SignIn
Kerala Kaumudi Online
Sunday, 21 July 2024 4.35 AM IST

പ്ലസ് വൺ പ്രവേശനം എല്ലാവർക്കും സീറ്റ് ഉറപ്പാക്കും 

plus-one-seat

സ്‌കൂളിന്റെ ഭാഗമായി പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ ഉൾക്കൊള്ളുന്ന ഹയർ സെക്കൻഡറി സംവിധാനം കേരളത്തിൽ രൂപപ്പെട്ടുവന്നതിന് ഒട്ടേറെ ചരിത്രപശ്ചാത്തലമുണ്ട്. 1966-ലെ കോത്താരി കമ്മിഷൻ റിപ്പോർട്ടിനെ ​ തുടർന്ന് 1968-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസമെന്നത് പന്ത്രണ്ടാം ക്ലാസു വരെയായി. കേന്ദ്രീയ വിദ്യാലയങ്ങളിലും ചില സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിയെങ്കിലും കേരളത്തിൽ സ്‌കൂൾ വിദ്യാഭ്യാസം പത്തുവരെ എന്ന നില തുടർന്നു. എൺപതുകളുടെ മദ്ധ്യത്തിൽ പുനരാലോചനകൾ നടന്നു. അന്നത്തെ യു.ഡി.എഫ് സർക്കാർ നിർദ്ദേശിച്ചത് പ്രീഡിഗ്രി ബോർഡാണ്. കേരളീയ സമൂഹം ആ നിർദ്ദേശം തള്ളിക്കളഞ്ഞു.

സ്‌കൂൾ വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസുവരെ എന്ന ആശയം കേരളത്തിൽ പ്രാവർത്തികമാക്കിയത് 1990- ൽ എൽ.ഡി.എഫ് സർക്കാരാണ്. വിദ്യാഭ്യാസ ജില്ലയിൽ ഒന്നു വീതം 31 സർക്കാർ സ്‌കൂളുകൾ ഹയർസെക്കൻഡറി തലത്തിലേക്ക് ഉയർത്തിയായിരുന്നു തുടക്കം. അക്കാലത്ത് ഒരു ക്ലാസിൽ അറുപത് കുട്ടികളെയാണ് അനുവദിച്ചത്. അതേ സർക്കാർ തന്നെ 1991 ഫെബ്രുവരിയിൽ കൂടുതൽ സ്‌കൂളുകളിലേക്ക് ഹയർ സെക്കൻഡറി കോഴ്സ് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. 1991- 92 വിദ്യാഭ്യാസ വർഷം പ്രസ്തുത കോഴ്സ് ആരംഭിച്ചു എന്നതൊഴികെ തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ ആ സംവിധാനത്തെ ശക്തിപ്പെടുത്താൻ കാര്യമായൊന്നും ചെയ്തില്ല. പ്രീഡിഗ്രി ബോർഡ് തന്നെയായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ മനസിൽ.

അന്ന് 5000

സീറ്റ് മാത്രം

വീണ്ടും അധികാരത്തിൽ വന്ന ഇടതു സർക്കാരാണ് 1996- ൽ കോളേജുകളിൽ നിന്ന് പ്രീഡിഗ്രി പൂർണമായി വേർപെടുത്തി സ്‌കൂളുകളുടെ ഭാഗമാക്കിയതും,​ കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചതും. 1990- 91- ൽ 5,160 സീറ്റുകൾ മാത്രമാണ് ഹയർ സെക്കൻഡറി പഠനത്തിന് ഉണ്ടായിരുന്നത്. അതാണ് പിന്നീട് 2,076 വിദ്യാലയങ്ങളിലേക്കു വ്യാപിച്ചതും,​ നാലേകാൽ ലക്ഷത്തിലധികം കുട്ടികൾക്ക് വീട്ടിൽ നിന്ന് അധികം ദൂരെയല്ലാതെ പോയി പഠിക്കാനുള്ള അവസരമുണ്ടാകാൻ കാരണമായതും.

പത്താം ക്ലാസ് കഴിഞ്ഞാൽ ഹയർസെക്കൻഡറി കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി, ഐ.ടി.ഐ, പോളിടെക്നിക് എന്നിവിടങ്ങളിലും കുട്ടികൾക്ക് പഠനം തുടരാം. ഹയർ സെക്കൻഡറി പ്രവേശനം,​ അത് ആരംഭിച്ച കാലം മുതൽ പ്രശ്നസങ്കീർണമാണ്. ഉയർന്ന മെറിറ്റ് കിട്ടുന്ന കുട്ടികൾക്കു പോലും ആഗ്രഹിച്ച സ്‌കൂളിൽ,​ ആഗ്രഹിച്ച കോഴ്സിന് പ്രവേശനം കിട്ടാത്തതാണ് രക്ഷിതാക്കൾക്കും സമൂഹത്തിനും ഉൾക്കൊള്ളാൻ പറ്റാത്ത കാര്യം. കോളേജുകളിലെ പ്രീഡിഗ്രി കാലത്ത്,​ ഇഷ്ടമുള്ള കോളേജിൽ ഇഷ്ട ഗ്രൂപ്പിന് സീറ്റ് കിട്ടിയിരുന്നില്ലെന്നത് അധികം പേരെ അലട്ടിയിരുന്നില്ല. പ്രീഡിഗ്രി പഠനസൗകര്യം ഹയർസെക്കൻഡറിയാവുകയും,​ സ്കൂളുകളിൽ വീടിനടുത്ത് ലഭ്യമാവുകയും ചെയ്തത് സൗകര്യമായെങ്കിലും പത്താം ക്ലാസിന്റെ നേർത്തുടർച്ചയല്ല അക്കാഡമികമായി പതിനൊന്നും പന്ത്രണ്ടും എന്നത് പലരും ഉൾക്കൊള്ളാത്തതാണ് പ്രധാന പ്രശ്നം.

വിഷയങ്ങളുടെ

കോംബിനേഷൻ

പത്താം ക്ലാസ് വരെ എല്ലാ കുട്ടികളും മുഴുവൻ വിഷയങ്ങളും പഠിക്കണം. എന്നാൽ 11, 12 ക്ലാസുകൾ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായ വിഷയപഠനത്തിനായുള്ള സജ്ജമാകൽ ഘട്ടം കൂടിയായതിനാൽ അവിടെ എല്ലാ വിഷയങ്ങളും എല്ലാ കുട്ടികളും പഠിക്കേണ്ടതില്ല. പകരം വിഷയങ്ങളുടെ കോംബിനേഷനുകളാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ഒരു സെലക്ഷൻ പ്രക്രിയ അനിവാര്യമായി വരുന്നു. ഒരു നിശ്ചിത വിഷയ കോംബിനേഷൻ സീറ്റുകൾ പരിമിതമാവുകയും,​ അപേക്ഷകർ കൂടുകയും ചെയ്താൽ മുൻകൂട്ടി പ്രഖ്യാപിച്ച പ്രോസ്‌പെക്ടസിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ കോഴ്സുകൾ ലഭ്യമാകൂ. അപ്പോൾ,​ ഉയർന്ന സ്‌കോർ ഉണ്ടായാലും ഇഷ്ടമുള്ള സ്‌കൂളിൽ ഇഷ്ടമുള്ള ബാച്ചിൽ അഡ്മിഷൻ കിട്ടണമെന്നില്ല. ഇക്കാര്യം രക്ഷിതാക്കൾ ഉൾക്കൊള്ളേണ്ടതുണ്ട്.

2006-ലെ ഇടതു സർക്കാരാണ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് സുതാര്യവും കാര്യക്ഷമവുമായും,​ സാമൂഹ്യനീതി ഉറപ്പുവരുത്തിയും പ്രവേശനം നടത്തി,​ ഏകജാലക പ്രവേശന സംവിധാനം ഏർപ്പെടുത്തിയത്. പ്ലസ് വൺ പ്രവേശനത്തിൽ വ്യാപകമായി നടന്ന ക്രമക്കേടുകളും അവയെക്കുറിച്ചുണ്ടായ പരാതികളുമാണ് ഈ സംവിധാനം ഏർപ്പെടുത്തുവാൻ അന്നത്തെ സർക്കാരിനെ പ്രേരിപ്പിച്ചത്.

'സ്‌കോൾ കേരള"

പഠനം കുറഞ്ഞു

കേരളത്തിൽ പത്താം ക്ലാസ് കഴിയുന്ന മുഴുവൻ കുട്ടികൾക്കും ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർസെക്കൻഡറി , ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്നിക് എന്നിവിടങ്ങളിലെല്ലാം സീറ്റുണ്ട് . എന്നാൽ മലപ്പുറം തുടങ്ങി ചില ജില്ലകളിൽ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അവ പരിഹരിക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ 'സ്‌കോൾ കേരള" വഴി പഠിച്ചിരുന്നത്ര കുട്ടികൾ അതുവഴി ഇപ്പോൾ പഠിക്കുന്നില്ല. സ്‌കൂളുകളിൽ തന്നെ തുടർപഠനം നടത്താനാണ് അവരുടെ താത്പര്യം. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഇടതു സർക്കാരുകൾ നടത്തുന്ന ശ്രമങ്ങൾ സാമൂഹികമായി നല്ല അനുരണനങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.

2016- ൽ 'സ്‌കോൾ കേരള" വഴി പ്രൈവറ്റ് രജിസ്‌ട്രേഷൻ 78,293 ആയിരുന്നെങ്കിൽ,​ കഴിഞ്ഞ വർഷം ഇത് 27,335 ആയി കുറഞ്ഞു. 50,000- കുട്ടികൾ സ്‌കൂളിൽ നേരിട്ടു പഠിക്കാനെത്തിയെന്ന് അർത്ഥം. ഇതെല്ലാം ഹയർസെക്കൻഡറി പ്രവേശത്തിനായുള്ള സമ്മർദ്ദത്തിൽ പ്രതിഫലിക്കുന്നു. അതുകൊണ്ടാണ് കുട്ടികൾ കുറഞ്ഞ ബാച്ചുകൾ മാറ്റി നൽകുന്നതും താത്കാലിക ബാച്ചുകൾ അനുവദിക്കുന്നതും. അതേസമയം,​ പ്ളസ് വൺ ക്ളാസുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരേണ്ടതുണ്ട്. അടുത്ത പരിശ്രമം അതിനായാണ്.

അടുത്ത വർഷം

ശ്രദ്ധിക്കേണ്ടത്

ഒരു പ്രധാന കാര്യം അടുത്ത വർഷത്തെ പ്രവേശന കാലത്ത് കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര മികച്ച മെറിറ്റുണ്ടെങ്കിലും മുൻഗണനാ ക്രമത്തിൽ കൂടുതൽ സ്‌കൂളുകളിൽ അപേക്ഷിക്കണം. അങ്ങനെ കൂടുതൽ സ്‌കൂളിൽ അപേക്ഷിക്കാത്തതു കാരണം ഒന്നാംഘട്ടത്തിൽ പ്രവേശനം കിട്ടാത്ത ഒരുപാട് കുട്ടികളുണ്ട്. ഏകജാലക സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി,​ തുടർപഠനത്തിന് എല്ലാ കുട്ടികൾക്കെല്ലാം സൗകര്യം ഉറപ്പാക്കുക തന്നെയാണ് സർക്കാർ നയം. നിലവിലെ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യമെങ്കിൽ അതിന് സർക്കാരിനു മടിയില്ല. എന്നാൽ,​ ഇക്കാര്യങ്ങൾ പൊതുസമൂഹം ചർച്ച ചെയ്യുകയും ഏതൊക്കെ മാറ്റങ്ങൾ ഉൾച്ചേർക്കണമെന്നതു സംബന്ധിച്ച് ധാരണയിലെത്തുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.