തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് എട്ട്, ഒമ്പത് തീയതികളിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അടച്ച് സമരം ചെയ്യും. ജൂൺ 19ന് സി.ഐ.ടി.യു ഉൾപ്പെട്ടെ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയുടെ സമരം പ്രഖ്യാപിച്ചപ്പോൾ എ.ഐ.ടി.യു.സി വിട്ടു നിന്നിരുന്നു. കടയടച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്താനാണ് സംയുക്ത റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനം. എട്ടിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനുവും ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാറും അറിയിച്ചു.
4 നാൾ റേഷൻ ഇല്ല
തിരുവനന്തപുരം: ഈ മാസം 6 മുതൽ 9 വരെ തുടർച്ചയായ ദിവസങ്ങളിൽ റേഷൻ കടകൾ അടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തൽ പ്രമാണിച്ച് 6ന്കടകൾ തുറക്കില്ല. 7ന് ഞായർ. 8നും 9നും റേഷൻ വ്യാപാരി സംഘനകൾ എല്ലാം സമരത്തിലായതിനാൽ കടകൾ അടച്ചിടും.
ജൂണിലെ റേഷൻ 5 വരെ വാങ്ങാം
തിരുവനന്തപുരം: ജൂണിലെ റേഷൻ വിതരണം ജൂലായ് 5 വരെ നീട്ടി.സ്റ്റോക്ക് തിട്ടപ്പെടുത്തൽ 6നായിരിക്കും. ജൂലായിലെ റേഷൻ വിതരണം 8 മുതൽ ആരംഭിക്കും.
സെർച്ച്കമ്മിറ്റി രൂപീകരണം:
ഗവർണർ അധികാരപരിധി
മറികടന്നെന്ന് സർക്കാർ
കൊച്ചി: ആറ് സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ സർവകലാശാലാ പ്രതിനിധിയില്ലാതെ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് അധികാര പരിധി മറികടന്നുള്ള നടപടിയാണെന്ന് സർക്കാർ ഹൈക്കോടതിൽ വാദിച്ചു.
സെർച്ച് കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയെ നിയോഗിക്കാത്തതിനെ ചോദ്യം ചെയ്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോ. മേരി ജോർജ് ഫയൽ ചെയ്ത ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഇതിനിറക്കിയ വിജ്ഞാപനങ്ങളെ സർക്കാർ ചാേദ്യം ചെയ്യുമെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ബോധിപ്പിച്ചു. ചോദ്യം ചെയ്ത് ഹർജി വരുന്ന സന്ദർഭത്തിൽ മറുപടി നൽകാമെന്നും ഇപ്പോൾ തുടർ നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും ഗവർണർക്കായി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ പി. ശ്രീകുമാർ ബോധിപ്പിച്ചു. അഞ്ച് സർവകലാശാലയിൽ കൂടി വി.സി.യെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിക്ക് രൂപം നൽകുമെന്നും അറിയിച്ചു.
ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി 17ന് പരിഗണിക്കാൻ മാറ്റി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞദിവസമാണ് കേരള, എം.ജി, മലയാളം, കാർഷിക, ഫിഷറീസ്, സാങ്കേതിക സർവകലാശാലകളിൽ സെർച്ച് കമ്മിറ്റികൾക്ക് രൂപം നൽകിയത്. പിന്നാലെയാണ് ഹർജിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |