ബ്രിഡ്‌ജ്‌ടൗൺ: 2013ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം നീണ്ട 11 വർഷങ്ങളായി ടീം ഇന്ത്യ ഒരു ഐസിസി ട്രോഫി വിജയിച്ചിട്ടില്ല. ടെസ്‌റ്റ്, ഏകദിന, ടി20 ഫൈനലുകളിൽ എത്തിയെങ്കിലും അവയൊന്നും വിജയമാക്കാൻ ഇന്ത്യയ്‌ക്കായില്ല. നാളെ ബാർബഡോസിലെ കെൺസിംഗ്ടൺ ഓവലിൽ ഫൈനലിനിറങ്ങുമ്പോൾ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിലും തോൽവിയറിയാതെയാണ് ഇന്ത്യയുടെ വരവ്. എതിരാളികളായ ദക്ഷിണാഫ്രിക്കയും അങ്ങനെതന്നെ. ഐസിസി പരമ്പരകളിൽ പടിയ്‌ക്കൽ കലമുടച്ച് ആരാധകരെ നിരാശരാക്കുന്ന ചരിത്രം ഇരുടീമുകൾക്കുമുണ്ട്. എന്നാൽ ഇത്തവണ ഒരു വിജയിയുണ്ടാകുമെന്ന് ഉറപ്പ്.
ബൗളർമാരിൽ മിക്കവരും തകർപ്പൻ ഫോമിലുള്ള ഇന്ത്യയ്‌ക്ക് വലിയ തലവേദന വിരാട് കൊഹ്‌ലിയുടെയും മദ്ധ്യനിര താരം ശിവം ദുബെയുടെയും മോശം പ്രകടനമാണ്. വമ്പനടികൾ വഴി ഏത് നിമിഷവും നല്ല ഫോമിലേക്ക് മടങ്ങിവരുമെന്ന സൂചനകൾ കൊഹ്‌ലി നൽകിയിട്ടുണ്ട്. തന്റെ മികച്ച പ്രകടനം ഫൈനലിലേക്ക് കൊഹ്‌ലി കരുതിവയ്‌ക്കുകയണെന്നാണ് ഇന്ത്യൻ നായകന്റെ തന്നെ കമന്റ്. എന്നാൽ സെമിഫൈനലിലും ഗോൾഡൻ ഡക്കായ ശിവം ദുബെയ്‌ക്ക് നേരെ ആരാധകരുടെ കടുത്ത അമർഷമാണ് ഉണ്ടാകുന്നത്. എല്ലാ മത്സരങ്ങളിലും കളിച്ച ദുബെ ഇതുവരെ ഫോം കണ്ടെത്തിയില്ല. അമേരിക്കയ്‌ക്കെതിരെ നേടിയ 31 റൺസാണ് പരമ്പരയിലെ മികച്ച സ്‌കോർ എട്ട് മത്സരങ്ങളിൽ 106 റൺസ് മാത്രമാണ് താരം നേടിയത്. ക്യാപ്‌റ്റൻ രോഹിത്ത് എന്തിന് ദുബെയെ പിന്തുണയ്‌ക്കുന്നു എന്ന ചോദ്യവുമുണ്ട്.
നാളത്തെ ഫൈനലിൽ ദുബെയെ പുറത്തിരുത്തുമെന്നും പകരം മദ്ധ്യനിരയിൽ നന്നായി ബാറ്റ് ചെയ്യാൻ കഴിയുന്ന സഞ്ജുവിനെ ഇറക്കണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ തീപ്പൊരി ഫോമിലായിരുന്നു താരം. ട്വന്റി 20 ലോകകപ്പ് ടീമിലെടുത്തെങ്കിലും സഞ്ജുവിനും ഇടംകൈയൻ യുവതാരം യശസ്വി ജയ്‌സ്വാളിനും ഇതുവരെ ഒരു മത്സരം പോലും കളിക്കാനായില്ല. സഞ്ജുവിന് പകരം ജയ്‌സ്വാളിനെയാണ് ടീമിലെടുക്കുന്നതെങ്കിൽ നായകൻ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ കൊഹ്‌ലി സ്ഥിരം സ്ഥാനമായ മൂന്നാമതേക്ക് മാറും. ഇത് ഫൈനലിൽ ഗുണംചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |