്തരവാദിത്വമെന്ന തർക്കം കാരണം ആരും ചെയ്യില്ല. ഇതൊന്നുമറിയാതെ എത്തുന്നവരാകും ആ ഉദാസീനതയുടെ നിസ്സഹായരായ ഇരകൾ. ഓരോ സൂചനാ ബോർഡും ഒരു ജീവൻരക്ഷാ ഉപായമാണ്. സ്വന്തം ജീവനെക്കുറിച്ച് കരുതലും സ്വന്തം വീട്ടുകാരെക്കുറിച്ച് ജാഗ്രതയുമില്ലാത്ത ആരും കാണില്ലല്ലോ. അത് മറ്റുള്ളവർക്കുമുണ്ടെന്ന് ഓരോരുത്തരും മറക്കാതിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.