ക്രിക്കറ്റ് ഇന്ത്യയിൽ വെറുമൊരു കളിയല്ല; ജനകോടികൾ ഹൃദയത്തിലേറ്റിയ കായിക വിനോദമാണ്. ലോക കായിക വേദികളിൽ ഇന്ത്യയ്ക്ക് അഭിമാനം പകർന്ന ക്രിക്കറ്റിൽ ഒരിക്കൽക്കൂടി ഇന്ത്യ ലോക ചാമ്പ്യന്മാരായിരിക്കുന്നു. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ഒമ്പതാമത് ട്വന്റി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ കിരീടമുയർത്തിയത്. എല്ലാ ഫോർമാറ്റിലുമായി ഇന്ത്യയുടെ നാലാം ലോകകപ്പാണിത്. ട്വന്റി -20 ഫോർമാറ്റിൽ രണ്ടാമത്തേതും. 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വന്റി-20 ലോകകപ്പിനു ശേഷം ആദ്യമായാണ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളാകുന്നത്. അതിലേറെ പ്രധാനം 2013-നു ശേഷം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നടത്തിയ ഒരു ടൂർണമെന്റിൽ ചാമ്പ്യന്മാരാകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നതാണ്. 1983-ൽ അന്നത്തെ മുടിചൂടാമന്നന്മാരായിരുന്ന വെസ്റ്റ് ഇൻഡീസിനെ ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ നടന്ന ഫൈനലിൽ കീഴടക്കി 'കപിൽദേവിന്റെ ചെകുത്താന്മാർ" കൊണ്ടുവന്ന ലോകകപ്പാണ് ഇന്ത്യയിൽ ക്രിക്കറ്റിന്റെ ജനകീയതയ്‌ക്ക് അടിത്തറയിട്ടത്.
പിന്നീട് 1987-ലും 1996-ലും ലോകകപ്പിനു വേദിയായത് ഇന്ത്യയിൽ ഈ കളിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി. ടെസ്റ്റും ഏകദിനവും കഴിഞ്ഞ് ക്രിക്കറ്റ് ട്വന്റി-20യിലേക്കു വളർന്നപ്പോൾ അത് ആദ്യം ഏറ്റെടുത്തതും ഇന്ത്യക്കാരാണ്. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പിന്റെ വിജയം ഐ.പി.എൽ എന്ന വൻവിജയമായി മാറിയ ക്രിക്കറ്റ് ലീഗിന്റെ വരവിനും വഴിതെളിച്ചു. 2011-ൽ ഏകദിന ഫോർമാറ്റിൽ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ ഇന്ത്യ ലോകകപ്പുയർത്തിയപ്പോൾ അത് ക്രിക്കറ്റിന് ഇന്ത്യ സമ്മാനിച്ച ഏറ്റവും മികച്ച താരമായ സച്ചിൻ ടെൻഡുൽക്കർക്ക് സ്വപ്നസാഫല്യം കൂടിയായി. ആ ലോകകപ്പിനു ശേഷം 2013-ൽ ചാമ്പ്യൻസ് ട്രോഫി നേടിയതൊഴിച്ചാൽ ഐ.സി.സി ടൂർണമെന്റുകളിൽ കിരീടമെന്നത് ഇന്ത്യയ്ക്ക് അന്യമായി മാറിയിരുന്നു. ഇതിനിടയിൽ ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാംറാങ്കിലെത്തുകയും പല ടൂർണമെന്റുകളുടെയും സെമിയിലോ ഫൈനലിലോ വീണുപോവുകയും ചെയ്തിരുന്നു. രവി ശാസ്ത്രിയും അനിൽ കുംബ്ളെയും രാഹുൽ ദ്രാവിഡും വരെയുള്ള പേരുകേട്ട മുൻതാരങ്ങൾ പരിശീലകരായി എത്തിയെങ്കിലും ബാർബഡോസിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കുംവരെ ഇന്ത്യ ഐ.സി.സി കിരീടങ്ങൾക്കകലെയായിരുന്നു.
ഏഴുമാസം മുമ്പ് ഇന്ത്യൻ മണ്ണിൽ നടന്ന ഏകദിന ലോകകപ്പിൽ എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ രോഹിത് ശർമ്മയും സംഘവും കലാശക്കളിയിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ വീണുപോയിരുന്നു. അതുൾപ്പെടെയുള്ള സമീപകാലത്തെ തിരിച്ചടികൾക്ക് മറുപടി നൽകിയാണ് കരീബിയനിലെ ഇന്ത്യയുടെ കിരീടനേട്ടം. ഒറ്റക്കളിപോലും തോൽക്കാതെ ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീമാണ് ഇന്ത്യ. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ ആറു റൺസിനും, തുടർന്ന് അമേരിക്കയെ ഏഴുവിക്കറ്റിനും തോൽപ്പിച്ച് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിലേക്കു കടന്നത്. കാനഡയ്ക്കെതിരായ കളി മഴയെടുത്തിരുന്നു. സൂപ്പർ എട്ടിൽ ബംഗ്ളാദേശിനെയും അഫ്ഗാനിസ്ഥാനെയും നിസാരമായി മറികടന്നു. അവസാന മത്സരത്തിൽ ഏകദിന ലോകകപ്പിലെ ഫൈനൽ തോൽവിക്ക് ഓസ്ട്രലിയയോടു പകരം ചോദിച്ചാണ് ഇന്ത്യ ഒന്നാം ഗ്രൂപ്പിലെ ഒന്നാമന്മാരായി സെമിയിലെത്തിയത്. സെമിയിൽ കണക്കുതീർത്തത് ഇംഗ്ളണ്ടിനോടാണ്; 2022ലെ ട്വന്റി-20 ലോകകപ്പ് സെമിയിലെ 10 വിക്കറ്റ് തോൽവിക്ക്.
ലോകകപ്പ് ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനൽ. പലകുറി കൈവിട്ടുപോയി എന്നു കരുതിയ മത്സരമാണ് ഇന്ത്യൻ താരങ്ങൾ തിരിച്ചുപിടിച്ചത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങി 34 റൺസ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ കൈമോശം വന്നപ്പോൾ രക്ഷകരായി അവതരിച്ച വിരാട് കൊഹ്‌ലിയും (76 റൺസ്) അക്ഷർ പട്ടേലും( 47) ശുഭം ദുബെയും (27) ചേർന്ന് 176/7 എന്ന സ്കോറിലെത്തിച്ചതാണ് ഇന്ത്യയ്ക്ക് കരുത്തായത്. അതുവരെയുള്ള മോശം ഫോമിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന വിരാടും ദുബെയും നടത്തിയത് സാഹചര്യത്തിന് ഏറ്റവും ഉചിതമായ ബാറ്റിംഗായിരുന്നു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഘട്ടത്തിൽ ജയിക്കാൻ 24 പന്തുകളിൽ 26 റൺസ് മതിയായിരിക്കേ മിന്നുന്ന ഫോമിലായിരുന്ന ഹെൻറിച്ച് ക്ളാസനെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ആരാധകർക്ക് ജീവൻ തിരിച്ചുനൽകിയത്. തുടർന്ന് ജസ്‌പ്രീത് ബുംറയും അർഷ്ദീപ് സിംഗും എറിഞ്ഞ രണ്ടോവറുകൾ ഡെത്ത് ഓവറുകളിൽ എങ്ങനെ കളി നിയന്ത്രിക്കണമെന്നതിന്റെ ഉദാഹരണമായിരുന്നു. എന്നിട്ടും ഇന്ത്യയ്ക്ക് വിജയം ഉറപ്പായിരുന്നില്ല,
പാണ്ഡ്യയുടെ അവസാന ഓവറിന്റെ ആദ്യ പന്തിൽ ഡേവിഡ് മില്ലർ എന്ന അതികായനെ ബൗണ്ടറി ലൈൻ ചാടിക്കടന്ന് തിരിച്ചെത്തി ക്യാച്ചെടുത്ത് സൂര്യകുമാർ പുറത്താക്കിയപ്പോഴാണ് നമ്മൾ ജയിക്കുമെന്ന് ഉറപ്പായത്.
15 അംഗ ടീമിലെ ഓരോരുത്തരും ഈ വിജയത്തിൽ പങ്കാളികളാണെങ്കിലും ചിലരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഏറ്റവും പ്രധാനം ജസ്‌പ്രീത് ബുംറ എന്ന പേസറുടേതുതന്നെ. എട്ടുമത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് നേടിയ ബുംറ ടൂർണമെന്റിൽ ആകെ എറിഞ്ഞ 29.4 ഓവറിൽ വഴങ്ങിയത് 124 റൺസ് മാത്രമാണ്. അഫ്ഗാനിസ്ഥാനെതിരെ ഏഴുറൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അർഹനായതും ബുംറയാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവുകാട്ടിയ അക്ഷർ പട്ടേലും ഹാർദിക് പാണ്ഡ്യയും ഫൈനൽ ഉൾപ്പടെ പല വിജയങ്ങളിലും നിർണായക സാന്നിദ്ധ്യമായി. റിഷഭ് പന്ത്, സൂര്യകുമാർ യാദവ്,രോഹിത്, വിരാട് എന്നിവരുടെ ഇന്നിംഗ്സുകൾ വേണ്ട സമയങ്ങളിൽ ടീമിന് പ്രയോജനപ്പെട്ടു.
ഏകദിന ഫൈനലിൽ തോറ്റതിനു പിന്നാലെ ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന്റെ നായകപദവി നഷ്ടമായ രോഹിതിനും ടൂർണമെന്റിന്റെ തുടക്കത്തിൽ ഫോമിലല്ലാതിരുന്നതിന്റെ പേരിൽ വിമർശനങ്ങൾ കേട്ട വിരാടിനും ഐ.പി.എല്ലിൽ നായകനായതിന്റെ പേരിൽ കാണികളുടെ കൂവൽ ഏറ്റുവാങ്ങേണ്ടിവന്ന ഹാർദിക്കിനും ഈ കിരീടനേട്ടം വലിയ ആശ്വാസമാണ് പകർന്നത്. 2007-ൽ നായകനായി ഇതേ വിൻഡീസിൽ ഏകദിന ലോകകപ്പിൽ ആദ്യറൗണ്ടിൽ തോറ്റുമടങ്ങേണ്ടിവന്ന രാഹുൽ ദ്രാവിഡിനും ഇത് മധുരപ്രതികാരത്തിന്റെ നിമിഷമാണ്. രോഹിതും വിരാടും രവീന്ദ്ര ജഡേജയും കിരീടനേട്ടത്തോടെ ട്വന്റി-20 കരിയർ അവസാനിപ്പിക്കുകയാണ്. ദ്രാവിഡ് ഇന്ത്യൻ കോച്ച് സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു. ഏകദിന ലോകകപ്പിനു ശേഷം കോച്ച് സ്ഥാനം ഉപേക്ഷിക്കാൻ ദ്രാവിഡ് തയ്യാറായിരുന്നു. എന്നാൽ ഈ ലോകകപ്പ് വരെ ബി.സി.സി.ഐ നിർബന്ധപൂർവം കരാർ നീട്ടിനൽകി. വീരോചിതമായിത്തന്നെ വിടവാങ്ങാൻ കാലം കാത്തുവച്ച കാവ്യനീതിയായി അതു മാറി. ഒരു മലയാളി ടീമിലുണ്ടെങ്കിൽ ഇന്ത്യ ലോകകപ്പിൽ കിരീടം നേടുമെന്നത് തമാശയല്ലെന്ന് സഞ്ജു സാംസണിലൂടെ വീണ്ടും തെളിഞ്ഞിരിക്കുന്നു. ഒരു സന്നാഹ മത്സരത്തിലൊഴികെ കളത്തിലിറങ്ങാൻ സഞ്ജുവിന് അവസരം ലഭിച്ചില്ലെങ്കിലും ചാമ്പ്യൻ ടീമിൽ അംഗമായ അനുഭവം സഞ്ജുവിന് ഇനിയുള്ള കരിയറിൽ മുതൽക്കൂട്ടാകും.
വിൻഡീസിൽ വിജയമൊരുക്കിയ ഏവർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |