SignIn
Kerala Kaumudi Online
Sunday, 11 August 2024 8.40 PM IST

വിവാദങ്ങൾ ശക്തം  മുൾമുനയിൽ കണ്ണൂർ രാഷ്ട്രീയം

cpm

കണ്ണൂർ സി.പി.എമ്മിൽ വീണ്ടുമുയർന്ന സ്വർണ്ണക്കടത്ത്- ക്വട്ടേഷൻ വിവാദം പാർട്ടിയെ ഉലയ്ക്കുകയാണ്. പാർട്ടി നേതാക്കളുടെ വഴിവിട്ട ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്ത അവസ്ഥയിലേക്കാണ് പാർട്ടിയെ കൊണ്ടു ചെന്നെത്തിച്ചത്. സ്വർണ്ണ കള്ളക്കടത്ത് സംഘത്തിനെതിരെ പാർട്ടിയിൽ സ്വീകരിച്ച നിലപാടിൽ ലക്ഷ്യ സ്ഥാനത്തു എത്താൻ കഴിയാത്തതിൽ ജില്ലാ കമ്മറ്റി അംഗം മനു തോമസ് അംഗത്വം പുതുക്കാതെ പാർട്ടി വിട്ടത് വിശദീകരിക്കാൻ സി.പി.എം. വിയർക്കുകയാണ്. സ്വർണക്കള്ളക്കടത്ത് സംഘത്തിൽ നിന്ന് ലാഭവിഹിതമായി സ്വർണം കൈപ്പറ്റി, ക്വട്ടേഷൻ സംഘത്തലവൻ ആകാശ് തില്ലങ്കേരിക്ക് രഹസ്യങ്ങൾ ചോർത്തി നൽകി എന്നീ ഗുരുതര പരാതികളാണ് പ്രമുഖ ഡി.വൈ.എഫ്.ഐ നേതാവും യുവജന ക്ഷേമ ബോർഡ് സംസ്ഥാന അദ്ധ്യക്ഷനുമായ ഷാജറിനെതിരെ മനു തോമസ് പാർട്ടി ജില്ലാ നേതൃത്വത്തിന് നൽകിയത്. യുവനേതാവും ക്വട്ടേഷൻ സംഘത്തലവനും സംസാരിക്കുന്ന ശബ്ദരേഖ സഹിതമായിരുന്നു മനുവിന്റെ പരാതി. പക്ഷെ പാർട്ടി തിരുത്തിയില്ലെന്ന് മാത്രം അല്ല, മനുവിനെ ഒറ്റപ്പെടുത്താനും ശ്രമിച്ചു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റു തിരുത്തൽ രേഖയിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ മനു വിഷയം വീണ്ടും ഉന്നയിച്ചു. ഇതോടെയാണ് പരാതി അന്വേഷിക്കാൻ ജില്ലാ സെക്രട്ടറിയറ്റ് അംഗമായ എം. സുരേന്ദ്രനെ നിയോഗിച്ചത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ നിലയുറപ്പിച്ചതോടെ മനുവിനെതിരെ സൈബർ ആക്രമണവും ഉണ്ടായി. യുവനേതാവുമായി ബന്ധമുള്ള പാർട്ടി ഓഫീസ് ഭാരവാഹിയിൽ നിന്നും മനുവിൽ നിന്നും വിശദമായ മൊഴിയെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും ആരോപണ വിധേയനെ മുതിർന്ന ചില നേതാക്കൾ സംരക്ഷിക്കുന്നു എന്നുമാണ് മനുവിന്റെ പരാതി. പാർട്ടിയിൽ ഒറ്റപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗത്തിൽ നിന്നുണ്ടായതോടെയാണ് മനു പാർട്ടിയിൽ നിന്നകന്നത്. ഒടുവിൽ പോരാട്ടം ലക്ഷ്യം നേടിയില്ലെന്ന് മനസ്സിലാക്കി സ്വയം പടിയിറങ്ങുകയായിരുന്നു. മനുവിന്റെ പടിയിറക്കം കണ്ണൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. കണ്ണൂർ പോലുള്ള പാർട്ടി ശക്തി കേന്ദ്രത്തിൽ ഒരു ജില്ലാ കമ്മിറ്റിയംഗം അംഗത്വം പുതുക്കാത്തത് സംസ്ഥാന സി.പി.എം രാഷ്ട്രീയത്തിൽ തന്നെ അത്യപൂർവ്വ സംഭവമാണ്. പാർട്ടിയുടെ ഭാവി വാഗ്ദ്ധാനം എന്ന പ്രതീക്ഷയുണ്ടായിരുന്ന മനു തോമസ് സി.പി.എം വിടുന്നത് ഗുരുതര ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് തന്നെയാണ്. നിരാശയോടെയാണ് പാർട്ടി വിട്ടതെന്നും, വേദനയുണ്ടെന്നും മനു പറയുമ്പോൾ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയശേഷം നേതാക്കളുടെ ശൈലിക്കെതിരേ മറ്റൊരു വിവാദം കൂടി സി.പി.എമ്മിൽ ഉയർന്നു വന്നിരിക്കുകയാണ്.

പരാതിക്കത്ത് പുറത്ത്

നേതാവ് മനു തോമസ് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയുടെ വിവരങ്ങൾ പുറത്തുവന്നു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു മനു തോമസിന്റെ പരാതി. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മനു തോമസിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്. ഇതിന് തെളിവായി ശബ്ദരേഖയും ലഭിച്ചതായി മനു തോമസ് പരാതിയിൽ വ്യക്തമാക്കുന്നു.ശബ്ദരേഖ വന്നത് സി.പി.എം. തള്ളിപ്പറഞ്ഞ് ക്വട്ടേഷൻ സംഘാംഗം ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ്. പരാതി അന്വേഷിക്കാൻ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി തയാറായില്ലെന്നും മൂന്ന് തവണ ജില്ലാ കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചെന്നും മനു തോമസ് അപ്പീൽ പരാതിയിൽ പറയുന്നു. സ്വർണക്കടത്ത് സംഘത്തിനെതിരെ നിലയുറപ്പിച്ചതോടെ മനുവിനെതിരെ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമടങ്ങുന്ന സൈബർ ക്വട്ടേഷൻ സംഘം സോഷ്യൽ മീഡിയയിലൂടെ കടുത്ത അവഹേളനമാണ് നടത്തിയത്. പാർട്ടിക്കുള്ളിലെ ഒറ്റുകാരനായും ചിത്രീകരിക്കപ്പെട്ടു. ആരോപണ വിധേയനായ യുവ നേതാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാർട്ടി ഓഫിസ് ഭാരവാഹിയിൽ നിന്നും മനുവിൽ നിന്നും വിശദമായി മൊഴിയെടുത്തുവെങ്കിലും പാർട്ടി നിയോഗിച്ച ഏകാംഗ കമ്മീഷനായ എം. സുരേന്ദ്രൻ നടത്തിയ അന്വേഷണത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും ആരോപണ വിധേയനായ യുവ നേതാവിനെ ചില മുതിർന്ന നേതാക്കൾ സംരക്ഷിക്കുകയാണെന്ന മനുവിന്റെ പരാതി ബധിരകർണങ്ങളിലാണ് പതിച്ചത്. പാർട്ടിയിൽ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗത്തിൽ നിന്നും ഉണ്ടായതോടെയാണ് മനു സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായി അകന്നത്. പാർട്ടി വിടേണ്ടി വന്നതിൽ തനിക്ക് നിരാശയുണ്ടെന്നും എന്നാൽ മന:സാക്ഷിയെ വഞ്ചിച്ചു മുൻപോട്ടു പോകാനാവില്ലെന്നുമാണ് മനുവിന്റെ പ്രതികരണം.


പ്രതിരോധത്തിലാക്കി വാക്‌യുദ്ധം
സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച മനു തോമസിനെതിരെ മുതിർന്ന നേതാവ് പി.ജയരാജന്‍ രംഗത്ത് വന്നിരുന്നു. നിർണയകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാത്തയാൾ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുന്നത് കബളിപ്പിക്കലാണെന്ന് പി.ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. ഇതിനു പിന്നാലെ മനു തോമസ് ആരോപണം കടുപ്പിച്ചു. മാദ്ധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസരമൊരുക്കുകയാണ് ജയരാജൻ ചെയ്യുന്നതെന്ന് മനു എതിർ ആരോപണം ഉന്നയിച്ചു. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് താങ്കൾ. ഓർമ്മയുണ്ടാകുമല്ലോ പലതും. താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്.താങ്കൾ സ്വന്തം ഫാൻസുകാർക്ക് വേണ്ട കണ്ടന്റ് പാർട്ടിയുടേത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട് എന്തായാലും നമ്മുക്കൊരു സംവാദം തുടങ്ങാമെന്ന് പറഞ്ഞാണ് മനു ഫേസ്ബുക്കിലൂടെ കടുത്ത ഭാഷയിൽ വിമർശനമുന്നയച്ചത്. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ കോപ്പികച്ചവടങ്ങളും എല്ലാം നമുക്ക് പറയാം. ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം എല്ലാം ജനങ്ങൾ അറിയട്ടെ എന്നാണ് മനു തോമസ് പറഞ്ഞത്.

ഇരുട്ടിൽ തപ്പി പാർട്ടി
സംഘടനാതലത്തിൽ ഒതുങ്ങേണ്ട വിഷയം നേതാക്കളുടെ ജാഗ്രതക്കുറവു കാരണം പിടിവിട്ടുപോയത് പാർട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. പാർട്ടിയിൽ നിന്നു സ്വയം പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗത്തോട് മുതിര്‍ന്ന സംസ്ഥാനസമിതി അംഗം കൊമ്പുകോർക്കേണ്ട ആവശ്യമില്ലായിരുന്നെന്ന അഭിപ്രായം പാർട്ടിയിൽ പൊതുവിൽ ഉയർന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വിശദീകരിച്ച വിഷയത്തിൽ പി.ജയരാജന്റെ ഇടപെടൽ ഒഴിവാക്കേണ്ടതായിരുന്നെന്ന ചിന്തയാണു നേതാക്കളിൽ പലർക്കും. ക്വട്ടേഷൻ സംഘത്തെ വെള്ളപൂശാനാണ് പി.ജയരാജന്റെ നീക്കമെന്ന തോന്നലുണ്ടായാൽ, അത്തരം സംഘങ്ങൾക്കെതിരെ മനു ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന തരത്തിൽ ചിത്രീകരിക്കപ്പെടും എന്നതാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന മനുവിന്റെ അവകാശവാദം കബളിപ്പിക്കലാണെന്നും കുറ്റപ്പെടുത്തിയ ജയരാജന്റെ പോസ്റ്റായിരുന്നു ഇതിനെല്ലാം കാരണം. താൻ ആരോപണമുന്നയിച്ച നേതാവിനെ വെള്ളപൂശാനാണ് ജയരാജന്റെ ശ്രമമെന്നു കരുതിയാണ് മനു വീണ്ടും രംഗത്തു വന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.