SignIn
Kerala Kaumudi Online
Thursday, 18 July 2024 6.28 AM IST

ആശ്വാസമേകുന്ന തീരുമാനം

medicine

ആരോഗ്യ പരിപാലനരംഗത്തെ പ്രതിസന്ധികൾക്കും പരാതികൾക്കുമിടെ, കാൻസർ ചികിത്സയ്‌ക്കുള്ളതും , അവയവ മാറ്റിവയ്‌ക്കലിനു ശേഷം ഉപയോഗിക്കേണ്ടതുമായ മരുന്നുകൾ ലാഭരഹിതമായി കാരുണ്യാ ഫാർമസികൾ വഴി നൽകാനുള്ള സർക്കാർ തീരുമാനം എല്ലാ അർത്ഥത്തിലും പ്രതീക്ഷാനിർഭരവും പ്രോത്സാഹജനകവുമാണ്. കാൻസർ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകളും അവയവം മാറ്റിവയ‌്‌ക്കലിനുശേഷം ഉപയോഗിക്കുന്ന മരുന്നുകളുമടക്കം 800 ഓളം മരുന്നുകൾ ലാഭമെടുക്കാതെ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വർദ്ധിച്ചുവരുന്ന കാൻസർ രോഗം മൂലം ക്ളേശിക്കുന്ന പതിനായിരക്കണക്കിനാളുകൾക്ക് ജീവിതത്തിൽ പുതിയ പ്രത്യാശകൾ നൽകാൻ ഉതകുന്നതാണ് ഈ നടപടി.

കാൻസർ രോഗം കേരളത്തിൽ വ്യാപകമായിട്ടുണ്ട്. തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിൽ മാത്രം ഓരോ വർഷവും 15000 മുതൽ 16000 വരെ പുതിയ കാൻസർ രോഗികൾ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

നമ്മുടെ മാറിയ ഭക്ഷണക്രമങ്ങളും ജീവിതശൈലിയും കാൻസർ വരാൻ ഇടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം തലച്ചോറിൽ അർബുദം ബാധിക്കുന്നവർ മാത്രം പ്രതിവർഷം 33000 പേർ വരും. സ‌്‌തനാർബുദം, ശ്വാസകോശാർബുദം, ഗർഭാശയ കാൻസർ, പാൻക്രിയാസിലെ അർബുദം എന്നിങ്ങനെ ശരീരത്തിലെ ഏതവയവത്തെയും കാൻസർ പിടികൂടുന്നതായാണ് കാണുന്നത്. അങ്ങനെ വരുമ്പോൾ ദശലക്ഷക്കണക്കിനു മനുഷ്യരാണ് ഓരോ വർഷവും ലോകത്ത് ഈ മാരക രോഗത്തിന്റെ പിടിയിൽ അകപ്പെടുന്നത്. ഏതു തരം കാൻസർ ആണെങ്കിലും ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്. രോഗം ഭേദമായാലും ഇല്ലെങ്കിലും ചികിത്സിക്കാതിരിക്കാൻ കഴിയാത്ത ധർമ്മസങ്കടത്തിലാകും ബന്ധുക്കൾ. ചികിത്സയ്ക്കായി കിടപ്പാടം വിൽക്കേണ്ടിവരുന്ന സ്ഥിതിയും പലരുടെയും കാര്യത്തിൽ കണ്ടുവരുന്നുണ്ട്.

ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാകട്ടെ വിലയീടാക്കുന്നതിൽ കണ്ണിൽ ചോരയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. മസ്‌തിഷ്‌കാർബുദ ചികിത്‌സയ്ക്കു നൽകുന്ന ഒരു ഗുളിക പത്തെണ്ണം കാരുണ്യ ഫാർമസിയിൽ നിന്ന് 500 രൂപയ്‌ക്കു ലഭിക്കുമ്പോൾ സ്വകാര്യ ഫാർമസിയിൽ നിന്ന് വാങ്ങാൻ 2000 രൂപ വേണം. നാലിരട്ടി തുക. ആയിരം രൂപ വിലയുള്ള കുത്തിവയ്‌പിനും മറ്റും സ്വകാര്യ ഫാർമസികളിൽ പതിനായിരങ്ങളാണ് നൽകേണ്ടിവരുന്നത്. ഇങ്ങനെ ഭാരിച്ച പണം നൽകി ചികിത്സ തേടാൻ കഴിയാതെ ജീവിതം വഴിമുട്ടിയവർക്ക് പുതിയ വെളിച്ചമായിട്ടാണ് സർക്കാരിന്റെ പ്രഖ്യാപനം വന്നിട്ടുള്ളത്.

അവയവ മാറ്റിവയ്‌ക്കലിനുശേഷവും പതിവായി മരുന്നു കഴിക്കേണ്ടതുണ്ട്. ആജീവനാന്തം തന്നെ ഇത് ആവശ്യവുമാണ്. അത്തരക്കാർ ഉപയോഗിക്കുന്ന മരുന്നുകൾക്കും ഇതേ ആനുകൂല്യം നൽകുമെന്നതും അഭിനന്ദനാർഹമാണ്.

ചികിത്സാ പരിപാലനത്തിലെ വിടവുകൾ ഇല്ലാതാക്കുക എന്നതായിരുന്നു ഇത്തവണത്തെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം. ലാഭേച്ഛയില്ലാതെ മരുന്നുകൾ വിതരണം ചെയ്യാനുള്ള സർക്കാർ നടപടി വേദനിക്കുകയും കണ്ണീർവാർക്കുകയും ചെയ്യുന്ന മനുഷ്യരെ ചേർത്തുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാണാം. ഇതിന് മുൻകൈയെടുത്ത സർക്കാരിനും പ്രത്യേകിച്ച് ആരോഗ്യവകുപ്പുമന്ത്രി വീണാജോർജിനും അഭിനന്ദനങ്ങൾ.

നിപ്പയും കൊവിഡും വന്നു മടങ്ങിയശേഷം പുതിയതും പഴയതുമായ ഓരോ രോഗങ്ങൾ സംസ്ഥാനത്ത്ഭീഷണി ഉയർത്തുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് അമീബിക് മസ്‌തിഷ്‌ക്ക ജ്വരം. ഈ രോഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും ജാഗ്രത പാലിക്കാനും ജനങ്ങളെ ബോധവത്‌ക്കരിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.