അടൂർ: മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതിയുടെ ഉലക്ക കൊണ്ടുള്ള അടിയേറ്റ് സഹോദരൻ മരിച്ചു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാർ (61) ആണ് മരിച്ചത്. സഹോദരൻ മോഹനൻ ഉണ്ണിത്താൻ (68)നെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് 5.30 ന് കുടുംബവീട്ടിലായിരുന്നു സംഭവം. പൊലീസ് പറയുന്നത് - 2005 ൽ മാതാവ് കമലാക്ഷി അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മോഹനൻ ഉണ്ണിത്താനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ 13 നാണ് പരോളിൽ ഇറങ്ങിയത്. ജയിലിൽ നിന്ന് സതീഷ് കുമാറാണ് ഇയാളെ വീട്ടിലെത്തിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പുറത്തുപോയ ശേഷം മദ്യപിച്ചാണ് മോഹനൻ ഉണ്ണിത്താൻ വീട്ടിലെത്തിയത്. മദ്യപിച്ച് വീട്ടിൽ വരരുതെന്ന് സതീഷ് കുമാർ പറഞ്ഞതോടെ തർക്കമുണ്ടായി. ഇതിനിടെ വീട്ടിലെ ഉലക്ക കൊണ്ട് സതീഷ് കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട മോഹനൻ ഉണ്ണിത്താനെ പിന്നീടാണ് പൊലീസ് പിടികൂടിയത്. ഇരുവരും അവിവാഹിതരാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |