SignIn
Kerala Kaumudi Online
Sunday, 15 September 2024 8.27 AM IST

ഉരുൾ ആശങ്ക, വേണ്ടത് ഫലപ്രദമായ നടപടി

Increase Font Size Decrease Font Size Print Page
palakkad

നെഞ്ചോട് ചേർത്തുവയ്ക്കുന്ന മഴക്കാലം മലയാളികൾക്കിന്ന് നൊൾസ്റ്റാൾജിയ മാത്രമാണ്... നെഞ്ചിൽ കനത്ത തേങ്ങലുകൾ ബാക്കിവച്ചാണ് ഓരോ കാലവർഷവും പടിയിറങ്ങുന്നത്. 2018ലെ മഹാപ്രളയത്തിനു ശേഷം മലയാളികൾക്ക് മഴക്കാലം ഭീതിയുടെയും ദുരന്തത്തിന്റേയും കാലമാണ്. 2019 മുതൽ എല്ലാവർഷവും മഴയ്ക്കൊപ്പം ഉരുൾപൊട്ടലും ക്ഷണിക്കപ്പെടാത്ത അതിഥിയായി. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ ഇന്നിപ്പോൾ മുന്നൂറിലധികം പേരുടെ ജീവനെടുത്ത വയനാട് ഉരുൾപൊട്ടലിനും കേരളം സാക്ഷിയായിരിക്കുകയാണ്.

ജീവനപഹരിക്കുന്ന ഉരുൾപൊട്ടലുകളുടെ ഇടവേളകൾ കുറയുമെന്നാണ് പരിസ്ഥിതിപ്രവർത്തകർ പറയുന്നത്. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള ഇടങ്ങളെ ഉൾപ്പെടുത്തി ഐ.എസ്.ആർ.ഒ തയാറാക്കിയ പട്ടികയിൽ ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ് പാലക്കാട് ജില്ലയുടെ സ്ഥാനം. 2011ന് ശേഷം ജില്ലയിലെ മലയോര മേഖലകളിൽ ചെറുതും വലുതുമായി 32 ഉരുൾപൊട്ടലാണുണ്ടായത്. കുന്നുകൾ ഇടിച്ചുതാഴ്ത്താൻവരെ ശേഷിയുള്ള അപകടകരമായ 'സോയിൽ പൈപ്പിംഗ്' എന്ന പ്രതിഭാസമുണ്ടായതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയ പ്രദേശങ്ങളിലൊന്ന് പാലക്കാടാണെന്നതും വിഷയത്തിന്റെ ഗൗരവം വ‌ർദ്ധിപ്പിക്കുന്നു.

പ്രളയത്തിന് ശേഷം തൊട്ടടുത്ത വ‍ർഷം 2019ൽ അതോറിറ്റി നടത്തിയ പഠനത്തിൽ മലമ്പുഴ പറച്ചാത്തി, ഒറ്റപ്പാലം കരുവംപാടി, തിരുവിഴാംകുന്ന് കോട്ടക്കുന്ന്, മണ്ണാർക്കാട് പാലക്കയം എന്നീ നാലിടങ്ങളിലാണ് 'സോയിൽ പൈപ്പിംഗ്' ഉണ്ടായതായി കണ്ടെത്തിയത്. ഓരോ ദുരന്തത്തിന് ശേഷവും സുരക്ഷാനടപടികളായി പ്രഖ്യാപിക്കുന്ന പരിസ്ഥിതി സംരക്ഷണവും കുടുംബങ്ങളുടെ പുനരധിവാസവും ഇപ്പോഴും പാതിവഴിയിലാണ്.

പൂർത്തിയാകാതെ പുനരധിവാസം

പാലക്കയം അച്ചിലട്ടിയിൽ 2019 ആഗസ്റ്റിലും പാണ്ടൻമലയിൽ 2023 സെപ്തംബറിലും ഉരുൾപൊട്ടലുണ്ടായി. അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പിന്നീട് കാര്യമായൊന്നും നടന്നില്ല. ദുരിതത്തിലായവർക്ക് 10,000 രൂപ ധനസഹായം കിട്ടി. താമസ യോഗ്യമല്ലാത്ത വീടുകളിൽ നിന്ന് പലരും സ്വമേധയാ ഒഴിഞ്ഞു. ദുരിതബാധിതർക്ക് വീടുനിർമാണത്തിന് കണ്ടെത്തിയ സ്ഥലം ചില സാങ്കേതിക തടസങ്ങളിൽ കുരുങ്ങിയെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. ആദിവാസി മേഖലയായ പാമ്പൻതോട്, വെള്ളത്തോട് പ്രദേശത്തെ 92 കുടുംബങ്ങൾക്ക് 2023 ഒക്ടോബറിൽ വീടു നൽകിയതായി പട്ടികവർഗവകുപ്പ് അധികൃതർ പറഞ്ഞു.

2019 ആഗസ്റ്റ് എട്ടിനാണ് മലമ്പുഴ കുരുത്തിക്കടവ് മലയിൽ ഉരുൾപൊട്ടി 10 കുടുംബങ്ങൾ ഒറ്റപ്പെട്ടത്. ഏക്കർകണക്കിന് കൃഷിയിടം നശിച്ചു. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവരടക്കമുള്ളവർ ഇവിടെ നിന്ന് താമസം മാറാൻ തയ്യാറാവുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മണ്ണ് നീക്കി കൃഷിയിടങ്ങൾ കൃഷിയോഗ്യമാക്കാൻ കൃഷിവകുപ്പ് സംസ്ഥാനതലത്തിൽ തീവ്രയത്ന പരിപാടി തുടങ്ങിയെങ്കിലും പാതിവഴിയിൽ മുടങ്ങി. ഫണ്ട് ലഭ്യത തടസമായെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ വിശദീകരണം. നെല്ലിയാമ്പതി, കൽക്കുഴി, ഓടന്തോട്, ഉപ്പുമൺ തുടങ്ങിയ മലയോര കുടിയേറ്റമേഖലകളിൽ സ്ഥിതി വ്യത്യസ്തമാണ്. പ്രദേശത്ത് തലമുറകളായി താമസിച്ചിരുന്ന കർഷകർ വരെ സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ കൃഷിയിടങ്ങൾ മാത്രം നിലനിറുത്തി മറ്റിടങ്ങളിലേക്ക് താമസം മാറുന്ന സ്ഥിതിയുണ്ട്.

വേണം സമഗ്രമാറ്റം

ഉരുൾപൊട്ടലിനെ പൂർണമായും തടയാൻ ആവശ്യമായ സാങ്കേതിക വിദ്യ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകളുണ്ടായത് ആഫ്രിക്കൻ രാജ്യമായ കെനിയയിലും നേപ്പാളിലുമാണ്. ഉരുൾ പൊട്ടിയ പ്രദേശത്ത് വേഗത്തിൽ രക്ഷാപ്രവർത്തനം തുടങ്ങുക എന്നതല്ല, ഏറ്റവും സുരക്ഷിതമായി പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നതാണ് ശരിയായ കാര്യം. മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായ പ്രദേശം ഏറെ അസ്ഥിരമായിരിക്കുമെന്നതിനാൽ അവിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഈ കാര്യം മനസിലാക്കി വേണം വീണ്ടെടുക്കൽ പ്രവർത്തനം തുടങ്ങാൻ. രാത്രിയിലോ കനത്ത മഴ പെയ്തുകൊണ്ടിരിക്കുമ്പോഴോ വീണ്ടെടുക്കൽ പ്രവർത്തനം നടത്തുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും


അപകടസാദ്ധ്യത തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടത്. സ്ഥിരമായ അപകടസാദ്ധ്യതാ മേഖലകളിൽ ലൈഫ് വീടുകൾ അടക്കമുള്ള നിർമ്മാണം ഒഴിവാക്കണം. ഉരുൾപൊട്ടൽ സാദ്ധ്യതാമേഖലകളുടെ നിർണയം പോലെതന്നെ പ്രാധാന്യത്തോടെ അതിൽ നിന്നുണ്ടാകുന്ന വെള്ളവും ചെളിയും കല്ലും ഒഴുകിവരാനിടയുള്ള മേഖലകളുടെ സമഗ്രഭൂപടം തയ്യാറാക്കണം. നീർച്ചാലുകൾ തടസപ്പെടുന്നത് ഒഴിവാക്കണം. മലയോരങ്ങളിൽ മഴക്കുഴികളുടെ നിർമ്മാണം ഒഴിവാക്കി സുഗമമായി ജലമൊഴുകാൻ അനുവദിക്കണം. ഈ പ്രദേശങ്ങളിൽ ക്വാറികളും അനധികൃത നിർമാണവും പൂർണമായി തടയുക എന്നതാണ് നമുക്ക് ചെയ്യാനാകുന്ന പ്രായോഗിക കാര്യങ്ങൾ. 2011 മുതൽ ഇതുവരെ ജില്ലയിൽ 32 ഇടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത് എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.

പരിസ്ഥിതിലോല വില്ലേജുകൾ ആശങ്കയൊഴിയാതെ

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയ അഞ്ചാം കരടുപട്ടികയിലെ ഭൂപടത്തെക്കുറിച്ച് മലയോരമേഖലയിൽ ആശങ്ക. പാലക്കാട് ജില്ലയിൽ 14 വില്ലേജുകളാണ് പട്ടികയിലുള്ളത്. യഥാർത്ഥ അതിർത്തി നിർണയം നടത്തി ഈ മേഖലയിലെ ഗ്രാമ പ്പഞ്ചായത്തുകൾ തയ്യാറാക്കിയ തിരുത്തിയ ഭൂപടങ്ങൾ (ഷേപ്പ് ഫയലുകൾ) കേന്ദ്രം പരിഗണിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഇരുഭൂപടങ്ങളിലെയും വിവരങ്ങൾ ഒത്തുനോക്കുന്നതിന് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട കീ ഹോൾ മാർക്കപ് ലാംഗ്വേജ് (കെ.എം.എൽ.) ഫയൽ പരിശോധിക്കണം. എന്നാൽ ഈ രേഖ പുറത്തുവിട്ടിട്ടില്ല.

ജൂലായ് 31ന് പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരടുപട്ടിക പുറത്തുവിട്ടത്. കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോലമേഖലയായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന കരട് ഭൂപടത്തെക്കുറിച്ച് പരാതികളുയർന്നതോടെയാണ് ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയുള്ള ഷേപ്പ് ഫയലുകൾ ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കിയത്.

ജില്ലയിൽ ആലത്തൂർ താലുക്കിലെ കിഴക്കഞ്ചേരി ഒന്ന്, അട്ടപ്പാടി താലൂക്കിലെ അഗളി, കള്ളമല, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, ചിറ്റൂർ താലൂക്കിലെ മുതലമട ഒന്ന്, മുതലമട രണ്ട്, നെല്ലിയാമ്പതി, മണ്ണാർക്കാട് താലൂക്കിലെ പാലക്കയം, പാലക്കാട് താലൂക്കിലെ മലമ്പുഴ ഒന്ന്, പുതുശ്ശേരി ഈസ്റ്റ്, പുതുപ്പരിയാരം ഒന്ന് എന്നീ വില്ലേജുകളാണ് പുതിയ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതി ലോല പട്ടികയിലുള്ളത്.

ഉരുൾപൊട്ടലുകളുണ്ടായ പ്രദേശങ്ങൾ (2011 മുതൽ)​

1. പാലക്കയം അച്ചിലട്ടി 2. പാണ്ടൻമല 3. ഇരുമ്പകച്ചോല 4. മംഗലംഡാം 5. ആലത്തൂർ കാട്ടുശ്ശേരി വീഴുമല 6. നെല്ലിയാമ്പതി ചുരം 7. ചെറുനെല്ലി എസ്റ്റേറ്റ് 8. മലവാഴിക്കുന്ന് 9. കഞ്ചിക്കോട് വേലഞ്ചേരി മല 10. പൂഞ്ചോല മല 11. കൈതച്ചിറ 12. കണിച്ചിപ്പരുത 13. താവളം 14. പനങ്കുറ്റി 15. നെല്ലിയാമ്പതി കേശവൻപാറ 16. കിഴക്കഞ്ചേരി തളികക്കല്ല് 17. പാലക്കുഴി കൽക്കുഴി 18. അട്ടപ്പാടി കള്ളമല 19. മംഗലംഡാം ഉപ്പുമൺ 20. വടക്കഞ്ചേരി ഓടന്തോട് 21. വി.ആർ.ടി. കവ ആശാൻപാറ, വിലങ്ങൻപാറ 22. കടപ്പാറ 23. പറമ്പിക്കുളം തൂണക്കടവ് 24. അമ്പലപ്പാറ മേലൂർ കീഴ്പ്പാടം, മുളംപ്ലാച്ചിക്കാട് 25. അമ്പലപ്പാറ ഭരതപ്പാറ കോളനി 26. കോട്ടോപ്പാടം കരടിയോട് 27. ഒറ്റപ്പാലം അനങ്ങൻമല 28. അയിലൂർ മാനംകെട്ടപ്പൊറ്റ, മണലൂർച്ചള്ള 29. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം, വാഴോട് 30. മലമ്പുഴ പറച്ചാത്തി 31. ഒറ്റപ്പാലം കരുവംപാടി 32. തിരുവിഴാംകുന്ന് കോട്ടക്കുന്ന്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.